കെ.കെയുടെ ഹൃദയതാളം തെറ്റി; സി.പി.ആർ നൽകിയിരുന്നെങ്കിൽ രക്ഷിക്കാമായിരുന്നു

കൊൽക്കത്ത: ജനപ്രിയ ബോളിവുഡ് ഗായകൻ കെ.കെ. എന്ന കൃഷ്ണകുമാർ കുന്നത്തിന്‍റെ (53) ഹൃദയ ഭിത്തികളിലെ രക്തക്കുഴലുകളിൽ നിരവധിയിടങ്ങളിൽ ബ്ലോക്കുണ്ടായിരുന്നുവെന്നും കൃത്യസമയത്ത് പ്രാഥമിക ചികിത്സ (സി.പി.ആർ) നൽകിയിരുന്നെങ്കിൽ രക്ഷിക്കാൻ കഴിയുമായിരുന്നുവെന്നും റിപ്പോർട്ട്. ഇടതുഭാഗത്തെ പ്രധാന കോറോണറി ധമനിയിൽ വലിയ ബ്ലോക്കുണ്ടായിരുന്നുവെന്നും ഇതിന് പുറമെ മറ്റു രക്തക്കുഴലുകളിലായി ചെറിയ നിരവധി ബ്ലോക്കുകളുണ്ടായിരുന്നുവെന്നും പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ സ്ഥിരീകരിച്ചു.

സ്റ്റേജ് പരിപാടിയിലെക്കിടെയുള്ള ആവേശത്തിനിടെ ധമനികളിലെ രക്തപ്രവാഹം നിലച്ചത് അദ്ദേഹത്തിന്‍റെ 'ഹൃദയതാളം' നിന്നുപോകുന്നതിന് കാരണമായിരിക്കാമെന്നും ഡോക്ടർ പറഞ്ഞു. ചൊവ്വാഴ്ച രാത്രി കൊൽക്കത്തയിലെ നസ്റുൽ മഞ്ചയിലെ പരിപാടി കഴിഞ്ഞ് ഹോട്ടലിലെത്തിയ കെ.കെ കോണിപ്പടിയിൽ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

കുഴഞ്ഞുവീണ ഉടനെ ആരെങ്കിലും ജീവൻ രക്ഷിക്കുന്നതിന് പ്രാഥമിക ചികിത്സ (സി.പി.ആർ) നൽകിയിരുന്നെങ്കിൽ രക്ഷിക്കാമായിരുന്നു. ഹൃദയാഘാതം സംഭവിച്ച് ബോധം നഷ്ടമായവർക്ക് അടിയന്തരമായി നൽകുന്ന പ്രഥമശുശ്രൂഷയാണ് സി.പി.ആർ എന്നറിയപ്പെടുന്ന കാർഡിയോ പൾമണറി റീസറക്ഷൻ. നിശ്ചിത രൂപത്തിലും ക്രമത്തിലും നെഞ്ചിൽ ശക്തിയായി അമർത്തിയും കൃത്രിമ ശ്വാസം നൽകിയും രക്തയോട്ടവും ഹൃദയപ്രവർത്തനവും പുനഃസ്ഥാപിച്ച് ജീവൻ രക്ഷിക്കുന്ന വിലപ്പെട്ട ഇടപെടലാണിത്. കെ.കെക്ക് ദീർഘനാളായുള്ള ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്നെങ്കിലും ഇതേക്കുറിച്ച് അറിഞ്ഞിരുന്നില്ല.

ഇടതു ഭാഗത്തെ പ്രധാന കോറോണറി ധമനിയിൽ 80ശതമാനം ബ്ലോക്കും മറ്റു രക്തക്കുഴലുകളിലായി ചെറിയ ബ്ലോക്കുകളും ഉണ്ടായിരുന്നു. എന്നാൽ, രക്തപ്രവാഹം തടസപ്പെടുന്ന രീതിയിൽ ഒരു ബ്ലോക്കും നൂറു ശതമാനമായിട്ടുണ്ടായിരുന്നില്ല. ചൊവ്വാഴ്ച രാത്രിയിലെ പ്രകടനത്തിനിടെ കെ.കെ. വേദിയിലൂടെ ഓടി നടക്കുകയും ആൾക്കൂട്ടത്തിനിടയിൽ നൃത്തം വെക്കുകയും ചെയ്യുന്നുണ്ട്. ഇത്തരത്തിലുള്ള അനിയന്ത്രിതമായ ആവേശം അൽപസമയത്തേക്ക് രക്തപ്രവാഹം നിലക്കുന്നതിന് കാരണമായിട്ടുണ്ടാകും.

തുടർന്ന് ഹൃദയമിടിപ്പ് ക്രമരഹിതമാകുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. കുഴഞ്ഞുവീഴുന്നതിനൊപ്പം ഹൃദയാഘാതവും ഉണ്ടായി. അസിഡിറ്റിക്കുള്ള മരുന്നും കെ.കെ. കഴിച്ചിരുന്നുവെന്ന് പോസ്റ്റ്മോർട്ടത്തിലൂടെ വ്യക്തമായി. ഹൃദയാഘാതത്തിന് മുമ്പായുള്ള അസ്വസ്ഥതകൾ വയറിലെ ദഹനപ്രശ്നമാണെന്ന് തെറ്റിദ്ധരിച്ചായിരിക്കാം ഗ്യാസിനുള്ള മരുന്ന് കഴിച്ചതെന്നും ഡോക്ടർ പറഞ്ഞു. ഗ്യാസിനുള്ള നിരവധി മരുന്നുകൾ കെ.കെ. ഉപയോഗിച്ചിരുന്നതായി ഭാര്യ മൊഴി നൽകിയതായി കൊൽക്കത്ത പൊലീസും അറിയിച്ചു. മൂന്നുമണിക്കൂറിലധികം നീണ്ട പ്രകടനത്തിനുശേഷം ഹൃദയാഘാതത്തെതുടർന്നാണ് മരണമെന്ന് സ്ഥിരീകരിച്ചതായും ഗൂഡാലോചനയില്ലെന്നും പൊലീസ് പറഞ്ഞു.

Tags:    
News Summary - KK's heart beats; It could have been saved if the CPR had been given

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.