ന്യൂഡൽഹി: അനർഹർ ഫണ്ട് കൈക്കലാക്കിയതിന്റെ പേരിൽ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന് കീഴിലുള്ള ന്യൂനപക്ഷ സ്കോളർഷിപ്പികൾ മരവിപ്പിച്ചിട്ട് മൂന്നുവർഷം. ഇതുസംബന്ധിച്ച അന്വേഷണം എങ്ങുമെത്താത്തതിനെ തുടർന്ന് സ്കോളർഷിപ്പുകൾ ലഭിക്കാതെ നിരവധി വിദ്യാർഥികൾ പ്രതിസന്ധിയിൽ.
ബാങ്ക് ജീവനക്കാർ, ഇടനിലക്കാർ, സ്കൂൾ ജീവനക്കാർ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന ശൃംഖല സ്കോളർഷിപ് ഫണ്ട് തട്ടിയെടുക്കുന്നതായി മാധ്യമ റിപ്പോർട്ടുകൾ വന്നതിന് പിന്നാലെയാണ് ന്യൂനപക്ഷ സ്കോളർഷിപ്പുകൾ മരവിപ്പിച്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാൽ, മൂന്ന് വർഷം പിന്നിട്ടിട്ടും അന്വേഷണത്തിൽ ഒരു പുരോഗതിയുമുണ്ടായിട്ടില്ലെന്ന് ദ പ്രിന്റ് റിപ്പോർട്ട് ചെയ്യുന്നു. ഒരു തെറ്റും ചെയ്യാത്ത വിദ്യാർഥികളോടുള്ള അനീതിയാണ് സ്ഥാപനങ്ങൾ ഫണ്ട് തട്ടിയതിന്റെ പേരിൽ ഫണ്ട് മരവിപ്പിക്കലെന്ന് ബി.ജെ.പി എം.പി പി.സി. മോഹൻ അധ്യക്ഷനായ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി ഇരുസഭകളിലും വെച്ച റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ന്യൂനപക്ഷ, ആദിവാസി, ഭിന്നശേഷി വിഭാഗങ്ങൾക്കുള്ള ക്ഷേമ പദ്ധതികളിൽ ബജറ്റ് വെട്ടിക്കുറവ്, ഫണ്ട് വിനിയോഗക്കുറവ്, നടത്തിപ്പിലെ വീഴ്ചകൾ എന്നിവ ഗുരുതരമാണെന്ന് സമിതി കുറ്റപ്പെടുത്തി. പ്രീ-മെട്രിക്, പോസ്റ്റ്-മെട്രിക് സ്കോളർഷിപ് പദ്ധതികൾ 2021-22നപ്പുറം അംഗീകരിക്കപ്പെടാതെ കിടക്കുകയാണ്. 2022-23 മുതൽ ഒരു രൂപ പോലും വിതരണം നടത്തിയിട്ടില്ല. ചില സ്ഥാപനങ്ങൾ ദുരുപയോഗം നടത്തിയതിന്റ പേരിൽ, ആ ഭാരം നിരപരാധികളായ ലക്ഷക്കണക്കിന് വിദ്യാർഥികളിൽ അടിച്ചേൽപിക്കുന്നത് അംഗീകരിക്കാനാവില്ല.
ക്രമക്കേടുകൾ കുറവുള്ള സംസ്ഥാനങ്ങളിൽ ഈ പദ്ധതികൾ ഉടൻ നടപ്പാക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. 2020 നവംബറിൽ ഫണ്ട് തട്ടിപ്പ് വാർത്ത പുറത്തുവന്നതിന് പിന്നാലെ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം അസം, ബിഹാർ, ഝാർഖണ്ഡ്, ഛത്തിസ്ഗഢ്, പഞ്ചാബ് സംസ്ഥാനങ്ങളോട് അന്വേഷണം നടത്താൻ ആവശ്യപ്പെട്ടു. കേസ് സി.ബി.ഐക്കും കൈമാറി. എന്നാൽ, അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.