ഫോട്ടോ കടപ്പാട് പിടിഐ
പട്‌ന: തലക്ക് മൂന്ന് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന മുതിർന്ന മാവോയിസ്റ്റ് നേതാവായ സുരേഷ് കോഡ എന്ന മുസ്തകിം കീഴടങ്ങിയതോടെ സംസ്ഥാനം നക്‌സൽ മുക്തമായെന്ന് ബിഹാർ പൊലീസ്.
ഔദ്യോഗികമായി പുറത്തിറക്കിയ പ്രസ്താവന പ്രകാരം, സുരേഷ് കോഡ 60 കേസുകളിൽ പ്രതിയായ വ്യക്തിയാണ്. അവയിൽ പലതും കർശനമായ യു.എ.പി.എ പ്രകാരം രജിസ്റ്റർ ചെയ്യപ്പെട്ടവയാണ്. ബുധനാഴ്ച മുൻഗർ ജില്ലയിലെ സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സിന് മുമ്പാകെയാണ് കോഡ കീഴടങ്ങിയത്. മൂന്ന് അസോൾട്ട് റൈഫിളുകൾ, നൂറുകണക്കിന് വെടിയുണ്ടകൾ, മാസികകൾ, കുറച്ച് പണം എന്നിവയുമായി കോഡ സ്വയം കീഴടങ്ങിയത്.
കീഴടങ്ങിയ മാവോയിസ്റ്റുകൾക്ക് പുനരധിവാസം നൽകുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ ‘ആത്മസമർപ്പൺ സഹ് പുനർവാസ് യോജന’ പദ്ധതിയുടെ ആനുകൂല്യങ്ങൾ ഇയാൾക്ക് ലഭിക്കും. ഇതിന്റെ ഭാഗമായി 3 ലക്ഷം പാരിതോഷിക തുകയും 5 ലക്ഷം പ്രോത്സാഹനമായും 36 മാസത്തെ തൊഴിൽ പരിശീലനത്തിനായി പ്രതിമാസം 10,000 സ്റ്റൈപൻഡും നൽകുമെന്ന് പൊലീസ് അറിയിച്ചു. ഈ കീഴടങ്ങലോടെ ബിഹാറിൽ സജീവമായിരുന്ന മാവോയിസ്റ്റ് ശൃംഖല പൂർണ്ണമായി ഇല്ലാതായതായും സംസ്ഥാനത്ത് ഇനി ആയുധധാരികളായ നക്സൽ സംഘങ്ങൾ സജീവമല്ലെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.