മാധവ് കൗശിക്, പ്രഫ. കുമുദ് ശർമ, സി. രാധാകൃഷ്ണൻ
ന്യൂഡൽഹി: കേന്ദ്ര സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ തെരഞ്ഞെടുപ്പിൽ സംഘ്പരിവാർ പാനലിന് സുപ്രധാന പദവികളിലൊന്ന് ലഭിച്ചു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഔദ്യോഗിക പാനലിൽ മത്സരിച്ച അക്കാദമിയുടെ വിശിഷ്ടാംഗവും മുതിര്‍ന്ന എഴുത്തുകാരനുമായ സി. രാധാകൃഷ്ണൻ ഒരു വോട്ടിന് തോറ്റു. സംഘ്പരിവാർ പാനലിൽ മത്സരിച്ച ഡൽഹി സർവകലാശാല അധ്യാപികയും ഹിന്ദി എഴുത്തുകാരിയുമായ പ്രഫ. കുമുദ് ശർമയാണ് ഒരു വോട്ടിന് വിജയിച്ചത്. കുമുദ് ശർമക്ക് 50ഉം സി. രാധാകൃഷ്ണന് 49ഉം വോട്ടുകൾ ലഭിച്ചു.
പ്രസിഡന്റ് സ്ഥാനത്തേക്ക് ഔദ്യോഗിക പക്ഷത്തിന്റ പാനലിൽ മത്സരിച്ച മാധവ് കൗശിക് വിജയിച്ചു. സംഘ്പരിവാർ പാനലിന് വേണ്ടി കര്‍ണാടക സംസ്കൃത സര്‍വകലാശാല മുന്‍ വൈസ് ചാൻസലർ മെല്ലെപുരം ജി. വെങ്കിടേശയാണ് മത്സരിച്ചത്. മാധവ് കൗശികിന് 60ഉം ജി. വെങ്കിടേശക്ക് 35ഉം വോട്ടുകളാണ് ലഭിച്ചത്.
വൈസ് പ്രസിഡന്റാകുന്നയാള് പിന്നീട് പ്രസിഡന്റാവുന്നതും പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളില്‍ ഒരാള്‍ ദക്ഷിണേന്ത്യയില്‍നിന്നും മറ്റെയാള്‍ ഉത്തരേന്ത്യയില്നിന്നുമുള്ളതുമാണ് കീഴ്വഴക്കം. ഇതുപ്രകാരം നിലവിലെ അധ്യക്ഷന്‍ ചന്ദ്രശേഖര കമ്പാര്‍ സ്ഥാനം ഒഴിയുന്നതിലേക്ക് വൈസ് പ്രസിഡന്റായിരുന്ന മാധവ് കൗശികിനെ പ്രസിഡന്റായും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സി. രാധാകൃഷ്ണനെയും തെരഞ്ഞെടുക്കാൻ ധാരണയിലെത്തിയിരുന്നു. എന്നാൽ, അവസാന നിമിഷം കേന്ദ്രസർക്കാർ പിന്തുണയോടെ സംഘ്പരിവാർ പാനൽ അപ്രതീക്ഷിതമായി മത്സര രംഗത്തേക്ക് എത്തുകയായിരുന്നു.
ജനറല്‍ കൗണ്‍സിലില്‍ ആകെ 92 അംഗങ്ങളാണുള്ളത്. ഇതില്‍ പത്തുപേരെ കേന്ദ്രസര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യും. ബാക്കി 82 പേരാണ് സംസ്ഥാനങ്ങളില്‍നിന്നുള്ളത്. കേരളത്തില്‍നിന്ന് കെ.പി. രാമനുണ്ണി, വിജയലക്ഷ്മി, മഹാദേവന് തമ്പി എന്നിവരാണുള്ളത്. കെ.പി. രാമനുണ്ണിയെ മലയാളഭാഷ കൺവീനറായി തെരഞ്ഞെടുത്തിട്ടുണ്ട്.
കേന്ദ്രസര്ക്കാറിനുകീഴില് പ്രവര്‍ത്തിക്കുന്ന സ്വതന്ത്രസ്ഥാപനമായ സാഹിത്യ അക്കാദമി പിടിച്ചെടുക്കാൻ 2014ല്‍ ബി.ജെ.പി അധികാരമേറ്റതുമുതല്‍ ശ്രമംനടക്കുന്നുണ്ട്. ലളിതകലാ അക്കാദമിയിലും സംഗീത-നാടക അക്കാദമിയിലും കേന്ദ്രം നിയോഗിച്ച അഡ്ഹോക് സമിതിയാണ് നിലവില്‍ ഭരണം നടത്തുന്നത്.
സാഹിത്യ അക്കാദമിയുടെയും സ്വയംഭരണാവകാശം ഇല്ലാതാക്കാനുള്ള നീക്കം നടക്കുന്നതായി ആരോപണം ഉയരുന്നതിനിടെയാണ് തെരഞ്ഞെടുപ്പിൽ സംഘ്പരിവാർ പാനലിന് സുപ്രധാന പദവികളിലൊന്ന് ലഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.