ന്യൂഡൽഹി: കേരളത്തിലെ 20 മണ്ഡലങ്ങളടക്കം രാ ജ്യത്തെ 116 ലോക്സഭ മണ്ഡലങ്ങൾ ഇന്ന് വിധിയെഴുതും. ഏഴു ഘട്ടങ്ങളിലായി നടക്കുന്ന ലോക് സഭ തെരഞ്ഞെടുപ്പിെൻറ മൂന്നാംഘട്ടമാണ് ഇന്ന്. ഏറ്റവും കൂടുതൽ മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്നതും മൂന്നാം ഘട്ടത്തിലാണ്. 18.56 കോടി വോട്ടർമാരാണ് ചൊവ്വാഴ്ച ബൂത്തിലെത്തുക. കേരളവും ഗുജറാത്തുമടക്കം 12 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് തെരഞ്ഞെടുപ്പ്.
ഗുജറാത്ത് -26, കേരളം -20, കർണാടക, മഹാരാഷ്ട്ര 14 വീതം, ഉത്തർപ്രദേശ് -10, ഛത്തിസ്ഗഢ് -ഏഴ്, ഒഡിഷ -ആറ്, പശ്ചിമ ബംഗാൾ, ബിഹാർ അഞ്ചുവീതം, അസം -നാല്, ഗോവ -രണ്ട്, ദാദ്ര-നാഗർഹവേലി, ദാമൻ-ദിയു, ജമ്മു-കശ്മീർ ഒന്നുവീതം എന്നിങ്ങനെയാണ് തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങൾ. ഈ മാസം 11ന് ആദ്യ ഘട്ടത്തിൽ 91ഉം 18ന് രണ്ടാം ഘട്ടത്തിൽ 95ഉം മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. രണ്ടാം ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്ന ഈസ്റ്റ് ത്രിപുര മണ്ഡലത്തിലെ പോളിങ് സുരക്ഷാ കാരണങ്ങളാൽ ഇന്നത്തേക്ക് മാറ്റിയിരുന്നു.
അതേസമയം, തമിഴ്നാട്ടിലെ വെല്ലൂർ ലോക്സഭ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് കമീഷൻ റദ്ദാക്കി. ഇന്നത്തോടെ ദക്ഷിണേന്ത്യയിലെ മുഴുവൻ മണ്ഡലങ്ങളിലെയും തെരഞ്ഞെടുപ്പ് പൂർത്തിയാവും.കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കേരളത്തിലെ വയനാട് മണ്ഡലത്തിലും ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ ഗുജറാത്തിലെ ഗാന്ധി നഗർ മണ്ഡലത്തിലും ജനവിധി തേടുന്നത് മൂന്നാം ഘട്ടത്തിലാണ്. ഏഴു കേന്ദ്ര മന്ത്രിമാരാണ് ഇന്ന് മത്സര രംഗത്തുള്ളത്. നാലാം ഘട്ടം ഈ മാസം 29നാണ്. മേയ് ആറ്, 12, 19 തീയതികളിലാണ് തുടർ ഘട്ടങ്ങൾ. മേയ് 23നാണ് ഫലപ്രഖ്യാപനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.