യോഗ കണ്ടുപിടിക്ക​പ്പെട്ട സമയത്ത്​ ഇന്ത്യ എന്ന രാജ്യമേ ഉണ്ടായിരുന്നില്ല -വീണ്ടും വിവാദ പ്രസ്​താവനയുമായി നേപാൾ പ്രധാനമന്ത്രി

കാഠ്​മണ്ഡു: യോഗയുടെ ഉദ്​ഭവം ഇന്ത്യയിലല്ല, നേപാളിലാണെന്ന അവകാശവാദവുമായി നേപാൾ പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലി രംഗത്ത്​. യോഗ കണ്ടുപിടിക്കപ്പെട്ട സമയത്ത്​ ഇന്ത്യ എന്ന രാജ്യമേ ഉണ്ടായിരുന്നില്ലെന്ന്​ അദ്ദേഹം പറഞ്ഞു. ലോകം മുഴുവൻ അന്താരാഷ്ട്ര യോഗദിനം ആഘോഷിക്കുന്നതിനിടെയാണ് വീണ്ടും വിവാദ പരാമർശവുമായി ഒലി രംഗത്തെത്തുന്നത്​. മുമ്പ്​, ശ്രീരാമൻ ജനിച്ചത് നേപാളിലാണെന്ന വിവാദ പ്രസ്താവന ഒലി നടത്തിയിരുന്നു. ഇത്​ അദ്ദേഹം ആവർത്തിക്കുകയും ചെയ്തു.

'ഇന്ത്യ എന്ന രാജ്യം നിലവിൽ വരുന്നതിന് മുമ്പുതന്നെ നേപാളിൽ ആളുകൾ യോഗ ചെയ്തിരുന്നു. യോഗയുടെ ഉത്ഭവം ഇന്ത്യയിലല്ല. യോഗ കണ്ടുപിടിക്കപ്പെട്ട സമയത്ത് ഇന്ത്യ എന്ന രാജ്യം ഉണ്ടായിരുന്നില്ല. ഇന്ത്യ നിരവധി നാട്ടുരാജ്യങ്ങളായിരുന്ന സമയത്തുതന്നെ നേപാളിൽ ജനങ്ങൾ യോഗ ചെയ്തിരുന്നു. യോഗയുടെ ഉത്ഭവം നേപാളിലോ ഉത്തരാഖണ്ഡിന് സമീപത്തോ ആണ്. യോഗ കണ്ടെത്തിയ ഋഷിമാർക്ക് അംഗീകാരം നൽകാൻ ഞങ്ങൾക്ക്​ ആയിട്ടില്ല. ഇതേക്കുറിച്ച്​ ചില പ്രഫസർമാരുമായി സംസാരിക്കുക മാത്രമാണ്​ ചെയ്​തത്​. യോഗയുടെ കാര്യത്തിൽ ശരിയായ രീതിയിൽ അവകാശവാദം ഉന്നയിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടില്ല. യോഗയെ അന്താരാഷ്ട്ര തലത്തിൽ ഉയർത്തി കാണിക്കാനും ഞങ്ങൾക്ക് കഴിഞ്ഞില്ല. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അന്താരാഷ്​ട്ര യോഗ ദിനം ആചരിക്കാൻ ആഹ്വാനം ചെയ്​ത്​ യോഗയ്ക്ക് രാജ്യാന്തര പ്രശസ്തി നൽകിയത്.' - അന്താരാഷ്​ട്ര യോഗദിനത്തിൽ സംസാരിക്കവെ ശർമ ഒലി പറഞ്ഞു.

ശ്രീരാമൻ ജനിച്ചത് ഇന്ത്യയിലല്ല നേപാളിലാണെന്ന അവകാശവാദംഅ​ദ്ദേഹം വീണ്ടും ഉന്നയിച്ചു. രാമൻ ജനിച്ചത്​ അയോധ്യയിൽ അല്ല, നേപാളിലെ ചിത്വാർ ജില്ലയിലുള്ള അയോധ്യാപുരി എന്നറിയപ്പെടുന്ന സ്ഥലത്താണെന്നാണ്​ ഒലി നേരത്തെ അവകാശപ്പെട്ടിരുന്നത്​. ശ്രീരാമന്‍റെയും സീതയുടെയും ലക്ഷ്മണന്‍റെയും പേരിൽ വലിയ ക്ഷേത്രങ്ങൾ അവിടെ നിർമിക്കാൻ നിർദേശിക്കുകയും ചെയ്തിരുന്നു.

'അയോധ്യാപുരി നേപാളിലാണ്. വാത്മീകി ആശ്രമം നേപാളിലെ അയോധ്യാപുരിക്ക് സമീത്താണ്. സീത മരിച്ച ദേവ്ഘട്ട് അയോധ്യാപുരിക്കും വാത്മീകി ആശ്രമത്തിനും സമീപത്താണ്​. പതഞ്ജലി, കപിൽമുനി, ചരകമുനി തുടങ്ങിയ മഹർഷിമാരുടെ നാടാണ് നേപാൾ. ഇവിടെ ജനിച്ച നിരവധി മഹർഷിമാർ നൂറ്റാണ്ടുകളോളംആയുർവേദത്തിൽ പഠനങ്ങളും ഗവേഷണങ്ങളും നടത്തിയിരുന്നു. ഹിമാലയത്തിലെ പച്ചമരുന്നുകളെ കുറിച്ചുള്ള ഗവേഷണമൊന്നും നടത്തിയത്​ ബനാറസിൽ (വാരണാസി) അല്ല. നേപാളിൽ നടത്തിയ ഗവേഷണങ്ങളുടെ രേഖകളെല്ലാം വാരണാസിയിലേക്ക്​ കടത്തുകയായിരുന്നു എന്നും ഒലി ആരോപിച്ചു.

'വിശ്വാമിത്ര മഹർഷി അടക്കമുള്ളവരും നേപാളിലാണ് ജനിച്ചത്. ശ്രീരാമനും ലക്ഷ്മണനും വിദ്യ പകർന്നു നൽകിയത് അദ്ദേഹമാണ്. ഇത്തരത്തിലുള്ള ചരിത്രപരവും മതപരവുമായ കാര്യങ്ങളെല്ലാം വളച്ചൊടിക്കപ്പെട്ടു. ഒരു പുതിയ ചരിത്രം നേപാളിന്​ രചിക്കേണ്ടതുണ്ട്. വസ്തുതകൾ നമുക്ക് അറിയാമെന്നിരിക്കെ, സത്യം തുറന്നുപറയുന്നതിന് നാം മടിക്കേണ്ടതില്ല. ചരിത്രവും സംസ്കാരവുമായി ബന്ധപ്പെട്ട വസ്തുതകൾ ആർക്കും വളച്ചൊടിക്കാൻ കഴിയില്ല' -ശർമ ഒലി ചൂണ്ടിക്കാട്ടി.

Tags:    
News Summary - KP Sharma Oli claims yoga originated in Nepal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.