ന്യഡൽഹി: വോട്ട് കൊള്ളക്കെതിരെ പ്രതിപക്ഷ അംഗങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് പ്രക്ഷോഭവുമായി ഇറങ്ങിയ അവസരം മുതലെടുത്ത് നിർണായകമായ രണ്ട് ബില്ലുകൾ പാസാക്കി ലോക്സഭ. വോട്ടുകൊള്ളക്കെതിരെ പ്രക്ഷോഭവും അറസ്റ്റും സംഘർഷവുമായി നാടകീയ രംഗങ്ങൾ അരങ്ങേറിയ തിങ്കളാഴ്ച പ്രതിപക്ഷ അംഗങ്ങൾ സഭയിൽ എത്തുന്നതിന് മുമ്പായിരുന്നു ഭരണപക്ഷത്തിന്റെ തിരക്കിട്ട നീക്കം.
കായിക മേഖലയിൽ സമൂലമായ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന ദേശീയ കായിക ഭരണ ബില്ലും, ദേശീയ ഉത്തേജക വിരുദ്ധയ ബില്ലും ലോക്സഭ പാസാക്കി. പ്രതിപക്ഷ അംഗങ്ങളുടെ ബഹളത്തിനിടെ ശബ്ദവോട്ടോടെയായിരുന്നു സർക്കാർ കായിക ബില്ലിനെ ലോക്സഭ കടത്തിയത്. കേന്ദ്ര കായിക മന്ത്രി മൻസുഖ് മാണ്ഡവ്യ ബിൽ സഭയിൽ അവതരിപ്പിച്ചു. കായിക മേഖലയിൽ സുതാര്യതയും, കായിക താരങ്ങളുടെ ക്ഷേമവും മുതൽ ഫെഡറേഷൻ ഭരണത്തിലും സംഘാടനത്തിലും ലോകോത്തര നിലവാരം ഉറപ്പാക്കുന്നതാണ് പുതിയ ദേശീയ കായിക ബിൽ എന്ന് മന്ത്രി ലോക്സഭയെ അറിയിച്ചു.
2036 ഒളിമ്പിക്സ് ആതിഥേയത്തിനായി ഇന്ത്യയുടെ പരിശ്രമം സജീവമാകുന്നതിനിടെ രാജ്യത്തെ കായിക ഭരണവും സംഘാടനവും ശരിയായ ദിശയിൽ നയിക്കുന്നതിന്റെ നിർണായക ചുവടുവെപ്പായും മന്ത്രി വിശേഷിപ്പിച്ചു.
പുതുക്കിയ ആദായനികുതി ബില്ലും തിങ്കളാഴ്ച തന്നെ ലോക്സഭയിൽ അവതരിപ്പിച്ചു. 1961ലെ ആദായ നികുതി നിയമത്തിൽ ചില ഭേദഗതികളുമായാണ് ധനകാര്യമന്ത്രി നിർമല സീതാരാമൻ ലോക്സഭയിൽ അവതരിപ്പിച്ചത്. നേരത്തെ അവതരിപ്പിച്ച ബിൽ, സെനറ്റ് കമ്മിറ്റി നിർദേശങ്ങളോടെയാണ് ലോക്സഭയിൽ വീണ്ടും അവതരിപ്പിച്ചത്. ആദായ നികുതിയുമായി ബന്ധപ്പെട്ട ഭാഷയുടെ ലളിത വൽകരണം, ഡിജിറ്റൽ സൗഹൃദം, റിട്ടേർ സമർപ്പണം, നികുതിയടവ് എന്നിവ ലളിതമാക്കൽ എന്നിവയുമായാണ് പുതുക്കിയ ബിൽ എത്തിയത്. ഫെബ്രുവരി 13ന് അവതരിപ്പിച്ച ആദായനികുതി ബിൽ-2025 കഴിഞ്ഞയാഴ്ച ലോക്സഭയിൽ നിന്ന് പിൻവലിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.