ലഡാക് പ്രതിഷേധം
ന്യൂഡൽഹി: പൊലീസ് വെടിവെപ്പിലും നാലുപേരുടെ മരണത്തിലും കലാശിച്ച ലഡാക് സംഘർഷത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചതോടെ കേന്ദ്ര സർക്കാറുമായി ചർച്ചക്ക് തയാറായി ലഡാക്കിലെ പ്രതിഷേധക്കാർ.
ലഡാക്കിന് സംസ്ഥാന പദവിയും ആറാം ഷെഡ്യൂൾ പദവിയും ആവശ്യപ്പെട്ട് അഞ്ച് വർഷമായി സമരം നടത്തുന്ന ലേ അപ്പക്സ് ബോഡി (എൽ.എ.ബി ) കാർഗിൽ ഡെമോക്രാറ്റിക് അലയൻസ് (കെ.ഡി.എ ) കൂട്ടായ്മകളിലെ മൂന്നുവീതം പ്രതിനിധികളും ലഡാക്ക് എം.പി മുഹമ്മദ് ഹനീഫുമാണ് ബുധനാഴ്ച ഡൽഹിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി ചർച്ച നടത്തുന്നത്.
ഒക്ടോബർ 22ന് ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ ഉപസമിതിയുടെ യോഗത്തിലേക്ക് രണ്ട് സംഘടനകളെയും ക്ഷണിച്ചിട്ടുണ്ടെന്നും അനുകൂല തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും എൽ.എ.ബി അധ്യക്ഷൻ ചെറിങ് ഡോർജെ ലക്രോക്ക് പഞ്ഞു.
സർക്കാറുമായി ചർച്ച തുടരണമെങ്കിൽ സെപ്റ്റംബർ 24നുണ്ടായ സംഘർഷത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ഇരുസംഘടനകളും ആവശ്യപ്പെട്ടിരുന്നു. ഇതേത്തേുടർന്ന് സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് ബി.എസ്. ചൗഹാൻ അധ്യക്ഷനായ സമിതി രൂപവത്കരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കഴിഞ്ഞ ദിവസം വിജ്ഞാപനം പുറപ്പെടുവിക്കുകയുണ്ടായി. ഇതിന് പിന്നാലെയാണ് കേന്ദ്രം ചർച്ചക്ക് ക്ഷണിച്ചിരിക്കുന്നത്.
സമാധാനപരമായി നിരാഹാര സമരം നയിക്കുകയായിരുന്നവരിൽ രണ്ടുപേരെ പൊലീസ് ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റിയതോടെയാണ് യുവാക്കൾ ഒന്നടങ്കം പ്രതിഷേധവുമായി തെരുവിലിറങ്ങുകയും അവരെ പൊലീസ് നേരിട്ടതോടെ സമരക്കാർ അക്രമാസക്തരായി കല്ലേറും തീവെപ്പും തുടങ്ങുകയുമായിരുന്നു. ബി.ജെ.പി ആസ്ഥാനത്തിന് നേർക്കും ബി.ജെ.പി ഭരിക്കുന്ന ഹിൽ കൗൺസിൽ ആസ്ഥാനത്തിന് നേർക്കും ആക്രമണം അഴിച്ചുവിട്ട സമരക്കാർ അവക്കും പൊലീസ് വാഹനത്തിനും തീവെക്കുകയും ചെയ്തു. 22 പൊലീസുകാർക്കും അക്രമത്തിൽ പരിക്കേറ്റു. നിരാഹാര സമരം നയിച്ചതിന് പരിസ്ഥിതി പ്രവർത്തകൻ വാങ്ചുകിനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.