ദെപ്സാങ് സംഘർഷാവസ്ഥ: മേജർ ജനറൽതലത്തിൽ കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി: ഇന്ത്യ-ചൈന യഥാർഥ നിയന്ത്രണ രേഖയിലെ ദെപ്സാങ് സമതലത്തിലെ ചൈനീസ് കൈയേറ്റത്തെ തുടർന്നുള്ള സംഘർഷാവസ്ഥ പരിഹരിക്കുന്നതിനായി മേജർ ജനറൽതലത്തിൽ കൂടിക്കാഴ്ച നടത്തി. ദൗലത് ബേഗ് ഓൾഡി-ടിയാൻവെൻഡിയൻ മീറ്റിങ് പോയിന്‍റിൽവെച്ച് നടന്ന കൂടിക്കാഴ്ച ശനിയാഴ്ച വൈകീട്ട് 7.30ഓടെയാണ് പൂർത്തിയായത്.

മേജർ ജനറൽ അഭിജിത് ബാപത് ആണ് ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തത്. മേഖലയിൽ അതിർത്തിക്ക് ഇരുവശത്തുമായി തുടരുന്ന സൈനിക വിന്യാസം കുറച്ചുകൊണ്ടുവരിക, ഇന്ത്യക്ക് പട്രോളിങ് നടത്താനുള്ള അവകാശം പുനസ്ഥാപിക്കുക എന്നീ ആവശ്യങ്ങളാണ് ചർച്ചയിൽ ഉന്നയിച്ചത്.

ദെപ്സാങ്ങിലെ സാഹചര്യങ്ങൾ മാത്രമാണ് ചർച്ചചെയ്തതെന്നും മറ്റ് വിഷയങ്ങളൊന്നും കടന്നുവന്നില്ലെന്നും സൈനിക വൃത്തങ്ങൾ സൂചിപ്പിച്ചതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ദെപ്സാങ് സമതലത്തിലെ അതിർത്തിയെ ഇരുരാജ്യങ്ങളും ബഹുമാനിച്ചുകൊണ്ട് മുന്നോട്ടുപോകാനുള്ള മാർഗങ്ങളാണ് പ്രധാനമായും ചർച്ചയായത്.

ദെപ്സാങ്ങിൽ ഇന്ത്യ കണക്കാക്കുന്ന നിയന്ത്രണ രേഖയും ചൈന കണക്കാക്കുന്ന നിയന്ത്രണ രേഖയും തമ്മിൽ 23 കിലോമീറ്ററിന്‍റെ വ്യത്യാസമുണ്ട്. ഇത് നിരവധി തവണ മേഖലയിലേക്ക് ചൈനയുടെ കടന്നുകയറ്റത്തിന് കാരണമായിട്ടുണ്ട്. 2017ൽ 75 തവണയും 2018ൽ 83 തവണയും 2019ൽ 157 തവണയും ചൈന അതിക്രമിച്ചു കടക്കാൻ ശ്രമിച്ചതായി ഇന്ത്യ ആരോപിക്കുന്നു.

തങ്ങളുടേതെന്ന് കരുതുന്ന അതിർത്തിമേഖലയിൽ ഇരുരാജ്യവും പട്രോളിങ് നടത്താറുണ്ടായിരുന്നു. എന്നാൽ, മൂന്നുമാസമായി സംഘർഷ സാഹചര്യത്തിൽ പട്രോളിങ് നിലച്ചിരിക്കുകയാണ്. ഇക്കാര്യം കൂടിക്കാഴ്ചയിൽ പ്രധാന ചർച്ചയായി.

ലഡാക്കിലെ സൈനിക വിന്യാസത്തിൽ ഏറെ തന്ത്രപ്രധാനമായ മേഖലയാണ് ദെപ്സാങ് സമതലം. അതുകൊണ്ട് തന്നെ ഇവിടെ സൈനികസാന്നിധ്യം കുറക്കുകയെന്നത് ഇരുരാജ്യങ്ങൾക്കും വെല്ലുവിളിയാണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.