‘കോടതി ഉത്തരവ് അതേപടി നടപ്പിലാക്കണം’; കമാൽ മൗല മസ്ജിദ് കേസിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകി സുപ്രീം കോടതി

ന്യൂഡൽഹി: മധ്യപ്രദേശിലെ കമാൽ മൗല മസ്ജിദുമായി ബന്ധപ്പെട്ട കേസിൽ കേന്ദ്ര സർക്കാരിനും സംസ്ഥാന സർക്കാരിനും കർശന നിർദേശവുമായി സുപ്രീം കോടതി. പള്ളിക്ക് സമീപത്തോ തൊട്ടടുത്തോ ഉള്ള സ്ഥലം വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനായി മുസ്‍ലിം സമുദായത്തിന് ഒരുക്കി നൽകണമെന്ന ജൂലൈ 14ലെ ഉത്തരവ് കൃത്യമായി പാലിക്കണമെന്ന് കോടതി വ്യക്തമാക്കി. സർക്കാർ നിലവിൽ കണ്ടെത്തിയ സ്ഥലം പള്ളിയിൽ നിന്നും ഏകദേശം രണ്ട് കിലോമീറ്റർ അകലെയാണെന്ന് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കോടതിയുടെ ഇടപെടൽ. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് വിഷയം പരിഗണിച്ചത്.

കമാൽ മൗല മസ്ജിദ് സമുച്ചയത്തിനുള്ളിൽ വെള്ളിയാഴ്ച നമസ്കാരം അനുവദിക്കണമെന്ന ആവശ്യം തള്ളിക്കൊണ്ട് സമുച്ചയത്തിന് തൊട്ടടുത്തോ സമീപത്തോ ഉള്ള ഒരു തുറസ്സായ സ്ഥലം പകരം സംവിധാനമായി നൽകാനാണ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നത്. എന്നാൽ അധികൃതർ അനുവദിച്ച സ്ഥലം വളരെ ദൂരെയാണെന്ന് മുസ്‍ലിം ഹരജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹുസേഫ അഹ്മദി കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് ഇക്കാര്യത്തിൽ കേന്ദ്രത്തിനും മധ്യപ്രദേശ് സർക്കാരിനും വേണ്ടി ഹാജറായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വിശദീകരണം നൽകി.

സ്ഥലം ഏകദേശം 900 മീറ്റർ അകലെയാണെന്നാണ് തനിക്ക് ലഭിച്ച വിവരമെന്നും, എങ്കിലും കൂടുതൽ അനുയോജ്യമായ മറ്റൊരു സ്ഥലം കണ്ടെത്തുന്നതിനായി താൻ പ്രാദേശിക ഭരണകൂടവുമായി ചർച്ച നടത്തിവരികയാണെന്നും സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. എന്നാൽ കോടതി ഉത്തരവിൽ 'തൊട്ടടുത്ത സ്ഥലം' എന്ന് വ്യക്തമായി പരാമർശിച്ചിട്ടുള്ളത് ബെഞ്ച് ഓർമിപ്പിച്ചു. ഉത്തരവ് പൂർണമായും വിശ്വാസയോഗ്യമായി നടപ്പിലാക്കാൻ അധികൃതർ ബാധ്യസ്ഥരാണെന്നും, അടുത്ത വെള്ളിയാഴ്ച നടക്കുന്ന വാദത്തിൽ ഇത് സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു. ഉത്തരവിന്റെ പാലനം നിരീക്ഷിക്കുന്നതിനായി കേസ് വെള്ളിയാഴ്ചത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്.

പതിനൊന്നാം നൂറ്റാണ്ടിലെ കമാൽ മൗല മസ്ജിദ് സമുച്ചയം സരസ്വതി ദേവിക്ക് സമർപ്പിക്കപ്പെട്ടതാണെന്ന് വിധിച്ച് മധ്യപ്രദേശ് ഹൈകോടതി മെയ് 15ന് ഉത്തരവിട്ടിരുന്നു. ഈ വിധിക്കെതിരെ ജബ്റാൻ അൻസാരി, ഖാസി മൊയ്നുദ്ദീൻ ഉൾപ്പെടെയുള്ള ഹരജിക്കാർ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഹൈകോടതി വിധി സ്റ്റേ ചെയ്യാൻ വിസമ്മതിച്ച സുപ്രീം കോടതി, വെള്ളിയാഴ്ചകളിൽ ഉച്ചക്ക് 1 മണിക്കും 3 മണിക്കും ഇടയിൽ നമസ്കാരം നിർവഹിക്കുന്നതിനായി പള്ളിക്ക് സമീപം ഒരു തുറസ്സായ ഇടം താൽക്കാലികമായി ഒരുക്കി നൽകാൻ ഉത്തരവിടുകയായിരുന്നു. എന്നാൽ പള്ളിയിൽ നമസ്കരിക്കാനുള്ള അപേക്ഷ തള്ളുകയും ചെയ്തു. പ്രസ്തുത കേസുകളിലെ അന്തിമ വിധി വരെയായിരിക്കും ഈ താൽക്കാലിക ക്രമീകരണങ്ങളെന്നും കോടതി അന്ന് വ്യക്തമാക്കിയിരുന്നു. സുപ്രീം കോടതിയുടെ അനുമതിയില്ലാതെ സമുച്ചയത്തിൽ യാതൊരു ഘടനാപരമായ മാറ്റങ്ങളും പുരാവസ്തു സർവേ വകുപ്പ് നടത്തരുതെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. 

Tags:    
News Summary - Bhojshala Namaz Site: SC Directs Strict Compliance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.