ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് എണ്ണ ഇറക്കുമതി വർധിപ്പിച്ച് ഇന്ത്യ; റഷ്യക്ക് ആശ്വാസമായി ചൈനയും

ന്യൂഡൽഹി: റഷ്യൻ എണ്ണ വാങ്ങരുതെന്ന യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഭീഷണിക്കിടെ ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ വർധിപ്പിച്ചു. ഇന്ത്യൻ ഓയിൽ കോർപറേഷൻ മിഡിൽ ഈസ്റ്റിൽനിന്നും പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുമായി 60 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ ലഭ്യമാക്കിയതായാണ് പ്രാഥമിക വിവരം.

റഷ്യൻ എണ്ണയെ ആശ്രയിക്കുന്നതിൽനിന്ന് ഇന്ത്യ വ്യതിചലിക്കുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്. മാർച്ച്-ഏപ്രിൽ മാസത്തേക്കുള്ള റഷ്യൻ ക്രൂഡ് ഓയിൽ ഓഫറുകൾ ഇന്ത്യൻ എണ്ണക്കമ്പനികൾ സ്വീകരിക്കുന്നില്ല. മാത്രമല്ല കൂടുതൽ കാലത്തേക്ക് അത്തരം വ്യാപാരങ്ങളിൽനിന്ന് വിട്ടുനിൽക്കാനാണ് സാധ്യതയെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

റഷ്യൻ എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട് ട്രംപ് ഇന്ത്യക്ക് മേൽ ചുമത്തിയ 25 ശതമാനം അധിക തീരുവ യു.എസുമായി വ്യാപാര കരാർ പ്രഖ്യാപിച്ചതിനെ തുടർന്ന് എടുത്തുകളഞ്ഞിരുന്നു. എന്നാൽ വീണ്ടും ഇന്ത്യ റഷ്യൻ ഓയിൽ ഇറക്കുമതി ചെയ്താൽ പിഴതീരുവ വീണ്ടും ചുമത്തുമെന്ന് ട്രംപിന്‍റെ ഭീഷണിയുണ്ട്.

അതേസമയം. ഇന്ത്യ മുഖം തിരിച്ചതോടെ റഷ്യക്ക് ആശ്വാസവുമായി എത്തിയത് ചൈനയാണ്. 2024 നവംബറിന് ശേഷം ഇ.എസ്.പി.ഒ എന്ന റഷ്യൻ എണ്ണയുടെ 100 ശതമാനം കയറ്റുമതിയും നടന്നത് ചൈനയിലേക്കാണ്. ചൈനക്ക് ബാരലിന് എഴ് ശതമാനം വീതം ഡിസ്കൗണ്ടാണ് റഷ്യ നൽകുന്നത്. വെനസ്വേല, ഇറാൻ എന്നിവിടങ്ങളിൽനിന്ന് എണ്ണ ലഭ്യത കുറഞ്ഞതും ചൈനയെ റഷ്യയുമായി അടുപ്പിച്ചു. 

Tags:    
News Summary - China comes as a relief to Russia; India increases oil imports from African countries

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.