എം.എ. ബേബി
ന്യൂഡൽഹി: തീവ്ര വോട്ടർപട്ടിക പരിഷ്കരണ (എസ്.ഐ.ആർ)ത്തിന്റെ പേരിൽ വോട്ടര്‍മാരെ പട്ടികയില്‍നിന്നും ഏകപക്ഷീയമായി ഒഴിവാക്കുന്നതടക്കമുള്ള ഗുരുതര ആശങ്കകൾ ഉയർത്തി മുഖ്യ തെരഞ്ഞെടുപ്പ് കമീഷന് കത്തയച്ച് സി.പി.എം ജനറല്‍ സെക്രട്ടറി എം.എ. ബേബി. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന നടപടി വോട്ട് ചെയ്യാനുള്ള സാധാരണക്കാരുടെ മൗലിക അവകാശത്തിന് ഭീഷണിയാണ്. വിപുലമായ പുനരവലോകനം നടത്തുന്നതിന് സമയപരിധി അപ്രായോഗികമാണ്. ഇതു വലിയ തോതിലുള്ള പിഴവുകൾക്കും വോട്ടർമാരുടെ ഒഴിവാക്കലിനും കാരണമാകുന്നു. സമ്മർദം കാരണം ബൂത്ത് ലെവൽ ഓഫിസർമാർ ജീവനൊടുക്കുന്നു. ബംഗാളിൽ നിരവധി വോട്ടർമാരും ആത്മഹത്യ ചെയ്തു.
തെരഞ്ഞെടുപ്പ് പ്രക്രിയയിൽ തുല്യ പങ്കാളികളായ രാഷ്ട്രീയ പാർട്ടികളെ കമീഷൻ വിശ്വാസത്തിൽ എടുക്കുന്നില്ലെന്നും കത്തിൽ കുറ്റപ്പെടുത്തി. ഫോം സെവൻ ദുരുപയോഗം ചെയ്ത് ധാരാളം വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്യുന്നു. അസമിലെ കരിംഗഞ്ചിൽ ഒരൊറ്റ വ്യക്തി നൂറുകണക്കിന് ഫോം സെവൻ ഫയൽ ചെയ്തിട്ടുണ്ട്. ബംഗാളി സംസാരിക്കുന്ന മുസ്ലിം വോട്ടർമാരെ ഉപദ്രവിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. തെറ്റായി ഒഴിവാക്കപ്പെട്ട വോട്ടർമാരോട് ഫോം സിക്സ് ഉപയോഗിച്ച് പുതിയതായി അപേക്ഷിക്കാൻ നിർബന്ധിക്കുന്നു. എസ്.ഐ.ആറിന്റെ രൂപകൽപനയും നടപ്പാക്കലും നിർദിഷ്ട എൻ.ആർ.സി നടപടിക്രമവുമായി വളരെ സാമ്യമുള്ളതായിരിക്കുമെന്നും ചില സമുദായങ്ങളുടെ വോട്ടവകാശം നിഷേധിക്കുന്നതിലേക്ക് നയിക്കുമെന്നും ഞങ്ങൾ കരുതിയത് സത്യമായി മാറുകയാണെന്നും കത്തിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.