ന്യൂഡൽഹി: മത്സരപരീക്ഷ നടത്തിപ്പിൽ നിരന്തരം പരാജയപ്പെട്ട നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) യെ സമഗ്ര സ്ഥാപനമായി പരിഷ്‍കരിക്കുന്നതുമായി ബന്ധപ്പെട്ട് രാധാകൃഷ്ണൻ- നന്ദൻ നിലേക്കനി സമിതി സമർപ്പിച്ച ശിപാർശകളിൽ എന്തു നടപടി സ്വീകരിച്ചുവെന്ന് കേന്ദ്ര സർക്കാറിനോട് സുപ്രീം കോടതി.
പരീക്ഷകൾ സുഗമമായി നടത്തുന്നതിന് എൻ.ടി.എയിൽ സാങ്കേതിക മാറ്റങ്ങളും അടിസ്ഥാന സൗകര്യങ്ങളും കൊണ്ടുവരേണ്ടതുണ്ടെന്ന് പറഞ്ഞ കോടതി, ഇതിനെ യു.പി.എസ്.സിയെ പോലെ ശക്തമായ സംവിധാനമാക്കി മാറ്റണമെന്നും വ്യക്തമാക്കി. എൻ.ടി.എ.യെ വ്യവസ്ഥാപിത സ്ഥാപനമാക്കി പരിഷ്കരിച്ചില്ലെങ്കിൽ പരിചയസമ്പന്നരായ ഉദ്യോഗസ്ഥർ സ്ഥലംമാറിപ്പോകുമെന്നും സ്ഥാപനത്തിന്റെ അനുഭവസമ്പത്ത് നഷ്ടപ്പെടുമെന്നും ജസ്റ്റിസ് പി.എസ്. നരസിംഹ, ജസ്റ്റിസ് അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
നീറ്റ്-യുജി പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് എൻ.ടി.എ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ഡോക്ടർമാരുടെ സംഘടന ഉടൾപ്പെടെ നൽകിയ ഹരജികൾ പരിഗണിക്കുക്കുകയായിരുന്നു രണ്ടംഗ ബെഞ്ച്.
പരീക്ഷാ സമ്പ്രദായം ശക്തമാക്കുന്നതിന് രാധാകൃഷ്ണൻ, നന്ദൻ നിലേക്കനി കമ്മിറ്റികളുടെ നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ സ്വീകരിച്ച നടപടികൾ വ്യക്തമാക്കി മൂന്നാഴ്ചയ്ക്കകം സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്ര സർക്കാറിനോട് കോടതി ഉത്തരവിട്ടു.
പരീക്ഷാ പ്രക്രിയ പൂർണമായും സുരക്ഷിതമാണെന്നും ചോദ്യപേപ്പർ നിർമാണം മുതൽ വിതരണം വരെയുള്ള ഘട്ടങ്ങളിൽ സി.ഐ.എസ്.എഫ് സുരക്ഷ, സി.സി.ടി.വി നിരീക്ഷണം, ജി.പി.എസ് ട്രാക്കിങ് എന്നിവ ഏർപ്പെടുത്തിയിട്ടുണ്ടെന്നും സർക്കാറിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു.
എന്നാൽ ഒറ്റപ്പെട്ട സുരക്ഷാ നടപടികൾ മാത്രം പോരെന്നും പരീക്ഷകളുടെ വിശ്വാസ്യത ഉറപ്പാക്കാൻ സ്ഥാപനപരമായ പരിഷ്കാരങ്ങൾ അത്യന്താപേക്ഷിതമാണെന്നും വ്യക്തമാക്കി കോടതി സൈബർ സുരക്ഷ, ടെസ്റ്റിങ് ഇൻഫ്രാസ്ട്രക്ചർ, ഗവേഷണം, ഉദ്യോഗാർഥികളുടെ പരാതി പരിഹാരം തുടങ്ങിയ കാര്യങ്ങൾക്കായി ഉന്നതതല സമിതി നിർദേശിച്ച പ്രകാരം ആവശ്യമായ തസ്തികകളിലേക്ക് ഉദ്യോഗസ്ഥരുടെ നിയമനം അടക്കമുള്ള വിവരങ്ങൾ ആരാഞ്ഞു.
ഇതിനാവശ്യമായ നിയമന നടപടികൾ പുരോഗമിക്കുകയാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. കേസ് മൂന്ന് ആഴ്ചക്ക് ശേഷം വീണ്ടും പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.