വാഹനം മുതൽ വസ്തുകൈമാറ്റത്തിന്റെ വരെ ‘മതം’ വേണം; വിവാദമായി കേന്ദ്ര ഉന്നതാധികാര സമിതിയുടെ നിർദേശം
ന്യൂഡൽഹി: സംസ്ഥാനങ്ങളിലും രാജ്യത്തുതന്നെയും ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്ന നിർദേശവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ജനസംഖ്യ മാറ്റം സംബന്ധിച്ച സമിതി. കഴിഞ്ഞ 15 വർഷത്തെ ജനനം, വാഹന രജിസ്ട്രേഷൻ, സ്കൂൾ പ്രവേശനം, വസ്തു കൈമാറ്റം തുടങ്ങി എല്ലാത്തിലും മതം തിരിച്ചുള്ള കണക്കുകൾ കൈമറണമെന്നാണ് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിരിക്കുന്നത്. ജില്ലകളിലെ മത സ്ഥാപനങ്ങൾ, ആധാർ, വോട്ടർ ഐ.ഡി, റേഷൻ കാർഡ് രജിസ്ട്രേഷൻ എന്നിവയിലുമെല്ലാം മതം തിരിച്ചുള്ള കണക്കുകൾ നൽകണം. സംസ്ഥാന സർക്കാറുകൾക്ക് പുറമെ കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്.
വർഷങ്ങൾക്കിടെയുണ്ടായ മാറ്റങ്ങൾ കൃത്യമായി തേടുന്ന റിപ്പോർട്ടിൽ ജനസംഖ്യാമാറ്റം സംബന്ധിച്ച് സംസ്ഥാന സർക്കാറുകളുടെ വിലയിരുത്തലുകളും അറിയിക്കണം. 2011 മുതൽ ഗോത്രവർഗങ്ങൾക്കിടയിലെ മതാധിഷ്ഠിത കണക്കുകളും ചോദിക്കുന്നുണ്ട്. പരമാവധി ഔദ്യോഗിക രേഖകൾ ഉപയോഗിച്ച് ജില്ലതലത്തിൽ കണക്കുകൾ ശേഖരിക്കണമെന്നാണ് നിർദേശം.
പ്രാഥമികമായ അന്വേഷണം മാത്രമാണ് ആദ്യ ഘട്ടത്തിൽ തേടുകയെന്നും നിർബന്ധിക്കില്ലെന്നും പ്രമുഖ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ഇത്തരം വിഷയങ്ങളിൽ മതംതിരിച്ചുള്ള കണക്കുകൾ ഇതുവരെയും ലഭ്യമല്ലാത്തത് സംസ്ഥാനങ്ങളെ കുഴക്കും. ജനനം റിപ്പോർട്ട് ചെയ്യാൻ അനുവദിച്ച 21 ദിവസം കഴിഞ്ഞും ചെയ്യാത്ത സംഭവങ്ങളിൽ ഏതെങ്കിലും തരത്തിൽ തട്ടിപ്പ് ഉണ്ടോയെന്നും അന്വേഷിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ക്ഷേത്രങ്ങൾ, മസ്ജിദുകൾ, ചർച്ചുകൾ എന്നിവയെ കുറിച്ചും വിവരം നൽകണം.
വാഹനങ്ങളെ കുറിച്ചും വേർതിരിച്ച കണക്കുകൾ ചോദിക്കുന്നുണ്ട്. വാഹന രജിസ്ട്രേഷന് പുറമെ വാണിജ്യ വാഹന രജിസ്ട്രേഷനിൽ പെട്ടെന്നുള്ള വർധനയുണ്ടോയെന്നും അന്വേഷിക്കണം. ഗോത്രവർഗ മേഖലകളിലെ വസ്തു കൈമാറ്റത്തിന് പുറമെ സ്വകാര്യ, എയ്ഡഡ്, സർക്കാർ മേഖലകളിലെ വിദ്യാലയങ്ങളുടെയും മതം തിരിച്ച കണക്കുവേണം. ജസ്റ്റിസ് പ്രകാശ് പ്രഭാകർ അധ്യക്ഷനായ ഉന്നതാധികാര സമിതി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ജനസംഖ്യ മാറ്റങ്ങൾ പഠന വിധേയമാക്കും.
