ബൈ​ര​വി ബ​സ​വ​ രാ​ജ് എം.​എ​ൽ.​എ, ആ​ഭ്യ​ന്ത​ര​മ​ന്ത്രി ഡോ. ​ജി. പ​ര​മേ​ശ്വ​ര

കൊലക്കേസ് പ്രതിയായ ബി.ജെ.പി എം.എൽ.എക്കെതിരെ ലുക്കൗട്ട് നോട്ടീസ്

ബംഗളൂരു: ഗുണ്ടാസംഘം തലവൻ ഗുണ്ടാനഗർ ശിവപ്രകാശ് എന്ന ബിക്ലു ശിവയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ബി.ജെ.പി എം.എൽ.എ ബൈരതി ബസവരാജ് പൊലീസിന് മുന്നിൽ കീഴടങ്ങുന്നതാണ് നല്ലതെന്ന് കർണാടക ആഭ്യന്തരമന്ത്രി ഡോ. ജി. പരമേശ്വര ബുധനാഴ്ച പറഞ്ഞു.

ചൊവ്വാഴ്ച കർണാടക ഹൈകോടതി എം.എൽ.എയുടെ ഇടക്കാല ജാമ്യം റദ്ദാക്കിയിരുന്നു. ഇതേത്തുടർന്ന് പ്രതിയെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ച സി.ഐ.ഡി പൊലീസ് രാജ്യം വിടാതിരിക്കാൻ വിവിധ സംസ്ഥാനങ്ങളിൽ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചു. ബൈരതി ബസവരാജിനെ പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് മാധ്യമപ്രവർത്തകർ ആരാഞ്ഞപ്പോൾ ബി.ജെ.പി എം.എൽ.എ ബൈരതി ബസവരാജ് പൊലീസിന് മുന്നിൽ കീഴടങ്ങുന്നത് നല്ലതാണെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു.

ചൊവ്വാഴ്ച കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. അദ്ദേഹം സ്വമേധയാ കീഴടങ്ങുകയാണെങ്കിൽ അതാണ് നല്ലത്. അല്ലെങ്കിൽ, പൊലീസ് അദ്ദേഹത്തെ അന്വേഷിക്കും -ആഭ്യന്തര മന്ത്രി പറഞ്ഞു.ബംഗളൂരു കെ.ആർ പുരത്തുനിന്നുള്ള ബി.ജെ.പി എം.എൽ.എയാണ് ബൈരതി ബസവരാജ്. കോടതി വിധിയെത്തുടർന്ന്, എം.എൽ.എയെ കണ്ടെത്താൻ സി.ഐ.ഡി ഉദ്യോഗസ്ഥർ തിരച്ചിൽ ആരംഭിച്ചു. ബസവരാജ് ഒളിവിൽ പോയതായി സി.ഐ.ഡി വൃത്തങ്ങൾ അറിയിച്ചു.

എപ്പോൾ വേണമെങ്കിലും അദ്ദേഹത്തെ അറസ്റ്റ് ചെയ്തേക്കാമെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. എം.എൽ.എ രാജ്യം വിടാൻ ശ്രമിച്ചേക്കാമെന്ന സംശയത്തിന്റെ പശ്ചാത്തലത്തിൽ, അദ്ദേഹത്തിനെതിരെ ലുക്കൗട്ട് സർക്കുലർ (എൽ.ഒ.സി) പുറപ്പെടുവിച്ചിട്ടുണ്ട്.

മറ്റു സംസ്ഥാനങ്ങളിലെ പൊലീസ് സേനകളുമായി സി.ഐ.ഡി ഏകോപിപ്പിക്കുകയും അദ്ദേഹത്തിന്റെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിനും അറസ്റ്റ് ഉറപ്പാക്കുന്നതിനുമായി പ്രത്യേക സംഘങ്ങൾ രൂപവത്കരിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം ജൂലൈ 15ന് ബംഗളൂരുവിലെ ഹലസുരു പ്രദേശത്താണ് ബിക്ലു ശിവയുടെ കൊലപാതകം നടന്നത്.

എം.എൽ.എക്കെതിരെ അന്വേഷണ ഉദ്യോഗസ്ഥർ നിർണായക തെളിവുകൾ ശേഖരിച്ചിരുന്നു. കൊലപാതകത്തിന് പിന്നിലെ വലിയ ഗൂഢാലോചന പുറത്തുകൊണ്ടുവരുന്നതിനും അന്വേഷണം തുടരുന്നതിനും ബസവരാജിനെ കസ്റ്റഡിയിൽ ചോദ്യംചെയ്യേണ്ടത് അത്യാവശ്യമാണെന്ന് സി.ഐ.ഡി വൃത്തങ്ങൾ അറിയിച്ചു.

വീടിനു മുന്നിൽ ബിക്ലു ശിവയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ബസവരാജിനെതിരെ കൊലപാതകക്കുറ്റം ചുമത്തുകയും അഞ്ചാം പ്രതിയാക്കുകയും ചെയ്തിട്ടുണ്ട്. ഇരയുടെ മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ബംഗളൂരു ഭാരതിനഗർ പൊലീസാണ് എം.എൽ.എക്കെതിരെ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തത്.

ബി.ജെ.പി എം.എൽ.എയുടെ പേര് താൻ ഒരിക്കലും പരാതിയിൽ പരാമർശിച്ചിട്ടില്ലെന്നും എഫ്‌.ഐ.ആറിൽ അദ്ദേഹത്തിന്റെ പേര് എങ്ങനെ ഉൾപ്പെടുത്തിയെന്ന് അറിയില്ലെന്നും മരിച്ചയാളുടെ മാതാവ് അവകാശപ്പെട്ടതോടെ കേസ് പിന്നീട് നാടകീയ വഴിത്തിരിവിലായി.

എന്നാൽ, കേസിലെ പ്രധാന പ്രതിയുമായി ബസവരാജിന് ബന്ധമുണ്ടെന്ന് പിന്നീട് പൊലീസ് സ്ഥിരീകരിച്ചു. കേസിലെ മുഖ്യപ്രതിയായ ജഗ്ഗ എന്ന ജഗദീഷുമായി ബസവരാജിന് തുടക്കത്തിൽ നേരിട്ട് ബന്ധമുണ്ടായിരുന്നു. കൊലപാതകത്തിന് മുമ്പ് ബിക്ലു ശിവയെ പലതവണ കണ്ടിരുന്നു. ബി.ജെ.പിയിൽ ചേരുന്നതിന് മുമ്പ് ബസവരാജ് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ സഹായിയായിരുന്നു.

Tags:    
News Summary - Lookout notice issued against BJP MLA accused in murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.