ഇന്ത്യയിലെ പാകിസ്‍താൻ ഹൈക്കമ്മീഷൻ കെട്ടിടം (ഫയൽ ചിത്രം)

കശ്മീർ പരാമർശത്തിൽ അതൃപ്തി; പാകിസ്‍താൻ ഹൈക്കമ്മീഷന് മുന്നിലെ സുരക്ഷാ ബാരിക്കേഡുകൾ നീക്കി ഇന്ത്യ

ന്യൂഡൽഹി: ഇന്ത്യയിലെ പാകിസ്‍താൻ ഹൈക്കമ്മീഷന് പുറത്തുള്ള സുരക്ഷാ ബാരിക്കേഡുകളും ട്രാഫിക് ബോർഡുകളും അധികാരികൾ നീക്കം ചെയ്തു. പാകിസ്താൻ മിഷന്റെ വിസ വിഭാഗത്തിന് സമീപമുള്ള ക്യൂ ലൈനറുകളും കോമ്പൗണ്ടിന്റെ നിശ്ചിത പരിധിക്കുള്ളിൽ വരാത്ത മറ്റ് ഘടനകളുമാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ എടുത്തുമാറ്റിയത്. ജമ്മു കശ്മീർ വിഷയത്തിലുള്ള അമേരിക്കൻ നിലപാടുകളിലും പരാമർശങ്ങളിലും പ്രതിഷേധിച്ച് പാകിസ്താൻ രംഗത്തുവന്ന് ദിവസങ്ങൾക്കകമാണ് നടപടിയുണ്ടായിരിക്കുന്നത്.

കശ്മീരിനെക്കുറിച്ചുള്ള യു.എസ് നയതന്ത്രജ്ഞന്റെ പരാമർശങ്ങൾ ഇരുരാജ്യങ്ങൾക്കുമിടയിൽ പുതിയ നയതന്ത്ര തർക്കങ്ങൾക്ക് കാരണമായിട്ടുണ്ട്. ജമ്മു കശ്മീർ ഇന്ത്യയുടെ ഒരു പ്രധാന ഭാഗമാണെന്ന യു.എസ് അംബാസഡറുടെ പ്രസ്താവനക്കെതിരെ പാകിസ്താൻ കടുത്ത എതിർപ്പാണ് പ്രകടിപ്പിച്ചത്. ഇതിന്റെ ഭാഗമായി ഇസ്‍ലാമാബാദിലെ യു.എസ് ചാർജ് ഡി അഫയേഴ്സ് നടാലി ബേക്കറെ പാകിസ്താൻ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തുകയും ശക്തമായ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. ഈ പ്രസ്താവനകൾ വസ്തുതാപരമായി തെറ്റാണെന്നും കശ്മീർ വിഷയത്തിൽ യു.എസ് പാലിച്ചുപോരുന്ന മുൻ നിലപാടുകൾക്ക് വിരുദ്ധമാണെന്നുമാണ് പാകിസ്താന്റെ വാദം. എന്നാൽ കശ്മീർ വിഷയത്തിൽ ഏതെങ്കിലും തരത്തിലുള്ള മൂന്നാം കക്ഷി ഇടപെടലിനെ ഇന്ത്യ എക്കാലത്തും എതിർത്തുപോന്നിട്ടുണ്ട്.

ആറ് വർഷത്തിനിടെ ആദ്യമായി കശ്മീർ സന്ദർശിച്ച യു.എസ് അംബാസഡർ സെർജിയോ ഗോർ, അവിടത്തെ വിവിധ രാഷ്ട്രീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യവും വളരെ പ്രധാനപ്പെട്ടതുമായ ഒരു ഭാഗമാണെന്നും അസാധാരണമായ പ്രകൃതി സൗന്ദര്യമുള്ള പ്രദേശം സന്ദർശിക്കാൻ നിരവധി അമേരിക്കക്കാർ ആഗ്രഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് ജമ്മു കശ്മീരിൽ സുരക്ഷാ സാഹചര്യങ്ങൾ മെച്ചപ്പെട്ട പശ്ചാത്തലത്തിൽ, ഇവിടേക്കുള്ള യാത്രയുമായി ബന്ധപ്പെട്ട യാത്രാ മുന്നറിയിപ്പുകൾ പുനഃപരിശോധിക്കാൻ അമേരിക്ക തയാറെടുക്കുന്നതായും സെർജിയോ പറഞ്ഞിരുന്നു. 

കശ്മീരിലെ യാത്രാ വിലക്കുകൾ പുനഃപരിശോധിക്കണമെന്ന് പി.ഡി.പി നേതാവ് മെഹബൂബ മുഫ്തി ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇത് ടൂറിസത്തെയും അവിടത്തെ ആയിരക്കണക്കിന് കുടുംബങ്ങളെയും സാരമായി ബാധിക്കുന്നുണ്ടെന്നാണ് അവർ ചൂണ്ടിക്കാണിച്ചത്. തുടർന്ന് മുഖ്യമന്ത്രി ഉമർ അബ്ദുല്ലയുമായുള്ള ചർച്ചയിൽ ഇന്ത്യ-യു.എസ് ബന്ധങ്ങളും കശ്മീർ വിഷയത്തിൽ അമേരിക്കക്ക് വഹിക്കാനാകുന്ന പങ്കും ചർച്ചാവിഷയമായി. ഇത്തരം സംഭവവികാസങ്ങൾ അന്താരാഷ്ട്ര തലത്തിലും പ്രാദേശിക തലത്തിലും വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്.  

Tags:    
News Summary - India removes safety barricades, bollards outside Pakistan High Commission in Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.