മതാടിസ്ഥാന ചോദ്യാവലി; വിമർശനവുമായി കോൺഗ്രസ്
ന്യൂഡൽഹി: രാജ്യത്ത് ‘അസ്വാഭാവിക ജനസംഖ്യാ മാറ്റങ്ങൾ’ സംബന്ധിച്ച് സമഗ്രമായി പഠിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയോഗിച്ച ഉന്നതതല സമിതി മതാടിസ്ഥാനത്തിലുള്ള വിവരങ്ങൾ ശേഖരിക്കുന്നതിൽ വിമർശനവുമായി കോൺഗ്രസ്.
ജനന-വാഹന രജിസ്ട്രേഷനുകൾ, സ്കൂൾ പ്രവേശനം, വസ്തു ഇടപാടുകൾ, ആരാധനാലയങ്ങളുടെ വിവരങ്ങൾ, ആധാർ, വോട്ടർ ഐ.ഡി, റേഷൻ കാർഡ് രജിസ്ട്രേഷൻ തുടങ്ങി കഴിഞ്ഞ 15 വർഷത്തെ മതാടിസ്ഥാനത്തിലുള്ള വിവരങ്ങൾ സംസ്ഥാന സർക്കാറുകളോട് സമിതി ആവശ്യപ്പെട്ടുവെന്ന റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് വിമർശനവുമായി രംഗത്തുവന്നത്. സുപ്രീംകോടതി റിട്ട. ജസ്റ്റിസ് പ്രകാശ് പ്രഭാകർ നവോലേക്കറിന്റെ നേതൃത്വത്തിലുള്ള സമിതിക്ക് വർഗീയത പരത്തുന്നതും മുൻവിധിയോടുകൂടിയതുമായ സമീപനമാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് ആരോപിച്ചു. നിഗൂഢ അജണ്ടയുണ്ടെന്നും ഇതിന്റെ റിപ്പോർട്ട് ഇതിനകം തയാറാക്കിക്കഴിഞ്ഞിരിക്കാമെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
മിക്ക സർക്കാർ വകുപ്പുകളും മതാടിസ്ഥാനത്തിൽ വിവരങ്ങൾ സൂക്ഷിക്കാറില്ലാത്തതിനാൽ സമിതി ചോദിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകാൻ സംസ്ഥാനങ്ങൾക്ക് സാധിക്കുന്നില്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഭരണഘടനയുടെ മതേതര സ്വഭാവം മുൻനിർത്തി ഇത്തരം വിവരശേഖരണം സാധാരണയായി നടത്താറില്ലെന്ന് സംസ്ഥാന ഉദ്യോഗസ്ഥർ പറഞ്ഞു.
അനധികൃത കുടിയേറ്റവും മറ്റ് ‘അസ്വാഭാവിക കാരണങ്ങളും’ മൂലം രാജ്യത്തിന്റെ ജനസംഖ്യാ ഘടനയിൽ സംഭവിക്കുന്ന മാറ്റങ്ങളും പഠിക്കുകയാണ് സമിതിയുടെ പ്രധാന ചുമതല. നിയമവിരുദ്ധ നുഴഞ്ഞുകയറ്റവും മറ്റ് അസ്വാഭാവിക കാരണങ്ങളും മൂലമുണ്ടാകുന്ന ജനസംഖ്യാ വ്യതിയാനം രാജ്യത്തിന്റെ പരമാധികാരത്തിനും സുരക്ഷക്കും വലിയ വെല്ലുവിളിയാണെന്ന് കഴിഞ്ഞ മേയിൽ സമിതിയെ നിയോഗിച്ചത് പ്രഖ്യാപിച്ച് അമിത് ഷായുടെ എക്സിൽ കുറിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.