കൊല്ലപ്പെട്ട സൈഫുള്ള

കിഷ്ത്വാർ ഏറ്റുമുട്ടൽ: സുരക്ഷാസേന വധിച്ചത് 20 തവണ രക്ഷപ്പെട്ട കൊടുംഭീകരനെ

ശ്രീനഗർ: ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ ഉണ്ടായ ഏറ്റുമുട്ടലിൽ പാകിസ്താൻ ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ മുഖ്യ കമാൻഡർ ഉൾപ്പെടെ മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചു. സേനയുടെ കണ്ണുവെട്ടിച്ച് കഴിഞ്ഞ രണ്ട് വർഷമായി മേഖലയിൽ ഒളിച്ചുതാമസിച്ചിരുന്ന 'സെയ്ഫുള്ള' എന്ന കൊടുംഭീകരനാണ് കൊല്ലപ്പെട്ടവരിൽ ഒരാൾ.

കിഷ്ത്വാറിലെ ചത്രൂ വനമേഖലയിൽ ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ തെരച്ചിലാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. വനമേഖലയിലെ വീട്ടിൽ ഒളിച്ചിരുന്ന ഭീകരർ, സുരക്ഷാസേന എത്തിയതോടെ വെടിയുതിർക്കുകയായിരുന്നു. ജമ്മു കശ്മീർ പൊലീസ്, സി.ആർ.പി.എഫ് (CRPF), പാരാ സ്പെഷൽ ഫോഴ്സ് എന്നിവർ സംയുക്തമായാണ് പ്രത്യാക്രമണം നടത്തിയത്.

കൊല്ലപ്പെട്ട സെയ്ഫുള്ള സുരക്ഷാ സേനയുടെ കൊടുംഭീകര പട്ടികയിലുള്ളയാളാണ്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ സുരക്ഷാ സേന നടത്തിയ ഇരുപതോളം ഓപ്പറേഷനുകളിൽ നിന്ന് ഇയാൾ തന്ത്രപരമായി രക്ഷപ്പെട്ടിരുന്നു. സെയ്ഫുള്ളയുടെ മരണം ജെയ്‌ഷെ മുഹമ്മദിന് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്. കഴിഞ്ഞ മാസം മറ്റൊരു ഭീകരൻ ആദിലും ഇതേ മേഖലയിൽ കൊല്ലപ്പെട്ടിരുന്നു.

ഏറ്റുമുട്ടൽ നടന്ന സ്ഥലത്തുനിന്ന് രണ്ട് അസാൾട്ട് റൈഫിളുകളും വൻതോതിൽ മറ്റ് യുദ്ധസാമഗ്രികളും കണ്ടെടുത്തിട്ടുണ്ട്. മേഖലയിൽ നിലവിൽ പരിശോധന തുടരുകയാണ്. ജനുവരിയിൽ ആരംഭിച്ച 'ഓപ്പറേഷൻ ട്രാഷി-1' (Operation Trashi-I) എന്ന ദൗത്യത്തിന്റെ ഭാഗമായാണ് ദുർഘടമായ കിഷ്ത്വാർ വനമേഖലകളിൽ ഭീകരർക്കെതിരെ ശക്തമായ നീക്കം നടക്കുന്നത്.

Tags:    
News Summary - Kishtwar encounter: Security forces kill terrorist who escaped 20 times

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.