'ശിവസേന ഇനിയില്ല'; ഇരുപക്ഷത്തിനും പുതിയ പേരുകൾ

മുംബൈ: കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ശിവസേനയുടെ ഔദ്യോഗിക ചിഹ്നവും പേരും മരവിപ്പിച്ചതിന് എതിരെ ഉദ്ധവ് താക്കറെ പക്ഷം ഡൽഹി ഹൈകോടതിയിൽ. മതിയായ സമയം നൽകാതെയും തങ്ങൾക്ക് പറയാനുള്ളത് കേൾക്കാതെയുമാണ് കമീഷന്റെ നടപടിയെന്ന് ആരോപിച്ചാണ് ഹരജി. കമീഷൻ അനാവശ്യ തിടുക്കം കാട്ടിയതായും ഉദ്ധവ് പക്ഷം കോടതിയിൽ ആരോപിച്ചു.

ഔദ്യോഗിക ചിഹ്നമായ അമ്പും വില്ലും പിതാവ് ബാൽ താക്കറെ രൂപപ്പെടുത്തിയതാണെന്നും അതിന്റെ അവകാശം അദ്ദേഹത്തിനാണെന്നും ഹരജിയിൽ പറയുന്നു. അതേസമയം, ഇരുപക്ഷവും സമർപ്പിച്ച പേരുകൾ പരിശോധിച്ച തെരഞ്ഞെടുപ്പ് കമീഷൻ ഉദ്ധവ് പക്ഷത്തിന് ശിവസേന ഉദ്ധവ് ബാലാസാഹെബ് താക്കറെ എന്ന പേരും ഷിൻഡെ പക്ഷത്തിന് ബാലാസഹെബാംചി ശിവസേന എന്ന പേരും അനുവദിച്ചു. ദീപശിഖയാണ് ഉദ്ധവ് പക്ഷത്തിന് അനുവദിച്ച ചിഹ്നം. എന്നാൽ, മൂന്നു ചിഹ്നങ്ങൾ ചൊവ്വാഴ്ച രാവിലെ 10 ന് മാറ്റിസമർപ്പിക്കാൻ കമീഷൻ ഷിൻഡെ പക്ഷത്തോട് ആവശ്യപ്പെട്ടു.

നവംബർ മൂന്നിലെ ഉപതെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ വിമതപക്ഷം ശിവസേനയുടെ ഔദ്യോഗിക പേരും ചിഹ്നവും ആവശ്യപ്പെട്ടതോടെയാണ് ഇരുപക്ഷത്തിനും നൽകാതെ കമീഷൻ അവ മരവിപ്പിച്ചത്. യഥാർഥ ശിവസേന ആരെന്ന തർക്കത്തിൽ അന്തിമ തീരുമാനമാകും വരെയാണ് മരവിപ്പിക്കൽ. നടപടിക്ക് പിന്നാലെ ഇരുപക്ഷവും മൂന്നു പുതിയ പേരുകളും മൂന്ന് ചിഹ്നങ്ങളും കമീഷന് മുമ്പാകെ സമർപ്പിച്ചിരുന്നു.

ശിവസേന ബാലസാഹെബ് താക്കറെ, ശിവസേന ബാലാസാഹെബ് പ്രബോധങ്കർ താക്കറെ, ശിവസേന ഉദ്ധവ് ബാലസാഹെബ് താക്കറെ എന്നീ പേരുകളും ത്രിശൂലം, ഉദയസൂര്യൻ, ദീപശിഖ എന്നീ ചിഹ്നങ്ങളുമാണ് ഉദ്ധവ് പക്ഷം സമർപ്പിച്ചത്. ത്രിശൂലം, ഉദയസൂര്യൻ, ഗദ എന്നീ ചിഹ്നങ്ങളും ശിവസേന ബാലാസാഹെബ് താക്കറെ, ബാലാസാഹെബാംചി ശിവസേന, ശിവസേന ബാലാസാഹെബാംചി എന്നീ പേരുകളുമാണ് ഷിൻഡെ പക്ഷം സമർപ്പിച്ചത്.

Tags:    
News Summary - Maharashtra’s 2 Shiv Senas get new names, Uddhav’s party symbol is flaming torch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.