യു.പിയിലെ കാൺപൂരിൽ ഗ്യാസ് ഏജൻസിക്ക് പുറത്ത് എൽ.പി.ജി സിലിണ്ടറുകൾ വാങ്ങാൻ വരിനിൽക്കുന്നവർ
ന്യൂഡൽഹി: സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വാണിജ്യ പാചകവാതക വിതരണം പുനരാരംഭിച്ചതായി കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം അറിയിച്ചു. പാചകവാതക ബുക്കിങ് കുത്തനെ ഉയർന്നതിനെ തുടർന്ന് കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ രാജ്യവ്യാപകമായി റെയ്ഡ് ആരംഭിച്ചിട്ടുണ്ട്. നേരത്തേ പ്രതിദിനം 55 ലക്ഷം ബുക്കിങ് ഉണ്ടായിരുന്നത് ശനിയാഴ്ച 88 ലക്ഷമായി ഉയർന്നു. വെള്ളിയാഴ്ച 75 ലക്ഷമായിരുന്നു. ക്ഷാമം ഭയന്ന് ആളുകൾ അത്യാവശ്യത്തിനല്ലാതെയും ബുക്ക് ചെയ്യുന്നതുകൊണ്ടാണിത്. ക്ഷാമമുണ്ടാകില്ലെന്ന് ഉറപ്പുനൽകിയ അധികൃതർ അനാവശ്യമായി ബുക്ക് ചെയ്യരുതെന്ന് അഭ്യർഥിച്ചു.
രണ്ട് ബുക്കിങ്ങുകൾക്കിടയിലെ കാലപരിധി നിയന്ത്രിച്ചത് അനാവശ്യ ബുക്കിങ് ഒഴിവാക്കാനാണ്. നഗരത്തിൽ രണ്ട് ബുക്കിങ്ങുകൾക്കിടയിൽ 25 ദിവസം വേണം. ഗ്രാമീണ മേഖലയിൽ ഇത് 45 ദിവസമാണ്. രാജ്യത്ത് പാചകവാതകത്തിന്റെ ആഭ്യന്തര ഉൽപാദനം വർധിപ്പിച്ചിട്ടുണ്ട്. പശ്ചിമേഷ്യയിലെ പ്രതിസന്ധി ആരംഭിച്ചപ്പോൾ പത്ത് ശതമാനം വർധിപ്പിച്ചത് ക്രമേണ 31 ശതമാനമാക്കിയിട്ടുണ്ട്. ഗ്യാസ് കമ്പനികൾ നേരത്തേ പ്രതിദിനം 50 ലക്ഷം സിലിണ്ടറുകൾ വിതരണം ചെയ്തിരുന്നു. അത് ഇപ്പോഴും തുടരുന്നു. വാണിജ്യ സിലിണ്ടറുകളുടെ വിതരണത്തിന് വിവിധ മേഖലകൾക്ക് മുൻഗണന നിശ്ചയിക്കാൻ സംസ്ഥാന സർക്കാറുകൾക്ക് അധികാരം നൽകിയിട്ടുണ്ട്. ഗാർഹിക ഉപഭോക്താക്കൾക്കാണ് മുൻഗണന.
പെട്രോളിനും ഡീസലിനും ക്ഷാമമുണ്ടാകില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ക്രൂഡോയിൽ ആവശ്യത്തിന് സംഭരിച്ചിട്ടുണ്ട്. ആഭ്യന്തര എണ്ണ ശുദ്ധീകരണശാലകൾ പൂർണ തോതിൽ പ്രവർത്തിക്കുന്നു. ഇറക്കുമതി പൂർണമായി തടസ്സപ്പെട്ടാലും നിലവിലെ സാഹചര്യത്തിൽ പെട്രോൾ -ഡീസൽ ക്ഷാമമുണ്ടാകില്ലെന്ന് അധികൃതർ വ്യക്തമാക്കി.
.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.