ന്യൂഡൽഹി: ഇന്ത്യയുടെ അഭിലാഷങ്ങൾക്ക് നിർമിതബുദ്ധിയുടെ ആഗോള മുന്നേറ്റത്തിൽ നിർണായക പങ്ക് വഹിക്കാൻ കഴിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാരത് മണ്ഡപത്തിൽ എ.ഐ ഇംപാക്ട് ഉച്ചകോടിയിലെ നേതാക്കളുടെ പ്ലീനറി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിർമിതബുദ്ധിയുടെ അധാർമിക വിനിയോഗങ്ങളുടെ സാധ്യത പരിധിയില്ലാത്തതാണെന്ന് പറഞ്ഞ അദ്ദേഹം ഡേറ്റ പരമാധികാരം മാനിച്ചുകൊണ്ടും സുതാര്യമായ സുരക്ഷാ ചട്ടങ്ങൾ ആവിഷ്കരിച്ചും നൈതികമായ ഉപയോഗത്തിനുള്ള നിർദേശങ്ങൾ മുന്നോട്ട് വെച്ചു.
സാങ്കേതിക വിദ്യ കരുത്തുറ്റതാണ്, എന്നാൽ, അതിന്റെ ദിശ നിർണയിക്കേണ്ടത് മനുഷ്യരാണ്. എ.ഐ കമ്പനികൾക്ക് വലിയ ഉത്തരവാദിത്തമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
അതിവേഗം മുന്നേറുന്ന നിർമിതബുദ്ധിയെന്ന സാങ്കേതികവിദ്യ പൂർണമായും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ഐ.ഐ ചട്ടങ്ങൾ ഇന്ത്യ പോലുള്ള സഖ്യരാജ്യങ്ങളുമായി ചേർന്നാണ് ആവിഷ്കരിക്കുക. ഡിജിറ്റൽ സൗകര്യങ്ങൾ ജനകീയമാക്കുന്നതിൽ സുപ്രധാന പങ്ക് വഹിച്ച ഇന്ത്യയെ അദ്ദേഹം പ്രശംസിച്ചു. 10 വർഷം മുമ്പ് സ്വന്തം ബാങ്ക് അക്കൗണ്ട് തുറക്കാൻ കഴിയാതിരുന്ന മുംബൈയിലെ വഴിയോര കച്ചവടക്കാർക്ക് ഇപ്പോൾ ഓൺലൈനായി പണം സ്വീകരിക്കാനും കൈമാറാനും കഴിയുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഡിജിറ്റൽ രംഗത്ത് ഇന്ത്യ കൈവരിച്ച മുന്നേറ്റം ലോകത്ത് മറ്റൊരു രാജ്യവും കൈവരിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
നിർമിതബുദ്ധിയുടെ രംഗത്ത് ഇന്ത്യ കൈവരിച്ച മുന്നേറ്റത്തെ ഓപൺ എ.ഐ സി.ഇ.ഒ സാം ആൾട്ട്മാൻ പ്രശംസിച്ചു. എ.ഐയുടെ ജനാധിപത്യവത്കരണം മാത്രമായിരിക്കും അതിന്റെ നീതിപൂർവവും സുരക്ഷിതവുമായ കുതിപ്പിനുള്ള മാർഗമെന്ന് അദ്ദേഹം പറഞ്ഞു. മാനവികതയുടെ പുരോഗതിക്കും അതാണ് ഉത്തമമായ മാർഗമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
എപ്സ്റ്റീൻ ഫയൽ സൃഷ്ടിച്ച വിവാദങ്ങൾക്കിടയിൽ മൈക്രോസോഫ്റ്റ് മേധാവി ബിൽഗേറ്റ്സ് എ.ഐ ഉച്ചകോടിക്ക് മുഖ്യാതിഥിയായി എത്തിയില്ല. ഉച്ചകോടിയുടെ മുൻഗണനാ വിഷയങ്ങളിൽ ചർച്ച കേന്ദ്രീകരിക്കട്ടെ എന്നാലോചിച്ച് വളരെ ശ്രദ്ധയോടെ എടുത്ത തീരുമാനമാണിതെന്ന് ഗേറ്റ്സ് ഫൗണ്ടേഷൻ പ്രസ്താവനയിൽ പറഞ്ഞു. യു.എസ് ഡിപ്പാർട്മെന്റ് ഏറ്റവുമൊടുവിൽ പുറത്തുവിട്ട ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ ഫയലിൽ ബിൽഗേറ്റ്സിന്റെ പേരുണ്ടായിരുന്നതിനാൽ അദ്ദേഹത്തിന്റെ വരവിൽ അനിശ്ചിതത്വമുണ്ടായിരുന്നു. ബിൽഗേറ്റ്സിന്റെ പേര് എപ്സ്റ്റീൻ ഫയലിൽ വന്നതുകൊണ്ട് മാത്രം അദ്ദേഹം എന്തെങ്കിലും തെറ്റായ ചെയ്തികളിൽ പങ്കാളിയായെന്ന് പറയാനാവില്ലെന്ന് ഗേറ്റ്സ് വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.