ന്യൂഡൽഹി: കഠ്വ കേസിന്‍റെ പേരിൽ പണം പിരിച്ചെന്ന ആരോപണം തന്നെ വ്യക്തിപരമായി അധിക്ഷേപിക്കാൻ വേണ്ടി കെട്ടിച്ചമച്ചതാണെന്ന് അഭിഭാഷക ദീപിക സിങ് രജാവത്ത്. മി. ഭട്ടി എന്നൊരാളാണ് താൻ ജെ.എൻ.യുവിലെത്തി വലിയ തുക സ്വരൂപിച്ചിതായി സീ ന്യൂസിന് നൽകിയ അഭിമുഖത്തിൽ ആരോപിച്ചത്. താൻ കുറച്ചു നാളുകൾ ഡജെ.എൻ.യുവിൽ തങ്ങിയാണ് കേസിന് വേണ്ടി തുക സമാഹരിച്ചതെന്നും ഇയാൾ ആരോപിക്കുന്നുണ്ട്. എന്നാൽ ഈ വിവരങ്ങളെല്ലാം കള്ളമാണെന്ന് ദീപിക പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
താൻ ഇതുവരെ ജെ.എൻ.യുവിൽ കാലുകുത്തിയിട്ടില്ല. തന്നെ അധിക്ഷേപിക്കാൻ വേണ്ടി മാത്രം നടത്തിയ ആരോപണങ്ങളാണിതെന്നും പ്രസ്താവനയിലൂടെ ദീപിക അറിയിച്ചു. ഏതെങ്കിലും വ്യക്തിയിൽ നിന്നോ സംഘടനയിൽ നിന്നോ കഠ്വ കേസിൽ ഹാജരാകുന്നതിനായി പണം വാങ്ങിയിട്ടില്ല. അഡ്വ. സുനിൽ ഫെർണാണ്ടസ്, മുതിർന്ന അഭിഭാഷകയായ ഇന്ദിര ജയ് സിങ് എന്നിവരും ഡൽഹിയിലെ ലോയേഴ്സ് കളക്ടീവുമാണ് തനിക്കാവശ്യമായ സഹായങ്ങളും പിന്തുണയും നൽകിവരുന്നത്.
തന്‍റെ ട്വിറ്റർ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തിട്ടുണ്ടെന്നും ഇതേക്കുറിച്ച് സെബർ സെല്ലിന് പരാതി നൽകിയിട്ടുണ്ടെന്നും ദീപിക അറിയിച്ചു.
താലിബ് ഹുസൈൻ എന്ന ആക്ടിവിസ്റ്റാണ് ദ്വീപികക്ക് വേണ്ടി പണപ്പിരിവ് നടത്തിയതെന്നും ദീപിക രജാവത്തിന് തന്‍റെ സമുദായത്തിന്‍റെ പിന്തുണയില്ലെന്നും ഭട്ടി അഭിമുഖത്തിൽ ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.