'ഒരു മാസത്തിനുള്ളിൽ ഹിന്ദി പഠിക്കണം'; വിദേശ ഫുട്ബാൾ കോച്ചിനെ ഭീഷണിപ്പെടുത്തി ബി.ജെ.പി നേതാവ്

ന്യൂഡൽഹി: വിദേശഫുട്ബാൾ കോച്ചിനെ ഭീഷണിപ്പെടുത്തി പ്രാദേശിക ബി.ജെ.പി നേതാവ്. ഡൽഹിയിലാണ് സംഭവം. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾപുറത്ത് വന്നിട്ടുണ്ട്. മയൂർ വിഹാറിലെ മുൻസിപ്പൽ പാർക്കിൽ കുട്ടികളെ പരിശീലിപ്പിക്കുന്ന ആഫ്രിക്കൻ പരി​ശീലകന് നേരായാണ് ബി.ജെ.പിയുടെ പത്പർഗഞ്ച് കൗൺസിലർ രേണു ചൗധരി ഭീഷണി മുഴക്കിയത്.

വർഷങ്ങളായി മുൻസിപ്പൽ കോർപ്പറേഷൻ ഗ്രൗണ്ടിൽ കുട്ടികൾക്ക് പരിശീലനം നൽകുന്ന കോച്ചിനോടാണ് ഒരു മാസത്തിനുള്ളിൽ ഹിന്ദി പഠിച്ചില്ലെങ്കിൽ പരിശീലനം നടത്താൻ അനുവദിക്കില്ലെന്ന് ബി.ജെ.പി കൗൺസിലർ ഭീഷണി മുഴക്കിയത്. ഗ്രൗണ്ട് ഉപയോഗിച്ച് നിങ്ങൾ പണം നേടുന്നുണ്ടെങ്കിൽ ഉറപ്പായും ഹിന്ദി പഠിച്ചെടുത്തെ മതിയാകുവെന്ന് അവർ പറഞ്ഞു.

ബി.ജെ.പി നേതാവിന്റെ പ്രതികരണത്തിനെതിരെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. ആം ആദ്മി പാർട്ടി നേതാവ് സോംനാഥ് ഭാരതി ഇക്കാര്യത്തിൽ ബി.ജെ.പി നേതാവിനെ വിമർശിച്ച് രംഗത്തെത്തി. വിദേശത്ത് ഇന്ത്യയുടെ പ്രതിഛായ നഷ്ടപ്പെടുന്നതിന് ഇത്തരം സംഭവങ്ങൾ ഇടയാക്കുമെന്ന് അദ്ദേഹം പറഞ്ഞു. എക്സിലൂടെയായിരുന്നു സോംനാഥ് ഭാരതിയുടെ പ്രതികരണം.

അതേസമയം, സംഭവത്തിൽ ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്ന് ഡൽഹി പൊലീസ് അറിയിച്ചു. പരാതി ലഭിച്ച അന്വേഷണം നടത്തി നടപടികൾ സ്വീകരിക്കുമെന്നും ഡൽഹി പൊലീസ് വ്യക്തമാക്കി. അതേസമയം, വിവാദത്തിന് ശേഷവും തന്റെ നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്ന് രേണു ചൗധരി പറഞ്ഞു. വിദേശത്ത് നിന്നെത്തിയ ഒരാൾ ഇന്ത്യയുടെ സംസ്കാരത്തേയും നിയമങ്ങളേയും ബഹുമാനിക്കണമെന്നും അവർ കൂട്ടിച്ചേർത്തു. 



Tags:    
News Summary - Learn Hindi in a month’: BJP councillor Renu Chaudhary sparks controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.