‘ഹിന്ദു ഭീകരവാദി’ എന്ന പരാമർശം കലാപശ്രമമായി കാണാനാവില്ല; ഡി.എം.കെ നേതാവിനെതിരായ കേസ് റദ്ദാക്കി മദ്രാസ് ഹൈകോടതി

ചെന്നൈ: 'ഹിന്ദു ഭീകരവാദം' എന്ന വാക്ക് പ്രയോഗിക്കുന്നത് ജനങ്ങൾക്കിടയിൽ ശത്രുതയുണ്ടാക്കാനോ കലാപത്തിന് പ്രകോപനം സൃഷ്ടിക്കാനോ ഉള്ള കുറ്റമായി കാണാനാകില്ലെന്ന് മദ്രാസ് ഹൈകോടതി. ഏകീകൃത സിവിൽ കോഡിനെതിരെ നടന്ന പ്രതിഷേധത്തിനിടെ 'ഹിന്ദു ഭീകരവാദികളെ' ചെറുത്തുതോൽപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത അഭിഭാഷകനും ഡി.എം.കെ നേതാവ് എസ്. കുമാരദേവനെതിരായ കേസ് റദ്ദാക്കിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം.

'ഹിന്ദു ഭീകരവാദം' എന്നത് ഉചിതമല്ലാത്ത പ്രയോഗമാണെങ്കിലും, ആ വാക്ക് ഉപയോഗിച്ചു എന്നതുകൊണ്ടുമാത്രം ഐ.പി.സി 153, 153(1) വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ നിലനിൽക്കില്ലെന്ന് ജസ്റ്റിസ് ഡി. ഭരത ചക്രവർത്തി ഉത്തരവ് പുറപ്പെടുവിച്ച് വ്യക്തമാക്കി. പരാമർശം പ്രസംഗത്തിൽ മാത്രമായിരിക്കുകയും അത് മറ്റു അക്രമ സംഭവങ്ങളിലേക്ക് നയിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ കുറ്റം തെളിയിക്കപ്പെടില്ലെന്ന് കോടതി പറഞ്ഞു.

സമൂഹത്തിൽ ലഹളയുണ്ടാക്കാൻ ലക്ഷ്യമിട്ട് പ്രകോപനം സൃഷ്ടിക്കുന്നതിന് എതിരെയുള്ളതാണ് ഐ.പി.സി 153ാം വകുപ്പ്. 2017ൽ നടന്ന സംഭവത്തിലാണ് കേസെടുത്തതെന്നും വർഷങ്ങൾ ഏറെ പിന്നിട്ട സാഹചര്യത്തിൽ വിചാരണ തുടരുന്നതുകൊണ്ട് പ്രത്യേകിച്ചൊരു കാര്യവുമില്ലെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടി. 2017ൽ ഇന്ത്യൻ നാഷനൽ ലീഗ് സംഘടിപ്പിച്ച യോഗത്തിലായിരുന്നു കുമാരദേവന്റെ വിവാദ പ്രസംഗം. ഏകീകൃത സിവിൽ കോഡ് ആവശ്യപ്പെടുന്നത് 'ഹിന്ദു ഭീകരവാദികളാണെന്നും' ഇതിനെതിരെ എല്ലാവരും ഒന്നിക്കണമെന്നും ആ പ്രസംഗത്തിൽ അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു. തുടർന്ന് പുളിയന്തോപ്പ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. 2018ലാണ് കുമാരദേവൻ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചത്.

Tags:    
News Summary - Madras High Court quashes controversial speech against DMK leader, says 'Hindu terrorist' remark cannot be seen as attempt to incite riots

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.