നഷ്ടം 22,000 കോടി; എയർ ഇന്ത്യയിൽ കടുത്ത നിയന്ത്രണം, 1000 പേരെ പുറത്താക്കിയതായി സി.ഇ.ഒ

ന്യൂഡൽഹി: തൊഴിൽ മര്യാദകൾ ലംഘിച്ചുവെന്ന് ആരോപിച്ച് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ആയിരത്തിലധികം ജീവനക്കാരെ എയർ ഇന്ത്യ പിരിച്ചുവിട്ടു. വിമാനത്തിൽനിന്ന് സാധനങ്ങൾ കടത്തുക, അധിക ലഗേജുകൾക്ക് പണം ഈടാക്കാതെ യാത്രാനുമതി നൽകുക തുടങ്ങിയ ഗുരുതരമായ ചട്ടലംഘനങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടി. ജീവനക്കാർക്ക് അനുവദിച്ചിട്ടുള്ള യാത്ര ആനുകൂല്യങ്ങൾ (ഇ.എൽ.ടി) ദുരുപയോഗം ചെയ്ത നൂറുകണക്കിന് പേരും പുറത്തായവരിലുണ്ട്.

വെള്ളിയാഴ്ച ജീവനക്കാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് എയർ ഇന്ത്യ സി.ഇ.ഒ ക്യാംബെൽ വിൽസൺ ഇക്കാര്യം വ്യക്തമാക്കിയത്. മറ്റാരും നിരീക്ഷിക്കുന്നില്ലെങ്കിൽ പോലും ജീവനക്കാർ ശരിയായ രീതിയിൽ പെരുമാറണമെന്നും ചട്ടലംഘനം നടത്തുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി തുടരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. നിലവിൽ ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയിൽ 24,000 ജീവനക്കാരാണുള്ളത്.ജീവനക്കാരുടെ യാത്രാ ആനുകൂല്യങ്ങളിൽ വൻതോതിലുള്ള ക്രമക്കേടുകൾ കഴിഞ്ഞ മാർച്ചിൽ എയർ ഇന്ത്യ കണ്ടെത്തിയിരുന്നു. ഇതിൽ ഉൾപ്പെട്ട നാലായിരത്തിലധികം ജീവനക്കാർക്കെതിരെ പിഴയടക്കമുള്ള തിരുത്തൽ നടപടികൾ കമ്പനി ആരംഭിച്ചിട്ടുണ്ട്.

വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് എയർ ഇന്ത്യ ഇപ്പോൾ കടന്നുപോകുന്നത്. 2026 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ എയർ ഇന്ത്യ ഗ്രൂപ് 22,000 കോടിയിലധികം രൂപയുടെ നഷ്ടം നേരിട്ടതായാണ് കണക്കുകൾ. മധ്യേഷ്യയിലെ സംഘർഷങ്ങൾ കമ്പനിയെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നുണ്ട്. വരാനിരിക്കുന്നത് വളരെ പ്രയാസകരമായ വർഷമായിരിക്കുമെന്ന് സി.ഇ.ഒ ജീവനക്കാരെ ഓർമിപ്പിച്ചു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ജീവനക്കാരുടെ ഇൻക്രിമെന്റുകൾ തടഞ്ഞുവെക്കാനും അനാവശ്യ ചിലവുകൾ വെട്ടിക്കുറക്കാനും കമ്പനി നിർദേശം നൽകിയിട്ടുണ്ട്.

Tags:    
News Summary - Loss of 22,000 crores; Strict controls in Air India, 1000 people laid off, says CEO

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.