'ഖാർ​ഗെയോ? എനിക്ക് അദ്ദേഹത്തിന്റെ പേര് പോലും അറിയില്ല'; ഖാർ​ഗെക്കെതിരെ വിമർശനവുമായി ജനതാദൾ എം.എൽ.എ

ന്യൂഡൽഹി: കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെയെ ആർക്കും അറിയില്ലെന്നും നിതീഷ് കുമാറാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉചിതമായ വ്യക്തിയെന്നും ജനതാദൾ യുനൈറ്റഡ് (ജെ.ഡി.യു) എം.എൽ.എ ​ഗോപാൽ മണ്ഡൽ. നിതീഷ് കുമാർ രാജ്യം മുഴുവൻ സഞ്ചരിച്ചാണ് ഇൻഡ്യ സഖ്യം രൂപീകരിച്ചതെന്നും ഖാർ​ഗെ എന്ന പേര് പോലും തനിക്ക് അറിയില്ലെന്നും മണ്ഡാൽ പറഞ്ഞു.

"ഖാർ​ഗെയോ? എനിക്ക് അദ്ദേഹത്തിന്റെ പേര് പോലും അറിയില്ല. ആർക്കും അദ്ദേഹത്തെ അറിയില്ല. പക്ഷേ നിതീഷ് കുമാർ ആരാണെന്ന് ജനങ്ങൾ അറിയാം. കോൺ​ഗ്രസിന് 40 സീറ്റ് നൽകിയാലും ഭ​ഗൽപൂരിൽ ഒരു സീറ്റ് പോലും കോൺ​ഗ്രസിന് വിജയിക്കാൻ സാധിക്കില്ല, രാജ്യത്തെ ഏറ്റവും വലിയ പാർട്ടി കോൺ​ഗ്രസ് ആയിരിക്കാം പക്ഷേ ബിഹാറിൽ അല്ല," മണ്ഡാൽ പറഞ്ഞു.

നേരത്തെയും മല്ലികാർജുൻ ഖാർ​ഗെക്കെതിരെ വിവാദ പരാമർശങ്ങളുമായി മണ്ഡാൽ രം​ഗത്തെത്തിയിരുന്നു. ഖാർ​ഗെയെയ ജനങ്ങൾക്ക് അറിയില്ലെന്നും പൊതുജനം അദ്ദേഹത്തെ അം​ഗീകരിക്കില്ലെന്നും മണ്ഡാൽ പറഞ്ഞിരുന്നു.

ഇൻഡ്യ സംഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി മല്ലികാർജുൻ ഖാർ​ഗെയെ തൃണമൂൽ കോൺ​ഗ്രസ് നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി നിർദേശിച്ചതിന് പിന്നാലെ ജെ.ഡി.യുവിൽ നിന്നും ഖാർ​ഗെക്കെതിരെ വിമർശനങ്ങൽ ഉയർന്നിരുന്നു. മമതയുടെ തീരുമാനത്തെ പിന്തുണച്ച് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളും, ശിവസേന (യു.ബി.ടി) നേതാവ് ഉദ്ധവ് താക്കറെയും രം​ഗത്തെത്തിയിരുന്നു. നിർദേശത്തോട് വിയോജിപ്പില്ലെന്നായിരുന്നു നിതീഷ് കുമാറിന്റെ പ്രതികരണം.

അതേസമയം ഇൻഡ്യ സഖ്യത്തിന്റെ കൺവീനറായി ബിഹാർ മുഖ്യമന്ത്രി കൂടിയായ നിതീഷ് കുമാറിനെ പരി​ഗണിക്കുന്നുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ഇത് കോൻ ബനേ​ഗാ ക്രോർപതി എന്ന ചോദ്യം പോലെയാണെന്നും ചർച്ചയ്ക്ക് ശേഷം അറിയിക്കാമെന്നുമായിരുന്നു ഖാർ​ഗെയുടെ പ്രതികരണം. 

Tags:    
News Summary - Kharge? I dont even know his name; JDU MLA slams Kharge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.