അഞ്ചാം ക്ളാസ് വിദ്യാഭ്യാസം, തട്ടിയത് 2,700 കോടി; പ്രചാരണത്തിന് മോദിയുടെ വീഡിയോ, ഭൂമി മുതൽ മോ​ട്ടോർസൈക്കിളും കപ്യൂട്ടറും വരെ ഓഫർ, ഒടുവിൽ വലയിൽ

ന്യൂഡൽഹി: ഗുജറാത്തിലെ ധോലേര സിറ്റിയിൽ ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപകരിൽ നിന്ന് 2,700 കോടി തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ. എവർഗ്രീൻ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ഉടമ ജുഗൽ കിഷോർ (57) അറസ്റ്റിലായത്. ഡൽഹി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം ഷാഹ്ദരയിൽ നിന്നാണ് ഇയാളെ പിടികൂടിയത്.

2023ൽ ഡൽഹിയിലെ കരാവൽ നഗർ സ്വദേശിനി നേഹ കുമാരിയുടെ നേതൃത്വത്തിൽ 98 പേർ ​പൊലീസിൽ സംയുക്ത പരാതി നൽകിയതോടെയാണ് തട്ടിപ്പ് മറനീക്കിയത്. നെക്സ എവർഗ്രീൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ് അരങ്ങേറിയത്.

കമ്പനിയുടെ ഡയറക്ടർമാരും കേസിലെ പ്രധാന പ്രതികളുമായ ജുഗൽ കിഷോറും വിനോദ് കുമാറും ധൊലേരയിലെ സ്മാർട്ട് സിറ്റി പദ്ധതിയിൽ പങ്കാളിത്തം വാഗ്ദാനം ചെയ്താണ് നിക്ഷേപകരെ സമീപിച്ചത്. ഇത് തന്റെ സ്വപ്ന പദ്ധതിയാണെന്ന് പ്രധാന മന്ത്രി നരേന്ദ്രമോദി പറയുന്ന തരത്തിൽ എ.ഐ നിർമിത വീഡിയോ അടക്കം കാണിച്ചായിരുന്നു ഇരകളെ വീഴ്തിയത്.

നിക്ഷേപത്തിന്റെ മൂന്ന് ശതമാനം വരുമാനമായി ആഴ്ച തോറും ലഭിക്കുമെന്ന് ഇവർ വാഗ്ദാനം ചെയ്തിരുന്നതായി ഡൽഹി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം അഡീഷണൽ സി.പി അമൃത ഗുഗോലോത്ത് പറഞ്ഞു. സ്മാർട്ട് സിറ്റിയിൽ പ്ലോട്ടുകൾക്ക് പുറമേ, എല്ലാ ചൊവ്വാഴ്ചയും ഈ പണം നിക്ഷേപകരുടെ ബാങ്ക് അക്കൗണ്ടുകളിൽ ഇത് ലഭിക്കുമെന്നായിരുന്നു വാഗ്ദാനം.

പദ്ധതിയിലെ ഘട്ടങ്ങൾ പിന്നിടുമ്പോൾ നിക്ഷേപകർക്ക് റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളുകൾ, ലാപ്‌ടോപ്പുകൾ, മൊബൈൽ ഫോണുകൾ എന്നിവയും വാഗ്ദാനം ചെയ്തതായി പോലീസ് പറഞ്ഞു. നിക്ഷേപകർക്ക് പദ്ധതി വിശദീകരിക്കാനായി സൂം മീറ്റിങ്ങുകൾ ഇവർ തുടർച്ചായായി സംഘടിപ്പിച്ചിരുന്നു.

എല്ലാ ചൊവ്വാഴ്ചയും തങ്ങളുടെ വരുമാനം അറിയാൻ സാധിക്കുന്ന കമ്പനിയുടെ ആപ്പും നിക്ഷേപകർക്ക് നൽകിയിരുന്നു. തുടക്കത്തിൽ സുഗമമായി പ്രവർത്തിച്ച ആപ്പ് 2023 ജനുവരി 23 ന് തകരാറിലായി. കമ്പനിയുടെ വെബ്‌സൈറ്റ് തുടർന്ന് പ്രവർത്തനം നിർത്തി. കമ്പനി അധികൃതരും ജീവനക്കാരും​ ഫോണെടുക്കാതായാതോടെയാണ് നിക്ഷേപകർക്ക് തട്ടിപ്പ് മണത്തത്.

സിക്കാർ (രാജസ്ഥാൻ), ഗ്വാളിയോർ (മധ്യപ്രദേശ്) എന്നിവിടങ്ങളിലും സമാന മാതൃകയിലുള്ള എഫ്‌.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. പുതിയ നിക്ഷേപകരിൽ നിന്ന് ശേഖരിക്കുന്ന പണം ഉപയോഗിച്ച് മറ്റ് ചില നിക്ഷേപകർക്ക് ഉയർന്ന വരുമാനം നൽകി തട്ടിപ്പിന് കളമൊരുക്കുന്ന ‘പോൻസി സ്കീം’ ആണ് അരങ്ങേറിയതെന്നാണ് ​അധികൃതരുടെ നിഗമനം.

അഹമ്മദാബാദ് ആസ്ഥാനമാക്കിയാണ് സംഘം രാജ്യമെമ്പാടും പ്രവർത്തിച്ചിരുന്നത്. മുൻ സൈനികരടക്കമുള്ളവരെ ഉൾപ്പെടുത്തിയാണ് സ്ഥാപനത്തിന്റെ ഡയറക്ടർ ബോർഡ് രൂപീകരിച്ചിരുന്നത്. അഞ്ചാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ളയാളാണ് തട്ടിപ്പിന് നേതൃത്വം നൽകിയ കിഷോറെന്ന് പൊലീസ് പറഞ്ഞു.

2022 വരെ ഷാഹ്ദരയിലെ വിശ്വാസ് നഗറിൽ പാർട്ട് ടൈം പൂജാരിയായും പ്രോപ്പർട്ടി ഡീലറായും ഇയാൾ ജോലി ചെയ്തിരുന്നു. വിനോദ് ചൗധരി എന്ന സുഹൃത്ത് വഴിയാണ് സൈനീകനായ രൺവീർ ബിജാരാനിയയെയും സുഭാഷ് ബിജാരാനിയയെയും പരിചയപ്പെട്ടത്. തുടർന്നാണ് ഇവർ കമ്പനി തുടങ്ങി നിക്ഷേപം സ്വീകരിക്കാരംഭിച്ചത്. ഗുജറാത്തിലെ വീടും സ്ഥലവും വിറ്റ് ഡൽഹിയിൽ ബന്ധുക്കൾക്കൊപ്പം ഒളിച്ചുതാമസിക്കുന്നതിനിടെയാണ് ജുഗൽ കിഷോർ ശനിയാഴ്ച അറസ്റ്റിലായത്.

Tags:    
News Summary - Key accused in Rs 2,700-cr ‘smart city’ Ponzi scheme arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.