ദുംക ട്രഷറി കേസിൽ ജാമ്യം; ലാലുപ്രസാദ്​ യാദവ്​ ജയിൽ മോചിതനാകും

റാഞ്ചി: കാലിത്തീറ്റ കുംഭകോണക്കേസിൽ രാഷ്​ട്രീയ ജനതാദൾ (ആർ.ജെ.ഡി) നേതാവ്​ ലാലുപ്രസാദ്​ യാദവിന്​ ജാമ്യം. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട ദുംക ട്രഷറി തട്ടിപ്പ് കേസിൽ കൂടി ജാമ്യം ലഭിച്ചതോടെ ലാലു ജയിൽ മോചിതനാകും.

നിലവിൽ ഡൽഹി എയിംസിൽ ചികിത്സയിൽ കഴിയു​ന്ന ലാലുവിന്​ കുംഭകോണവുമായി ബന്ധപ്പെട്ട നാലിൽ മൂന്ന്​ കേസുകളിൽ നേരത്തെ ജാമ്യം ലഭിച്ചിരുന്നു. നാലാമത്തെ കേസിൽ കൂടി ജാമ്യം ലഭിച്ചതോടെ ആശുപത്രി വിടു​ന്ന മുറക്ക്​ ലാലുവിന്​ വീട്ടിലേക്ക്​ മടങ്ങാം.

ഇതേ കേസിൽ ഫെബ്രുവരി 19ന് ഝാർഖണ്ഡ്​ ഹൈകോടതി ലാലുവിന്​ ജാമ്യം നിഷേധിച്ചിരുന്നു. കേസില്‍ ജയില്‍ ശിക്ഷയുടെ പകുതി കാലയളവ് പൂര്‍ത്തിയാക്കാന്‍ രണ്ട് മാസം കൂടി ശേഷിക്കുന്നുണ്ടെന്നും അതിന് ശേഷം മാത്രമാകും ജാമ്യം അനുവദിക്കാനാവുക എന്നുമാണ് ഹൈകോടതി പറഞ്ഞിരുന്നത്.

ഇന്ന് കേസ് പരിഗണിക്കവെ പകുതി ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയതിനാല്‍ അദ്ദേഹത്തിന് ജാമ്യം അനുവദിക്കണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെടുകയായിരുന്നു.

1991 നും 1996 നും ഇടയിൽ ബിഹാർ മുഖ്യമന്ത്രിയായിരുന്നപ്പോൾ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ ദുംക ട്രഷറിയിൽ നിന്ന് 3.5 കോടി രൂപ തട്ടിപ്പ് നടത്തിയതാണ് കേസ്. കേസുമായി ബന്ധപ്പെട്ട് ഏഴുവര്‍ഷത്തെ ജയിൽ ശിക്ഷയാണ്​ ലാലുവിന്​ ലഭിച്ചത്​. കഴിഞ്ഞ ഒക്​ടോബറിൽ ചൈബാസ ട്രഷറി കേസിൽ ലാലുവിന് ജാമ്യം ലഭിച്ചിരുന്നു.

2017 ഡിസംബർ മുതൽ ജയിലിലുള്ള ലാലു കൂടുതൽ കാലം ഝാർഖണ്ഡിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട്​ ഓഫ്​ മെഡിക്കൽ സയൻസസിൽ ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന്​ ജനുവരിയിലാണ്​ ഡൽഹിയിലേക്ക്​ കൊണ്ടുപോയത്​.

ലാലുവിന്‍റെ അസാന്നിധ്യത്തിൽ നിയമസഭ തെരഞ്ഞെടുപ്പിൽ മകൻ തേജസ്വി യാദവായിരുന്നു ആർ.ജെ.ഡിയെ നയിച്ചത്​. 40വർഷത്തിനിടെ ആദ്യമായി ലാലുവിന്​ പ്രചാരണം നടത്താൻ സാധിക്കാത്ത തെര​ഞ്ഞെടുപ്പാണ്​ കഴിഞ്ഞ വർഷം കടന്നുപോയത്​.

Tags:    
News Summary - Lalu prasad Yadav Gets Bail In Dumka Treasury Case related to Fodder Scam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.