ആ ഉറപ്പ് പാഴായോ? ജി.എസ്.ടി ഇളവ് പ്രഖ്യാപിച്ച് ഒരാഴ്ച പിന്നിട്ടിട്ടും ആനുകൂല്യങ്ങൾ പൂർണമായി ലഭിച്ചുതുടങ്ങിയിട്ടില്ലെന്ന് സർവേ

ന്യൂഡൽഹി: കേന്ദ്രസർക്കാർ കൊട്ടിഘോഷിച്ച് നടപ്പാക്കിയ ജി.എസ്.ടി ഇളവിന്റെ ഗുണങ്ങൾ ഒരാഴ്ചക്ക് ശേഷവും പൗരൻമാർക്ക് പൂർണമായി ലഭിച്ചുതുടങ്ങിയില്ലെന്ന് സർവേ. സമൂഹമാധ്യമമായ ലോക്കൽ സർക്കിൾ നടത്തിയ സർവേയിലാണ് കണ്ടെത്തലുള്ളത്.

ഇന്ത്യയിലെ 332 ജില്ലകളിലായി 27,000-ത്തിലധികം ഉപഭോക്താക്കളിൽ നിന്ന് 78,000ത്തിലധികം പ്രതികരണങ്ങളാണ് സർവേയിൽ ​രേഖപ്പെടുത്തിയത്. പാക്ക് ചെയ്ത ഭക്ഷ്യവസ്തുക്കളിൽ ജി.എസ്.ടി ഇളവിൻറെ ഗുണങ്ങൾ ലഭിച്ചുതുടങ്ങിയതായി 10 പേരിൽ ഒരാൾ മാത്രമാണ് അഭിപ്രായപ്പെട്ടതെന്ന് സർവേ പറയുന്നു.

മരുന്നുകളുടെ വിലയിലും സമാനമായിരുന്നു പ്രതികരണം. ജി.എസ്.ടി ഇളവിൻറെ ആനൂകൂല്യങ്ങൾ മരുന്നുവിലയിൽ പ്രതിഫലിച്ചുവെന്ന് പത്തിൽ ഒരാൾ പറഞ്ഞപ്പോൾ, ഇളവുകൾ ഭാഗികമായി ലഭിച്ചുതുടങ്ങിയെന്ന് പത്തിൽ രണ്ടുപേർ അഭിപ്രായപ്പെട്ടു.

ഇലക്ട്രിക്കൽ വീട്ടുപകരണങ്ങൾ, ഗാർഹിക ഉപകരണങ്ങൾ, കൺസ്യൂമർ ഇലക്ട്രോണിക്സ് വിഭാഗത്തിൽ, 10 ഉപഭോക്താക്കളിൽ മൂന്ന് പേർ ആദ്യ ആഴ്ചക്കുള്ളിൽ തന്നെ നിരക്ക് കുറവിന്റെ പൂർണ്ണ ആനുകൂല്യങ്ങൾ ലഭിച്ചതായി സ്ഥിരീകരിച്ചു. അതേസമയം 10 ൽ മൂന്ന് പേർക്ക് ഭാഗിക ആനുകൂല്യങ്ങൾ മാത്രമേ ലഭിച്ചുള്ളൂവെന്ന് സർവേയിൽ വെളിപ്പെടുത്തി.

പല ചില്ലറ വ്യാപാരികളും പാക്കേജിംഗിൽ ജി.എസ്.ടി ഇളവ് നിലവിൽ വരുന്നതിന് മുമ്പുള്ള വില തുടരുകയാണെന്ന് സർവേയിൽ കണ്ടെത്തലുണ്ട്. പഴയ സ്റ്റോക്ക് ഉണ്ടായത് കൊണ്ടുതന്നെ പുതുക്കിയ വിലകൾ ബില്ലിൽ ക്രമീകരിക്കു​മെന്ന് വ്യാപാരികളിൽ ചിലർ കടകളിൽ അറിയിപ്പുകൾ പ്രദർശിപ്പിച്ചിരുന്നുവെന്നും സർവേയിൽ പ​ങ്കെടുത്തവർ പറയുന്നു.

ഇളവ് നിലവിൽ വന്ന് ആദ്യ ആഴ്ചക്കുള്ളിൽ തന്നെ ഉപഭോക്താക്കൾക്ക് പൂർണമായി ആനുകൂല്യങ്ങൾ ലഭ്യമായിത്തുടങ്ങിയ ഒരേയൊരു മേഖല വാഹനവിപണിയാണ്. പത്തിൽ ഏഴ് ഉപഭോക്താക്കളും നിരക്ക് കുറവിന്റെ പൂർണ്ണ ആനുകൂല്യങ്ങൾ ലഭിച്ചതായി സ്ഥിരീകരിച്ചു. അതേസമയം ഭാഗികമായി മാത്രമാണ് ആനുകൂല്യങ്ങൾ ലഭിച്ചതെന്ന് പത്തിൽ രണ്ട് പേർ വെളിപ്പെടുത്തി. 

News Summary - Less Than 30% Of Medicine, Packaged Food Buyers See gst Benefits, Says Survey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.