മോഹൻ ഭാഗവത്

മോഹൻ ഭാഗവതിന്റെ അമേരിക്കൻ സന്ദർശനത്തിനെതിരെ എതിർപ്പുമായി യു.എസ് കമ്മീഷൻ; ഉപരോധം ഏർപ്പെടുത്തണമെന്ന് ആവശ്യം

വാഷിങ്ടൺ: അമേരിക്കൻ സന്ദർശനത്തിനൊരുങ്ങുന്ന ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിന്റെ യാത്രക്കെതിരെ എതിർപ്പുമായി യു.എസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം (യു.എസ്.സി.ആർ.എഫ്) രംഗത്ത്. മതസ്വാതന്ത്ര്യം ലംഘിക്കുന്നതിൽ കുറ്റക്കാരായി കണ്ടെത്തുന്ന ആർ.എസ്.എസ് അംഗങ്ങൾക്ക് മേൽ കർശന ഉപരോധം ഏർപ്പെടുത്തുന്നതിൽ അമേരിക്കൻ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് കമ്മീഷന്റെ പ്രധാന ആവശ്യം.കൂടാതെ, മോഹൻ ഭാഗവതിന്റെ വരാനിരിക്കുന്ന അമേരിക്കൻ പര്യാടന വേളയിൽ ആർ.എസ്.എസ് നേതാക്കൾക്ക് ഉന്നതതല കൂടിക്കാഴ്ചകളും നയതന്ത്ര മര്യാദകളും നിഷേധിക്കണമെന്നും യു.എസ് സർക്കാരിനോട് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ആർ.എസ്.എസിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഔട്ട്റീച്ച് പരിപാടിയുടെ ഭാഗമായി ഈ മാസം 25 മുതലാണ് മോഹൻ ഭാഗവതിന്റെ സന്ദർശനം ആരംഭിക്കുന്നത്.ആഗസ്റ്റ് 29ന് ന്യൂയോർക്കിൽ നടക്കുന്ന പൊതുയോഗത്തിൽ അദ്ദേഹം സംസാരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 'അമേരിക്കൻ ഹിന്ദുസ് ഫോർ എൻഗേജ്‌മെന്റ് ആൻഡ് ഡയലോഗ്' ആണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. എന്നാൽ ഇന്ത്യയിലെ മതന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളിൽ ആർ.എസ്.എസുമായി ബന്ധപ്പെട്ട ഗ്രൂപ്പുകൾക്ക് പങ്കുണ്ടെന്നാരോപിച്ച് മോഹൻ ഭാഗവതിന് സ്വീകരണം നൽകുന്നതിനെ യു.എസ്.സി.ആർ.എഫ് ചെയർമാൻ ആസിഫ് മഹമൂദ് രൂക്ഷമായി വിമർശിച്ചു. മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കപ്പെടുന്നത് വരെ ആർ.എസ്.എസ് നേതാക്കൾക്ക് ഉന്നതതല സ്വീകാര്യതയോ നയതന്ത്ര മര്യാദകളോ നൽകരുതെന്ന് കമ്മീഷൻ അംഗമായ ജീൻ മിൽസും വ്യക്തമാക്കി.

ഇന്ത്യയിൽ മതസ്വാതന്ത്ര്യം ലംഘിക്കപ്പെടുന്നുവെന്ന് ആരോപിച്ച് രാജ്യത്തെ 'പ്രത്യേക ആശങ്കയുള്ള രാജ്യമായി' പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള വാർഷിക റിപ്പോർട്ടിന് പിന്നാലെയാണ് കമ്മീഷന്റെ പുതിയ വിമർശനം. ആർ.എസ്.എസിനും ഇന്ത്യയുടെ റിസർച്ച് ആൻഡ് അനാലിസിസ് വിങ്ങിനുമെതിരെ ആസ്തി മരവിപ്പിക്കലും പ്രവേശന നിയന്ത്രണങ്ങളും ഉൾപ്പെടെയുള്ള ഉപരോധങ്ങൾ ഏർപ്പെടുത്താനും റിപ്പോർട്ടിൽ ശിപാർശ ചെയ്തിരുന്നു. എങ്കിലും, ഈ ശിപാർശകൾ ഉപദേശക സ്വഭാവമുള്ളതാണെന്നും യു.എസ് സർക്കാരിന്റെ ഔദ്യോഗിക നയമായി മാറില്ലെന്നും വ്യക്തമാണ്.

അതേസമയം, യു.എസ്.സി.ഐ.ആർ.എഫിന്റെ ഇത്തരം വിലയിരുത്തലുകളെ ഇന്ത്യ പൂർണമായും തള്ളിക്കളഞ്ഞു. പക്ഷപാതപരവും സംശയാസ്പദവുമായ സ്രോതസ്സുകളെയാണ് കമ്മീഷൻ ആശ്രയിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഇന്ത്യയെക്കുറിച്ചുള്ള ഇത്തരം തെറ്റായ ചിത്രീകരണങ്ങൾ അംഗീകരിക്കാനാകില്ലെന്നും ഇന്ത്യയുടെ ബഹുസ്വരതയെയും പാരമ്പര്യത്തെയും അംഗീകരിക്കാൻ ഏജൻസി തയാറാകുന്നില്ലെന്നും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു. ആഗസ്റ്റ് 25 മുതൽ യു.എസ്, കാനഡ, യു.കെ എന്നിവിടങ്ങളിലാണ് മോഹൻ ഭാഗവതിന്റെ ഔദ്യോഗിക സന്ദർശനം നിശ്ചയിച്ചിരിക്കുന്നത്. 

Tags:    
News Summary - US religious freedom body seeks sanctions on RSS ahead of Mohan Bhagwat’s visit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.