പ്രതീകാത്മക ചിത്രം
ഭുവനേശ്വർ: ഒഡിഷയിലെ കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ ടെക്നോളജിയിലെ (കെ.ഐ.ഐ.ടി) ഒന്നാം വർഷ ബിടെക് വിദ്യാർഥിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഛത്തീസ്ഗഡിൽ നിന്നുള്ള കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയായ രാഹുൽ യാദവ് ആണ് മരിച്ചത്. ഭുവനേശ്വറിലെ ഹോസ്റ്റൽ മുറിയിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഞായറാഴ്ചയാണ് സംഭവം നടന്നതെന്നും ഇൻഫോസിറ്റി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് മൃതദേഹം കണ്ടെടുത്തതെന്നും അസിസ്റ്റന്റ് പൊലീസ് കമീഷണർ സോണാൽ സിങ് പർമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കേസ് അന്വേഷിച്ചുവരികയാണെന്നും മരണകാരണം ഉടൻ കണ്ടെത്തുമെന്നും പൊലീസ് പറഞ്ഞു.
അന്വേഷണ സംഘങ്ങൾ ഹോസ്റ്റലിൽ എത്തി തെളിവുകൾ ശേഖരിച്ചുവരികയാണ്. കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥർ വിദ്യാർഥികളെയും ചോദ്യം ചെയ്യുന്നുണ്ട്. മുറി സീൽ ചെയ്തിട്ടുണ്ടെന്നും വിദ്യാർഥിയുടെ മാതാപിതാക്കൾ എത്തിയ ശേഷം ഇൻക്വസ്റ്റും പോസ്റ്റ്‌മോർട്ടവും നടത്തുമെന്നും പൊലീസ് അറിയിച്ചു.
ഈ വർഷം കെ.ഐ.ഐ.ടി കാമ്പസിൽ റിപ്പോർട്ട് ചെയ്ത മൂന്നാമത്തെ ആത്മഹത്യയാണിത്. ഈ വർഷം ആദ്യം രണ്ട് നേപ്പാളി വിദ്യാർഥികൾ കെ.ഐ.ഐ.ടി.യിൽ ആത്മഹത്യ ചെയ്തിരുന്നു. കാമ്പസിലെ ആവർത്തിച്ചുള്ള ആത്മഹത്യകളിൽ ബി.ജെപി എം.എൽ.എ സരോജ് പാധി ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. കെ.ഐ.ഐ.ടി.യിലെ വിദ്യാർഥികളുടെ മരണത്തിന് ഉത്തരവാദികളായ വ്യക്തികൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കാമ്പസിൽ ക്രമസമാധാനം നിലനിർത്താൻ, ഭുവനേശ്വർ പൊലീസ് പ്രത്യേക സേനയെ വിന്യസിച്ചിട്ടുണ്ട്. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ വിദ്യാർഥിയുടെ സഹപാഠികളുമായി സംസാരിക്കുകയും സർവകലാശാല അധികൃതരുമായി ബന്ധപ്പെടുകയും ചെയ്തിട്ടുണ്ട്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, ആവശ്യമെങ്കിൽ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുന്നതിൽ യാതൊരു പ്രശ്നവും ഇല്ല, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.