ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് 19 വൈറസ് ബാധയെ തുടർന്ന് പ്രഖ്യാപിച്ച ലോക്ഡൗൺ മൂന്നാം ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. മെയ് 17 വരെയാണ് ലോക്ഡൗൺ. ഇതിന് ശേഷം എന്താവും കേന്ദ്രസർക്കാറിൻെറ നടപടികളെന്നത് സംബന്ധിച്ച് ഇപ്പോൾ തന്നെ ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്. ഇതിനിടെ ഇതുമായി ബന്ധപ്പെട്ട് ചില സൂചനകൾ ഉദ്യോഗസ്ഥർ നൽകിയതായി ഇക്കോണിമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
മൂന്നാം ഘട്ടം ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ തന്നെ ചില ഇളവുകൾ കേന്ദ്രസർക്കാർ നൽകിയിരുന്നു. എന്നാൽ, ഈ ഇളവുകളിൽ അവ്യക്തതയുള്ളതായി പരാതിയുണ്ടായിരുന്നു. ഇത് അധികാരം പ്രാദേശിക തലങ്ങളിൽ കേന്ദ്രീകരിക്കുന്നതിനും ഉദ്യോഗസ്ഥ രാജിനും ഇടയാക്കുമെന്നായിരുന്നു വിമർശനം. ഈയൊരു സാഹചര്യത്തിൽ കൂടുതൽ വ്യക്തത ഇളവുകളുടെ കാര്യത്തിൽ കേന്ദ്രസർക്കാർ ഉണ്ടാക്കുമെന്നാണ് സൂചന.
മെയ് 17ന് ശേഷം ചില പ്രവർത്തനങ്ങൾ നെഗറ്റീവ് ലിസ്റ്റിലുൾപ്പെടുത്തി പൂർണമായും നിയന്ത്രിക്കും. അല്ലാത്ത ഭൂരിപക്ഷം സാമ്പത്തിക പ്രവർത്തനങ്ങൾക്കും കേന്ദ്രസർക്കാർ അനുമതി നൽകിയേക്കും. രാജ്യത്തെ വിതരണ സമ്പ്രദായം പൂർണമായും തുറന്ന് കൊടുക്കും. എന്നാൽ, ശാരീരിക അകലം കർശനമായി പാലിച്ചും മറ്റ് സുരക്ഷാ സംവിധാനങ്ങളോട് കൂടിയാവും സമ്പദ്വ്യവസ്ഥ തുറന്നു കൊടുക്കുക. ചെറുകിട വ്യവസായങ്ങൾക്ക് ചില ഇളവുകൾ അനുവദിച്ചിട്ടുണ്ടെങ്കിലും പൂർണമായ രീതിയിൽ പ്രവർത്തന സജ്ജമായിട്ടില്ല. ഇത് വീണ്ടും തുറന്ന് കൊടുക്കുന്നതിനുള്ള നടപടികളും സർക്കാർ മൂന്നാം ഘട്ട ലോക്ഡൗണിന് ശേഷം സ്വീകരിച്ചേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.