‘ഛോട്ടാ ഭായ് ആയി തുടരാന്‍ തയാറല്ല’; പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെപി ഒറ്റക്ക് മത്സരിക്കുമെന്ന് അമിത്ഷാ

കിള്ളി ചഹ്ലാൻ (പഞ്ചാബ്): 2027ലെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ഒറ്റക്ക് മത്സരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പഞ്ചാബിൽ ഇനി ‘ഛോട്ടാ ഭായ്’ ആയി തുടരാൻ ബി.ജെ.പി തയാറല്ലെന്ന് വ്യക്തമാക്കിയ അമിത് ഷാ ശിരോമണി അകാലി ദളു(എസ്.എ.ഡി)മായി സഖ‍്യത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് വിരാമമിട്ടാണ് ഈ പ്രഖ്യാപനം നടത്തിയത്. പഞ്ചാബിനെ മയക്കുമരുന്ന് മാഫിയ, കടക്കെണി എന്നിവയിൽ നിന്നും രക്ഷിക്കാൻ 'ഡബിൾ എൻജിൻ' സർക്കാർ വേണമെന്ന് മോഗയിലെ കിള്ളി ചഹ്ലാനിൽ നടന്ന ‘ബദലാവ് റാലി’യെ അഭിസംബോധന ചെയ്ത് സംസാരിക്കവേ അമിത് ഷാ പറഞ്ഞു. ‘പഞ്ചാബിൽ ബി.ജെ.പി ഇനി രണ്ടാമതൊരു കക്ഷിയായി പ്രവർത്തിക്കില്ല. ഇതുവരെ ഞങ്ങൾ നിങ്ങളിലേക്ക് എത്തുമ്പോൾ പങ്കാളികളുണ്ടായിരുന്നു. ഇന്നുമുതൽ പഞ്ചാബിൽ സ്വന്തം സർക്കാർ രൂപീകരിക്കാനുള്ള പ്രചാരണം ബി.ജെ.പി ആരംഭിക്കുകയാണ്. നിങ്ങൾ കോൺഗ്രസിനെയും അകാലിദളിനെയും ആം ആദ്മി പാർട്ടിയെയും പരീക്ഷിച്ചു കഴിഞ്ഞു. ഇനി ഞങ്ങൾക്ക് ഒരു അവസരം നൽകൂ’ -അമിത് ഷാ പറഞ്ഞു.

19 ശതമാനം ഫോർമുലയും മതപരിവർത്തന വിരുദ്ധ നിയമവും

2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും നേടിയില്ലെങ്കിലും പഞ്ചാബിൽ 19 ശതമാനം വോട്ട് വിഹിതം നേടാൻ കഴിഞ്ഞത് 2027-ലെ തിരഞ്ഞെടുപ്പിലേക്കുള്ള ചവിട്ടുപടിയായി ഷാ ചൂണ്ടിക്കാട്ടി. അസം, ഹരിയാന, ഉത്തരാഖണ്ഡ്, മണിപ്പൂർ തുടങ്ങിയ സംസ്ഥാനങ്ങളിൽ 19 ശതമാനം വോട്ട് വിഹിതത്തിൽ തുടങ്ങി പിന്നീട് അധികാരം പിടിച്ചെടുത്ത ചരിത്രം അമിത് ഷാ ഓർമിപ്പിച്ചു. ‘ഹിന്ദു-നഗര വോട്ടുകൾ ഏകീകരിക്കുന്നതിന്റെ ഭാഗമായി അധികാരത്തിൽ വന്നാൽ ബി.ജെ.പി ആദ്യം നടപ്പിലാക്കുന്നത് മതപരിവർത്തന വിരുദ്ധ ബില്ലായിരിക്കും. നിർബന്ധിത മതപരിവർത്തനങ്ങൾക്കെതിരെ നമ്മുടെ സിഖ് ഗുരുക്കന്മാർ ത്യാഗങ്ങൾ നടത്തിയിട്ടുണ്ട്. എന്നിട്ടും കോൺഗ്രസും ആം ആദ്മി പാർട്ടിയും മതപരിവർത്തനം നടത്തുന്നവരെ വോട്ട് ബാങ്കായി കാണുകയാണ്’ -അമിത് ഷാ ആരോപിച്ചു.

‘ഭഗവന്ത് മൻ കേജ്‌രിവാളിന്റെ പൈലറ്റ്, പഞ്ചാബ് അവരുടെ എ.ടി.എം’

ഭഗവന്ത് മൻ നയിക്കുന്ന ആം ആദ്മി പാർട്ടി സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് ആഭ്യന്തര മന്ത്രി ഉന്നയിച്ചത്. ‘മുഖ്യമന്ത്രി ഭഗവന്ത് മൻ സ്വന്തം പാർട്ടിയുടെ നേതാവിനെ സേവിക്കാൻ വേണ്ടി സംസ്ഥാനത്തെ അവഗണിക്കുകയാണ്. ഒരു പൈലറ്റിനെപ്പോലെയാണ് അദ്ദേഹം പ്രവർത്തിക്കുന്നത്. പഞ്ചാബ് സർക്കാരിന്റെ വിമാനത്തിൽ അരവിന്ദ് കേജ്‌രിവാളിനെ രാജ്യത്തുടനീളം കൊണ്ടുപോകുക എന്നതാണ് മുഖ്യമന്ത്രിയുടെ ജോലി' - ഷാ പറഞ്ഞു. സംസ്ഥാനത്തിന്റെ ഖജനാവ് എ.എ.പിയുടെ ദേശീയ വിപുലീകരണത്തിനുള്ള എ.ടി.എം ആയെന്നും അദ്ദേഹം ആരോപിച്ചു.

അതേ സമയം രാജ്യത്തെ ഹെറോയിൻ കടത്തിന്റെ 45 ശതമാനവും പഞ്ചാബുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അമിത് ഷാ പറഞ്ഞു. നക്സലുകൾക്കെതിരായ കേന്ദ്രസർക്കാർ നടപടികളെയും ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെയും ചൂണ്ടിക്കാട്ടിയ ഷാ, ബി.ജെ.പി സർക്കാർ സംസ്ഥാനത്ത് അധികാരത്തിലെത്തിയാൽ രണ്ട് വർഷത്തിനകം മയക്കുമരുന്ന് ശൃംഖലയെ പൂർണമായും തുടച്ചുനീക്കുമെന്നും അവകാശപ്പെട്ടു.

Tags:    
News Summary - 'Not ready to continue as Chhota Bhai'; Amit Shah says BJP will contest Punjab Assembly elections alone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.