മുന മോദിക്കെതിരെ തിരിച്ച് കോൺഗ്രസ്; രാജി ആവശ്യപ്പെട്ട് തെരുവിലിറങ്ങും

ന്യൂഡൽഹി: എസ്.ഐ.ആർ ക്രമക്കേടിൽ പ്രതിഷേധം മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിൽ ഒതുക്കാതെ, ഇതിനായി സമ്മർദം ചെലുത്തിയ നരേന്ദ്ര മോദിയിലേക്കും അമിത്ഷായിലേക്കും സമരം വ്യാപിക്കാൻ തീരുമാനിച്ച് കോൺഗ്രസ് പ്രവർത്തക സമിതി.

തെരഞ്ഞെടുപ്പ് കമീഷനെ ഉപകരണമാക്കി വോട്ട് ചോരിയും തെരഞ്ഞെടുപ്പ് അട്ടിമറിയും നടത്തിയ നരേന്ദ്രമോദിയും, അമിത് ഷായും രാജിവെക്കണമെന്നും ആവശ്യപ്പെട്ടു. വോട്ടർപട്ടികയിൽ നിന്ന് പുറത്തായ സാധാരണക്കാരായ വോട്ടർമാരെ നേരിട്ടുകണ്ട് ബോധവത്കരണം നടത്താനും റാലികളും തെരുവ് സഭകളും സംഘടിപ്പിക്കാനും കോൺഗ്രസ് തീരുമാനിച്ചു.

ബുധനാഴ്ച നടക്കുന്ന ഇൻഡ്യ സഖ്യ യോഗത്തിൽ കൂടുതൽ സമര പരിപാടികളിലേക്ക് കടക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യും. പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും നിർദേശപ്രകാരം ഗ്യാനേഷ് കുമാർ വോട്ട് മോഷ്ടിക്കുകയാണ് ഉണ്ടായതെന്നും ഇവരുടെ രാജിയിലൂടെ മാത്രമേ ഭരണഘടനയുടെയും കഷ്ടപ്പെട്ട് നേടിയെടുത്ത ജനാധിപത്യത്തിന്റെയും സുരക്ഷ ഉറപ്പാക്കാൻ സാധിക്കൂവെന്നും യോഗത്തിൽ അവതരിപ്പിച്ച പ്രമേയം വ്യക്തമാക്കി. ആർ.എസ്.എസ്-ബി.ജെ.പി സഖ്യം തെരഞ്ഞെടുപ്പ് പ്രക്രിയ പിടിച്ചെടുക്കാൻ നടത്തുന്ന ശ്രമങ്ങളെ കോൺഗ്രസ് ചെറുക്കുമെന്നും പ്രമേയം പറയുന്നു.

യോഗത്തിൽ സംസാരിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കേവലം പാർലമെന്റിലെ എതിർപ്പു കൊണ്ട് മാത്രം കാര്യമില്ലെന്നും തെരുവിലിറങ്ങി ശക്തമായ പ്രക്ഷോഭം നയിക്കുക തന്നെ വേണമെന്നും ആവശ്യപ്പെട്ടു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അധ്യക്ഷത വഹിച്ച യോഗത്തിൽ വി.ഡി. സതീശനടക്കം പാർട്ടിയുടെ നാല് മുഖ്യമന്ത്രിമാർ ഉൾപ്പെടെ 68 അംഗങ്ങൾ പങ്കെടുത്തു.

Tags:    
News Summary - Congress Working Committee meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.