സംഭൽ സംഘർഷം: മുല്ല അഫ്രോസിനെതിരായ എൻ.എസ്.എ റദ്ദാക്കി സുപ്രീംകോടതി
ന്യൂഡൽഹി: സംഭൽ ജുമാമസ്ജിദ് സർവേക്കതിരെ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട സംഘർഷത്തിൽ മുഖ്യ സൂത്രധാരനെന്ന് ആരോപിച്ച് മുല്ല അഫ്രോസിനെ ദേശ സുരക്ഷാ നിയമം (എൻ.എസ്.എ) പ്രകാരം തടങ്കലിൽ വെച്ച നടപടി റദ്ദാക്കി സുപ്രീംകോടതി. കേസിൽ എൻ.എസ്.എ നിയമവിരുദ്ധമായി ദുരുപയോഗം ചെയ്തതിന് യു.പി സർക്കാറിന് കോടതി പത്ത് ലക്ഷം രൂപ പിഴ ചുമത്തി.
വ്യക്തിസ്വാതന്ത്ര്യം നിഷേധിക്കുന്നതിനുമുമ്പ് ഭരണകൂടം ബന്ധപ്പെട്ട വിവരങ്ങൾ പരിഗണിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് ദിപാങ്കർ ദത്ത, ജസ്റ്റിസ് ഷീൽ നാഗു എന്നിവരടങ്ങിയ ബെഞ്ചാണ് 2025 ഒക്ടോബറിൽ സംഭൽ ജില്ല മജിസ്ട്രേറ്റ് പുറപ്പെടുവിച്ച തടങ്കൽ ഉത്തരവ് റദ്ദാക്കിയത്. കുറ്റസമ്മത മൊഴിയുടെ മാത്രം അടിസ്ഥാനത്തിൽ മുൻകരുതൽ തടങ്കൽ ന്യായീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. അഫ്രോസ് പുറത്തിറങ്ങിയാൽ വീണ്ടും വർഗീയ കലാപത്തിന് ആഹ്വാനം ചെയ്യുമെന്നും പൊതുസമാധാനം തകരുമെന്നുമുള്ള യു.പി സർക്കാറിന്റെ വാദങ്ങൾ കോടതി പരിഗണിച്ചില്ല.
വ്യാജ ഏറ്റുമുട്ടലിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കുറ്റസമ്മതം നടത്താൻ നിർബന്ധിക്കുകയായിരുന്നുവെന്ന് അഫ്രോസിനുവേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു. 2024 നവംബറിൽ ഷാഹി ജുമാ മസ്ജിദിൽ നടന്ന സർവേയെ തുടർന്നുണ്ടായ സംഘർഷത്തിൽ അക്രമസംഭവങ്ങളിൽ നാല് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിന് ശേഷം 54 ദിവസങ്ങൾ കഴിഞ്ഞാണ് അഫ്രോസിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. കേസിൽ അലഹബാദ് ഹൈകോടതി ജാമ്യം അനുവദിച്ചു. പിന്നീട്, 2025 ഒക്ടോബർ 13ന് ജില്ല മജിസ്ട്രേറ്റ് എൻ.എസ്.എ ചുമത്തി ജയിലിലടക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.