കർണാടക ആർടിസി

ഗാന്ധി ജയന്തി അവധിയോടനുബന്ധിച്ച് 102 സ്പെഷ്യൽ ബസുകളുമായി കർണാടക ആർടിസി, കേരളത്തിലേക്ക് 19 സർവീസുകൾ

ബംഗളൂരു: ഗാന്ധി ജയന്തി അവധിയോടനുബന്ധിച്ച് നാട്ടിലേക്ക് പോകുന്നവരുടെ വൻ യാത്രാ തിരക്ക് കണക്കിലെടുത്ത് പ്രത്യേക ദീർഘദൂര ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കർണാടക ആർടിസി).

ബംഗളൂരുവിൽ നിന്ന് വിവിധ സംസ്ഥാനങ്ങളിലേക്കായി ആകെ 102 പ്രത്യേക ദീർഘദൂര സർവീസുകളാണ് കർണാടക ആർടിസി ഒരുക്കിയിരിക്കുന്നത്. ഒക്ടോബർ ഒന്നിന് ബുധനാഴ്ച വൈകുന്നേരത്തോടെയാണ് ഈ ബസുകൾ ബംഗളൂരുവിലെ പ്രധാന ബസ് സ്റ്റാൻഡുകളായ കെമ്പഗൗഡ ബസ് സ്റ്റേഷൻ (മെജസ്റ്റിക്), ശാന്തിനഗർ, മൈസൂരു റോഡ് സാറ്റലൈറ്റ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ നിന്ന് പുറപ്പെടുക.

ഗാന്ധി ജയന്തി ഒക്ടോബർ 2 വ്യാഴാഴ്ച ആയതിനാൽ തുടർച്ചയായി അവധി ലഭിക്കുമെന്നതിനാൽ നിരവധി പേരാണ് നാട്ടിലേക്ക് പോകാൻ ഒരുങ്ങുന്നത്. ഈ സാഹചര്യത്തിലാണ് അധിക ബസുകൾ അനുവദിച്ചിരിക്കുന്നത്. ഇതിൽ കേരളത്തിലേക്ക് മാത്രം 19 ബസുകളാണ് അനുവദിച്ചിരിക്കുന്നത്. മലയാളികൾ ഏറെയുള്ള ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള ടിക്കറ്റിനായി വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇത് കണക്കിലെടുത്താണ് കൂടുതൽ സർവീസുകൾ.

തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ എന്നിവിടങ്ങളിലേക്ക് മൂന്ന് സർവീസുകൾ വീതമാണ് ഉണ്ടാവുക. കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് രണ്ട് വീതം സർവീസുകളും പാലക്കാട്, മൂന്നാർ എന്നിവിടങ്ങളിലേക്കും രണ്ട് വീതം സർവീസുകൾ ഉണ്ടാകും. കോട്ടയത്തേക്ക് ഒരു പ്രത്യേക സർവീസും കർണാടക ആർടിസി പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിന് പുറമെ ചെന്നൈ, കോയമ്പത്തൂർ, മധുര, ഊട്ടി, കൊടൈക്കനാൽ, തിരുച്ചിറപ്പള്ളി, സേലം, തിരുവണ്ണാമലൈ, കുംഭകോണം, ആന്ധ്രയിലെ തിരുപ്പതി, വിജയവാഡ, ഗോവ, പുതുച്ചേരി, കർണാടകയിലെ ചിക്കമഗളൂരു, ഗോകർണം, ശൃംഗേരി തുടങ്ങിയ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും സ്പെഷ്യൽ സർവീസുകൾ ഉണ്ടാകും.

യാത്രക്കാരുടെ സൗകര്യാർത്ഥം എല്ലാ വിഭാഗത്തിലുള്ള ആഡംബര ബസുകളും പ്രത്യേക സർവീസിനായി ഉപയോഗിക്കുന്നുണ്ട്. നോൺ എസി സ്ലീപ്പർ, പല്ലാക്കി നോൺ എസി സ്ലീപ്പർ, രാജഹംസ എക്സിക്യൂട്ടീവ്, ഐരാവത്, ഐരാവത് ക്ലബ് ക്ലാസ്, അംബാരി ഡ്രീം ക്ലാസ് എസി സ്ലീപ്പർ, അംബാരി ഉത്സവ് എസി സ്ലീപ്പർ, അശ്വമേധ തുടങ്ങിയ ബസുകളാണ് സർവീസ് നടത്തുക. ടിക്കറ്റുകൾ കർണാടക ആർടിസിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.ksrtc.karnataka.gov.in വഴിയും കൗണ്ടറുകൾ വഴിയും മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. തിരക്ക് കൂടുതലായതിനാൽ യാത്രക്കാർ എത്രയും വേഗം ടിക്കറ്റുകൾ ബുക്ക് ചെയ്യണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. 

Tags:    
News Summary - Karnataka RTC Announces 102 Special Buses for Gandhi Jayanti Rush

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.