ന്യൂഡൽഹി: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ കോവിഡ് മുക്തരായവരുടെയും മരണപ്പെട്ടവരുടെയും ഡാറ്റകളിൽ വൻ അന്തരം. ഉദാഹരണമായി മെയ് ഏഴു വരെയുള്ള കണക്ക് പ്രകാരം 94 ശതമാനമാണ് കേരളത്തിൽ രോഗമുക്തരായവരുടെ എണ്ണം. പഞ്ചാബിൽ ഇത് 9 ശതമാനവും. അതുപോലെ തെലങ്കാനയിൽ 62 ശതമാനമാണ് കോവിഡ് മുക്തി നേടിയവരുടെ എണ്ണം. മഹാരാഷ്ട്രയിൽ 17 ശതമാനവും.
അതേസമയം, കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തവിട്ട കണക്കുപ്രകാരം രാജസ്ഥാൻ (55 ശതമാനം), കർണാടക (52 ശതമാനം), ആന്ധ്രപ്രദേശ് (43 ശതമാനം), ഹരിയാന (42 ശതമാനം), ജമ്മുകശ്മീർ (42 ശതമാനം) എന്നിവയാണ് ഏറ്റവും കൂടുതൽ രോഗമുക്തരുള്ള സംസ്ഥാനങ്ങൾ. ഈ പട്ടികയിൽ 94 ശതമാനം രോഗമുക്തരുള്ള കേരളത്തെ കുറിച്ച് പരാമർശിക്കുന്നേയില്ല.
പശ്ചിമ ബംഗാൾ (19 ശതമാനം), ഗുജറാത്ത് (24 ശതമാനം),തമിഴ്നാട് (29 ശതമാനം), ഡൽഹി (32 ശതമാനം), മധ്യപ്രദേശ് (38 ശതമാനം) എന്നിവ ഏറ്റവും കുറച്ച് രോഗമുക്തരുള്ള സംസ്ഥാനങ്ങളും. ഇന്ത്യയിലെ ശരാശരി രോഗമുക്തരുടെ എണ്ണം 30 ശതമാനമാണ്.
കോവിഡ് മരണനിരക്ക് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിലൊന്നാണ് ബംഗാൾ. പിന്നാലെയുള്ള മധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ അത് ആറു ശതമാനമാണ്. ഡൽഹി, തമിഴ്നാട്, ജമ്മു കശ്മീർ, ഹരിയാന, ബിഹാർ, കേരളം എന്നീ സംസ്ഥാനങ്ങളിലെ കോവിഡ് മരണനിരക്ക് ഒരു ശതമാനമാണ്.
ഡാറ്റകൾ പ്രകാരം ആകെ രോഗബാധിതരും രോഗമുക്തി നേടിയവരും തമ്മിലും നേരിട്ട് ബന്ധമില്ല. ഉദാഹരണമായി, കോവിഡ് മരണനിരക്ക് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിലൊന്നായ ബംഗാളിൽ 1548 പേരാണ് രോഗമുക്തരായത്. കോവിഡ് മരണനിരക്ക് ഒരു ശതമാനമുള്ള ഡൽഹിയിൽ 5980 പേരും. രാജ്യത്തെ ശരാശരി കോവിഡ് മരണനിരക്ക് മൂന്നു ശതമാനമാണ്. എന്തു കൊണ്ടാണിങ്ങനെ വൈരുധ്യമെന്ന ചോദ്യങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.