രാമക്ഷേത്ര കൊള്ള ദേശീയ വിഷയം: രാജ്യവ്യാപക പ്രക്ഷോഭത്തിന് കോൺഗ്രസ്

ന്യൂഡൽഹി: രാമക്ഷേത്ര ​കൊള്ള പുറത്തുവന്നതിലൂടെ മതവും രാമക്ഷേത്രവും ജനങ്ങളെ ധ്രുവീകരിക്കാൻ ഉപയോഗിച്ചവർ തുറന്നുകാട്ടപ്പെട്ടുവെന്ന് വിലയിരുത്തിയ കോൺഗ്രസ് പ്രവർത്തക സമിതി ഇതിനെതിരെ രാജ്യവ്യാപക പ്രക്ഷോഭവുമായി ജനങ്ങളിലേക്കിറങ്ങാൻ തീരുമാനിച്ചു.

പ്രക്ഷോഭത്തിന്റെ ഭാഗമായി രാജ്യമൊട്ടുക്കും ഗ്രാമങ്ങളിൽ ‘ചൗപാൽ’ സംഘടിപ്പിക്കുമെന്ന് എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും മാധ്യമ വിഭാഗം ജനറൽ സെക്രട്ടറി ജയ്റാം രമേശും വാർത്തസമ്മേളനത്തിൽ അറിയിച്ചു.

രാമക്ഷേത്ര കൊള്ള അതീവ ഗൗരവമേറിയ വിഷയമാണെന്നും ജനങ്ങളുടെ വികാരവുമായി കൂടി ബന്ധപ്പെട്ടതാണെന്നും പ്രവർത്തക സമിതി വിലയിരുത്തി. ഇത് കേവലം ഉത്തർപ്രദേശിലെ മാത്രം വിഷയമല്ല. രാമക്ഷേത്ര ട്രസ്റ്റ് പ്രധാനമന്ത്രി പാർലമെന്റിൽ പ്രഖ്യാപിച്ചതിനാൽ ഒരു സംസ്ഥാന വിഷയമല്ലെന്നും ദേശീയ വിഷയമാണെന്നും വേണുഗോപാൽ പറഞ്ഞു.

രാഹുൽ ഗാന്ധിയുടെ ‘ഛാത്രോം കീ ഗൂഞ്ച്’ 800 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ളതാണ് മറ്റൊരു തീരുമാനം. ഇതോടൊപ്പം കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വിദ്യാഭ്യാസ മേഖലയും പരീക്ഷാ സംവിധാനവും ഉടച്ചുവാർക്കാനുള്ള സമഗ്ര പദ്ധതി ഒരു മാസത്തിനകം സമർപ്പിക്കാൻ നാല് മുഖ്യമന്ത്രിമാർക്ക് നിർദേശം നൽകി.

മോദി സർക്കാർ യു.എസിന് പിന്നാലെ ചൈനക്കു മുന്നിലും നിരന്തരം കീഴടങ്ങുന്നു. 2020 ജൂൺ 20ന് പ്രധാനമന്ത്രി ചൈനക്ക് നൽകിയ ക്ലീൻ ചിറ്റ് മൂലമാണ് അരുണാചലിൽ വീണ്ടും ചൈന അധിനിവേശം നടത്തിയിരിക്കുന്നത്. ഗാൽവാനിൽ ഇന്ത്യൻ ഭടന്മാർ മരിച്ചു. ഇപ്പോൾ അടിസ്ഥാന സൗകര്യ നിർമാണവും നടക്കുകയാണ്. അതേ സമയം ചൈനയുമായുള്ള വ്യാപാരം കുത്തനെ വർധിച്ചിരിക്കുകയാണ്.

ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വേദി ബി.ജെ.പി പുണ്യാഹം നടത്തിയതിനെ അപലപിച്ച പ്രവർത്തക സമിതി ഈ പ്രവൃത്തിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടു. കാരണം ഖാർഗെയെ നിരവധി തവണ അപമാനിച്ച് ഇതിനുള്ള വഴി കാണിച്ചുകൊടുത്തത് മോദിയാണ്. അനുയായികൾ അത് പിന്തുടരുകയാണ് ചെയ്തത്. ആർ.എസ്.എസിന്റെ സവർണ മനഃസ്ഥിതിയാണിത്.

ഡി.സി.സി പുനഃസംഘടന 74 ശതമാനം പൂർത്തിയായി

രാജ്യത്തെ ഡി.സി.സി പുനഃസംഘടന 74 ശതമാനം പൂർത്തിയായി. 787 ഡി.സി.സികൾ പുനഃസംഘടിപ്പിച്ചു. 66 ശതമാനം ബ്ലോക്ക് കമ്മിറ്റികളും 52 ശതമാനം മണ്ഡലം കമ്മിറ്റികളും രൂപവത്കരിച്ചു. 6,44,388 പേരെ നിയമിച്ചതോടെ 57 ശതമാനം ബൂത്തുതല ഏജന്റുമാരായി. ജില്ലതലം മുതൽ ബൂത്ത് തലം വരെയുള്ള 15,58,250 വരെ ഭാരവാഹികളുമായി.

കേരളത്തിൽ കോൺഗ്രസ് നയിക്കുന്ന യു.ഡി.എഫിന് ഉജ്ജ്വല വിജയം നേടിക്കൊടുത്ത ജനങ്ങളെ പ്രവർത്തക സമിതി പ്രത്യേകം അഭിനന്ദിച്ചു. കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അഭിനന്ദനം.

തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പാനന്തര സഖ്യത്തിലൂടെ ബി.ജെ.പിയെ തടഞ്ഞുനിർത്താനായതായും വിലയിരുത്തി. 543 അംഗ ലോക്സഭയിൽ മൂന്നിലൊന്ന് വനിതാ സംവരണം നടപ്പാക്കണമെന്നാണ് കോൺഗ്രസ് നിലപാടെന്ന് പ്രവർത്തക സമിതി വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.