ചെന്നൈ: മധുരയിൽ 26കാരിയായ ഡോക്ടർ കോവിഡ് വാക്സിൻ സ്വീകരിച്ചതിനെ തുടർന്നാണ് മരിച്ചതെന്ന പ്രചാരണം തെറ്റെന്ന വാദവുമായി തമിഴ്നാട് ആരോഗ്യവകുപ്പ് രംഗത്ത്. മധുരൈ മെഡിക്കൽ കോളജിൽ അനസ്തേഷ്യോളജിയിൽ പോസ്റ്റ് ഗ്രജ്വേഷൻ വിദ്യാർഥിനിയായ ഹരി ഹരിണിയാണ് മാർച്ച് 11ന് മരിച്ചത്. കോവിഡ് വാക്സിൻ സ്വീകരിച്ചതിന് ശേഷമാണ് ഹരി ഹരിണി മരിച്ചതെന്ന് സമൂഹ മാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചിരുന്നു. ഇതിന് വിശദീകരണവുമായാണ് ഇപ്പോൾ ആരോഗ്യവകുപ്പ് രംഗത്തെത്തിയത്.
ഫെബ്രുവരി അഞ്ചിനാണ് ഹരി ഹരിണി കോവിഡ് വാക്സിന്‍റെ ആദ്യഡോസ് സ്വീകരിച്ചത്. ഒരു മാസത്തിന് ശേഷം മാർച്ച് അഞ്ചിന് അവർക്ക് പനിയും ശരീര വേദനയും അനുഭവപ്പെട്ടു. ഡോക്ടർ കൂടിയായ ഭർത്താവ് അശോക് വിഗ്നേഷ് അന്ന് അവർക്ക് വേദനസംഹാരിയായ ഡൈക്ലോഫെനാക് സോഡിയം കുത്തിവെച്ചു. മണിക്കൂറുകൾ കഴിഞ്ഞപ്പോൾ ഛർദിച്ച ശേഷം ഹരി ഹരിണി ബോധരഹിതയാകുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. മെക്കാനിക്കൽ വെന്‍റിലേഷനിൽ ആറ് ദിവസം കഴിഞ്ഞശേഷം മാർച്ച് 11നാണ് ഹരി ഹരിണി മരിച്ചതെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു.
മാർച്ച് 12ന് നടത്തിയ പോസ്റ്റുമോർട്ടത്തിൽ ഗുരുതരമായ അലർജി റിയാക്ഷൻ മൂലം ആവശ്യമായ അളവിൽ ഓക്സിജൻ ലഭിക്കാഞ്ഞതിനെ തുടർന്ന് തലച്ചോറിന്‍റെ പ്രവർത്തനം നിലച്ചതാണ് മരണകാരണമെന്ന് കണ്ടെത്തിയതായി ജില്ലാ പ്രതിരോധ കുത്തിവെപ്പ് ഓഫിസർ ഡോ. കെ.വി. അർജുൻ കുമാർ വ്യക്തമാക്കി. 'വേദനസംഹാരി കുത്തിവെച്ചത് മൂലമാകാം അലർജി റിയാക്ഷൻ ഉണ്ടായത്. കോവിഡ് വാക്സിൻ സ്വീകരിച്ചതാണ് മരണകാരണമെന്ന പ്രചാരണം തെറ്റാണ്. വേദനസംഹാരി എന്ന നിലയിൽ വർഷങ്ങളായി ഡൈക്ലോഫെനാക് സോഡിയം കുത്തിവെക്കാറില്ല. കോവിഡ് വാക്സിൻ സ്വീകരിച്ച ശേഷം ഇത്തരം കുത്തിവെപ്പുകൾ നടത്തരുതെന്ന് ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുമുണ്ട്.'- ഡോ. അർജുൻ കുമാർ പറഞ്ഞു.
അതേസമയം, ഹരി ഹരിണിയുടെ മരണം കൊലപാതകമാണെന്ന സംശയവും ഉയരുന്നുണ്ട്. സംഭവത്തിൽ ആവണിപുരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മധുരൈ മെഡിക്കൽ കോളജിൽ തന്നെ ജനറൽ സർജറിയിൽ പോസ്റ്റ് ഗ്രജ്വേഷന് പഠിക്കുന്ന ഡോ. അശോക് വിഗ്നേഷുമായി കഴിഞ്ഞ വർഷം നവംബറിലായിരുന്നു ഹരിണിയുടെ വിവാഹം. മേല അനുപ്പനാടിയിലായിരുന്നു ഇവർ താമസിച്ചിരുന്നത്. വിവാഹം കഴിഞ്ഞ് മാസങ്ങൾക്കകമാണ് മരണം എന്നതിനാൽ ആർ.ഡി.ഒ അന്വേഷണവും നടക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.