സഹപ്രവർത്തകന്‍റെ വെടിയേറ്റ് നാല് സി.ഐ.എസ്.എഫ് ജവാൻമാർ കൊല്ലപ്പെട്ടു, സംഭവം ജമ്മു കശ്മീരിലെ കത്വയിൽ
ജമ്മു: ജമ്മു കശ്മീരിലെ കത്വ ജില്ലയിൽ സഹപ്രവർത്തകെന്റ വെടിവെപ്പിൽ അസിസ്റ്റന്റ് കമാൻഡന്റ് ഉൾപ്പെടെ നാല് സി.ഐ.എസ്.എഫ് ജവാൻമാർ കൊല്ലപ്പെട്ടു. സംഭവത്തിൽ പ്രതിയായ ഹെഡ് കോൺസ്റ്റബിൾ പിടിയിലായതായി ഉദ്യോഗസ്ഥർ അറിയിച്ചു.
ചൊവ്വാഴ്ച വൈകിട്ട് 7.30ഓടെ ഹിമാചൽ പ്രദേശ് അതിർത്തിക്കു സമീപം ബസോഹ്‍ലിയിലെ മാഷ്ക ഗ്രാമത്തിലുള്ള സേവ-3 ജലവൈദ്യുത പദ്ധതി പ്രദേശത്താണ് സംഭവം നടന്നത്. സഹപ്രവർത്തകരുമായുണ്ടായ തർക്കത്തെത്തുടർന്ന് ഹെഡ് കോൺസ്റ്റബിൾ അഭിദേഷ് കുമാർ സർവീസ് റൈഫിൾ ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റ നാല് പേരും സമീപത്തെ എൻ.എച്ച്.പി.സി ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരിച്ചു. അസിസ്റ്റന്റ് കമാൻഡന്റ് അങ്കിത് കുമാർ പാണ്ഡെ, സബ് ഇൻസ്പെക്ടർ ലക്ഷ്മൺ സിങ്, കോൺസ്റ്റബിൾമാരായ റഫീഖ് അഹമ്മദ്, സന്ദീപ് കുമാർ എന്നിവരാണ് മരിച്ചത്.
വെടിവെപ്പിന് പിന്നാലെ സഹപ്രവർത്തകർ പ്രതിയെ കീഴടക്കി കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ ഉപയോഗിച്ച സർവീസ് റൈഫിളും പിടിച്ചെടുത്തിട്ടുണ്ട്. സി.ഐ.എസ്.എഫിലെയും പൊലീസിലെയും ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. തർക്കത്തിലേക്കും വെടിവെപ്പിലേക്കും നയിച്ച സാഹചര്യം അന്വേഷിച്ചുവരികയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.