ഭുവനേശ്വർ: കെ.ഐ.ഐ.ടി ഹോസ്റ്റലിൽ നേപ്പാളി പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ വസ്തുതാന്വേഷണ സമിതി രൂപികരിച്ച് ഒഡീഷ സർക്കാർ. അസ്വാഭാവിക മരണത്തിലേക്ക് നയിച്ച സാഹചര്യവും പ്രതിഷേധിച്ച വിദ്യാർഥികൾക്ക് സസ്‌പെൻഷൻ കത്ത് നൽകാൻ ഇൻസ്റ്റിറ്റ്യൂട്ടിനെ പ്രേരിപ്പിച്ച സാഹചര്യവും വസ്തുതാന്വേഷണ സമിതി പരിശോധിക്കും.
അഡീഷണൽ ചീഫ് സെക്രട്ടറി (ആഭ്യന്തരം) ആണ് സമിതിയുടെ തലവൻ. ഉന്നതവിദ്യാഭ്യാസ, വനിതാ ശിശുവികസന വകുപ്പ് സെക്രട്ടറിമാരാണ് മറ്റംഗങ്ങൾ. നേപ്പാളിൽ നിന്നുള്ള വിദ്യാർഥികൾക്കെതിരായ നടപടിയെക്കുറിച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ അധികാരികൾ സംസ്ഥാന സർക്കാറിനെ അറിയിക്കാത്തത് എന്തുകൊണ്ടാണെന്നും മൂന്നംഗ സമിതി അന്വേഷിക്കും.
ഇൻസ്റ്റിറ്റ്യൂട്ടിന് നോട്ടിസ് നൽകിയിട്ടുണ്ടെന്നും വസ്തുതാന്വേഷണ സംഘത്തിന്‍റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി സൂര്യബൻഷി സൂരജ് പറഞ്ഞു. ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പുറത്താക്കിയ എല്ലാ നേപ്പാളി വിദ്യാർഥികളെയും തിരികെ കൊണ്ടുവരാൻ സർക്കാർ ഇൻസ്റ്റിറ്റ്യൂട്ട് അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. നൂറോളം നേപ്പാളി വിദ്യാർഥികൾ ഇപ്പോഴും ക്യാമ്പസിൽ തുടരുന്നതായും 800 പേർ വീടുകളിലേക്ക് പോയതായുമാണ് വിവരം.
മൂന്നാം വർഷ ബി.ടെക് വിദ്യാർഥിയായ പ്രകൃതി ലംസലിനെയാണ് ഹോസ്റ്റല്‍ മുറിയിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥിനിയുടെ സഹപാഠിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സഹപാഠി തന്നെ ഉപദ്രവിക്കുന്നുവെന്ന് വിദ്യാര്‍ഥിനി അധികൃതരോട് പരാതിപ്പെട്ടിട്ടും നടപടി എടുത്തില്ലെന്ന് നേപ്പാള്‍ പൗരന്മാരായ വിദ്യാർഥികള്‍ ആരോപിച്ചു.
പ്രതിഷേധിച്ച നേപ്പാള്‍ സ്വദേശികളായ വിദ്യാര്‍ഥികളോട് നാട്ടിലേക്ക് പോകാനാണ് അധികൃതര്‍ നിര്‍ദ്ദേശിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പ്രതിഷേധിച്ച നേപ്പാള്‍ പൗരന്മാരായ വിദ്യാര്‍ഥികളെ അധികൃതര്‍ ബലമായി ഹോസ്റ്റലില്‍ നിന്ന് ഇറക്കിവിട്ടതായും വിവരമുണ്ട്.
അതേസമയം, വിദ്യാർഥിനിയുടെ ആത്മഹത്യയിൽ സ്ഥാപനത്തിനെതിരെ ആരോപണവുമായി പിതാവ് രംഗത്തെത്തിയിരുന്നു. പ്രകൃതി പീഡനത്തിനും ഭീഷണിപ്പെടുത്തലിനും വിധേയയായി എന്നാണ് പിതാവ് സുനിൽ ലാംസൽ ആരോപിക്കുന്നത്. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നും പിതാവ് പറയുന്നു.
മരണത്തിൽ പ്രതിഷേധിച്ച ചില വിദ്യാർഥികളോട് കാമ്പസ് വിടാൻ ആവശ്യപ്പെട്ടതായി വന്ന റിപ്പോർട്ടുകൾ തന്നെ അസ്വസ്ഥനാക്കിയെന്ന് അദ്ദേഹം പറഞ്ഞു. ഒഡീഷ സർക്കാറിലും പൊലീസിലും വിശ്വാസം ഉണ്ടെന്നും സർക്കാർ നീതി ഉറപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പിതാവ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.