കെ.സി.ആർ, കെ. കവിത

പാർട്ടിവിരുദ്ധ പരാമർശം: മകൾ കെ. കവിതയെ ബി.ആർ.എസിൽനിന്ന് പുറത്താക്കി കെ.സി.ആർ

ഹൈദരാബാദ്: ഭാരത് രാഷ്ട്ര സമിതി (ബി.ആർ.എസ്) എം.എൽ.സി കെ. കവിതയെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. കവിതയുടെ പിതാവും മുൻ തെലങ്കാന മുഖ്യമന്ത്രിയും പാർട്ടി പ്രസിഡന്റുമായ കെ ചന്ദ്രശേഖര റാവുവാണ് പുറത്താക്കാനുള്ള തീരുമാനം സ്വീകരിച്ചത്. പാർട്ടി നയങ്ങൾക്കും തത്വങ്ങൾക്കും വിരുദ്ധമായ അസമീപകാല അഭിപ്രായങ്ങളും പ്രവർത്തനങ്ങളും അച്ചടക്ക നടപടിക്ക് കാരണമായെന്ന് കെ.സി.ആർ വ്യക്തമാക്കി.

പാർട്ടി ഇതിനകം തന്നെ ആഭ്യന്തര വെല്ലുവിളികൾ നേരിടുന്ന സമയത്താണ് കവിതയെ സസ്പെൻഡ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം കെ.സി.ആറിന്റെ പ്രതിച്ഛായക്ക് കോട്ടം വരുത്തിയതിന് പാർട്ടി പ്രവർത്തകരെ കവിത പരസ്യമായി കുറ്റപ്പെടുത്തിയിരുന്നു. മുതിർന്ന നേതാവ് ടി. ഹരീഷ് റാവുവും മുൻ എം.പി മേഘ കൃഷ്ണ റെഡ്ഡിയും തന്റെ പിതാവിന് അഴിമതി ടാഗ് നൽകിയെന്നും തന്നെ ഒതുക്കാൻ ഹരീഷ് റാവുവും സന്തോഷ് കുമാറും ഗൂഢാലോചന നടത്തിയെന്നും അവർ ആരോപിച്ചു.

ആഗസ്റ്റ് 22ന്, വിദേശത്തായിരുന്നപ്പോൾ, തെലങ്കാന ബോഗ്ഗു ഘാനി കാർമിക സംഘം (ടിബിജികെഎസ്) ഓണററി പ്രസിഡന്റ് സ്ഥാനത്തുനിന്ന് കവിതയെ പുറത്താക്കിയിരുന്നു. പാർട്ടിക്കുള്ളിലുള്ളവർ തനിക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്ന് അവർ ആരോപിച്ചു. പുറത്താക്കൽ രാഷ്ട്രീയ പ്രേരിതമാണെന്നും അവർ പറഞ്ഞു. പാർട്ടിപ്രവർത്തനത്തെ ചോദ്യം ചെയ്തതിന് തനിക്ക് നേരെ എതിർപ്പുണ്ടെന്നും അവർ പറഞ്ഞു.

ബി.ആർ.എസിന്റെ രജത ജൂബിലി യോഗത്തിന് ശേഷം പിതാവിനും പാർട്ടി പ്രസിഡന്റിനും എഴുതിയ കത്ത് ചോർന്നെന്നും അത് തനിക്കെതിരെ ശത്രുതക്ക് കാരണമായെന്നും അവർ കൂട്ടിച്ചേർത്തു. ബി.ജെ.പിയുമായി പാർട്ടി അകലം പാലിക്കണമെന്ന് കവിത കത്തിൽ ആവശ്യപ്പെട്ടിരുന്നു. കത്ത് ചോർച്ച അന്വേഷിക്കുന്നതിനുപകരം നേതൃത്വം തന്റെ അധികാരം ഇല്ലാതാക്കി. ബി.ആർ.എസിനെ ബിജെപിയിൽ ലയിപ്പിക്കാനുള്ള ശ്രമങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയതായും അവർ പറഞ്ഞു, ജയിലിലായിരിക്കുമ്പോൾ പോലും ഈ നീക്കത്തെ താൻ എതിർത്തിരുന്നുവെന്ന് അവർ പറഞ്ഞു.

Tags:    
News Summary - KCR suspends daughter K Kavitha from BRS over remarks against party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.