ഹവാല പണം തട്ടല്‍: കോടാലി ശ്രീധരനും മകനും വിദേശത്തേക്ക് കടന്നതായി സംശയം

കോയമ്പത്തൂര്‍: മധുക്കരക്ക് സമീപം എല്‍ ആന്‍ഡ് ടി ബൈപാസ് റോഡില്‍നിന്ന് മലപ്പുറം സ്വദേശിയുടെ 3.90 കോടി രൂപയും കാറും കവര്‍ന്ന കേസിലെ മുഖ്യപ്രതികളായ കോടാലി ശ്രീധരന്‍ (60), മകന്‍ അരുണ്‍ (35) എന്നിവര്‍ വിദേശത്തേക്ക് കടന്നതായി പൊലീസിന് സംശയം. മലയാളിയും അന്തര്‍സംസ്ഥാന കുറ്റവാളിയുമായ ശ്രീധരന്‍ രക്ഷപ്പെടാതിരിക്കാന്‍ വിമാനത്താവളങ്ങളില്‍ ജാഗ്രതാനിര്‍ദേശം നല്‍കുന്നതില്‍ പൊലീസ് വീഴ്ച വരുത്തിയതായും ആരോപണമുയര്‍ന്നു. കോടാലി ശ്രീധരന്‍ പിടിയിലായാല്‍ തമിഴ്നാട് പൊലീസിലെ ചില ഉന്നതര്‍ കുടുങ്ങിയേക്കുമെന്ന സാഹചര്യത്തിലാണിത്. ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെ തമിഴ്നാട് പൊലീസിലെ അഞ്ച് ഉദ്യോഗസ്ഥര്‍ കേസില്‍ അറസ്റ്റിലായി കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലിലാണ്.

പരമത്തി പൊലീസ് ഇന്‍സ്പെക്ടര്‍ മുത്തുകുമാര്‍ (40), എസ്.ഐ ശരവണന്‍ (42), ഹെഡ് കോണ്‍സ്റ്റബ്ള്‍ ധര്‍മേന്ദ്രന്‍ (38), ചെന്നിമല സ്റ്റേഷനിലെ ഹെഡ്കോണ്‍സ്റ്റബ്ള്‍ അര്‍ജുനന്‍ (45), പരമത്തി സ്റ്റേഷനിലെ ഹെഡ്കോണ്‍സ്റ്റബ്ള്‍ പളനിവേല്‍ (51) എന്നിവരാണിവര്‍. തൃശൂര്‍ മൂരിയാട് സുഭാഷ് എന്ന രാമു (42), ഗുരുവായൂര്‍ സുധീര്‍കുമാര്‍ (33), മലപ്പുറം ഷഫീഖ് (28) എന്നീ മലയാളികളും ജയിലിലാണ്. കോടാലി ശ്രീധരന്‍െറ ഏജന്‍റുമാരില്‍നിന്ന് ഇതുവരെ 77 ലക്ഷം രൂപയാണ് പിടികൂടിയത്. ബാക്കിയുള്ള 3.13 കോടി രൂപ സംബന്ധിച്ച വിവരം ലഭ്യമാവണമെങ്കില്‍ ശ്രീധരന്‍ പിടിയിലാവണം. കേരളത്തിലേക്ക് കടത്തുന്ന ഹവാലപണം തമിഴ്നാട് പൊലീസിന്‍െറ സഹായത്തോടെ തട്ടിയെടുക്കുകയാണ് കോടാലി ശ്രീധരന്‍െറ പതിവ്.

മലപ്പുറത്തെ വ്യാപാരിയായ അന്‍വര്‍ സാദത്തിന്‍െറ ജീവനക്കാരായ മുഹമ്മദ് ഇബ്രാഹീം (53), മുസീര്‍ (35), സന്തോഷ് (32), ആനന്ദ് (29) എന്നിവര്‍ ചെന്നൈയില്‍നിന്ന് 3.90 കോടി രൂപയുമായി കാറില്‍ നാട്ടിലേക്ക് വരവെ ആഗസ്റ്റ് 25ന് പുലര്‍ച്ചെ നാലരക്ക് മധുക്കര ബൈപാസ് റോഡിലാണ് സംഘം തടഞ്ഞുനിര്‍ത്തിയത്.

ഇതില്‍ മൂന്നുപേര്‍ പൊലീസ് യൂനിഫോമിലായിരുന്നു. പണവുമായി നാലുപേരെയും കസ്റ്റഡിയിലെടുത്ത് ജീപ്പില്‍ കയറ്റിക്കൊണ്ടുപോയ സംഘം ഇവരെ പൊള്ളാച്ചിക്ക് സമീപം ഇറക്കിവിടുകയായിരുന്നു. ആദ്യഘട്ടത്തില്‍ വ്യാജ പൊലീസ് സംഘമാണെന്നാണ് സംശയിച്ചിരുന്നത്. പിന്നീടാണ് യഥാര്‍ഥ പൊലീസുകാരാണ് പിന്നിലെന്നറിവായത്.

Tags:    
News Summary - Kodali Sreedharan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.