കർണാടകയിൽ നീറ്റ് പ്രതിഷേധ യോഗത്തിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി

ബംഗളൂരു: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന് മുന്നോടിയായി ചേർന്ന യോഗത്തിനിടെ കർണാടകയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ബംഗളൂരുവിലെ കർണാടക കോൺഗ്രസ് ​പ്രദേശ് കമ്മിറ്റി (കെ.പി.സി.സി) ഓഫിസിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ രണ്ടു ​ഗ്രൂപ്പുകളായി തിരിഞ്ഞ് ഏറ്റുമുട്ടിയത്. ഇരു ഗ്രൂപ്പുകളിലെയും പ്രവർത്തകർ തമ്മിൽ ചൂടേറിയ വാദപ്രതിവാദങ്ങളിൽ ഏർപ്പെടുകയും പിന്നീട് കൈയാങ്കളിയിൽ കലാശിക്കുകയുമായിരുന്നു. അടിപിടി കർണാടക യൂത്ത് കോൺഗ്രസിലെ ആഭ്യന്തര വിഭാഗീയതയെക്കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും തുടക്കമിട്ടു.

ദേശീയ നേതൃത്വത്തിന്റെ നിർദേശ പ്രകാരം യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ദീപിക റെഡ്ഡിയെ നീക്കിയതിനെ ചൊല്ലിയാണ് സംഘർഷം ആരംഭിച്ചതെന്നാണ് റിപ്പോർട്ട്. നീറ്റ് പ്രതിഷേധ പരിപാടിയുടെ ക്രമീകരണങ്ങൾ ചർച്ചചെയ്യാൻ വിളിച്ച യോഗത്തിൽ ദീപിക റെഡ്ഡിയുടെ അനുയായികൾ തീരുമാനത്തെ പരസ്യമായി എതിർക്കുകയും രോഷം പ്രകടിപ്പിക്കുകയുമായിരുന്നു.

ചർച്ച പുരോഗമിക്കുന്നതിനിടെ, യൂത്ത് കോൺഗ്രസ് പ്രസിഡന്റ് മഞ്ജുനാഥ് ഗൗഡയുടെയും ദീപിക റെഡ്ഡിയുടെയും അനുയായികൾ തമ്മിൽ വാക്കുതർക്കം ആരംഭിച്ചു. നേതൃത്വത്തിന്റെ തീരുമാനത്തെ അപലപിച്ച് മുദ്രാവാക്യം വിളിക്കുകയും ചെയ്തു. മുദ്രാവാക്യം വിളിക്കുന്നതിനെ ഒരു വിഭാഗം എതിർക്കുകയും യോഗം തടസപ്പെടുത്തരുതെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തതോടെ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. കർണാടക ഉപമുഖ്യമന്ത്രിയും സംസ്ഥാന കോൺഗ്രസ് അധ്യക്ഷനുമായ ഡി.കെ. ശിവകുമാറിന്റെ അടുത്ത അനുയായിയാണ് മഞ്ജുനാഥ് ഗൗഡ. മുതിർന്ന നേതാക്കൾ ഇടപെട്ടാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്. 

Tags:    
News Summary - Karnataka Youth Congress factions clash during NEET protest meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.