പ്രതീകാത്മക ചിത്രം 

എസ്.ഐ.ആർ കരട് വോട്ടർ പട്ടികയിൽ നിന്ന് വെട്ടിമാറ്റിയത് 13.3 കോടി പേരുകൾ; കനത്ത പ്രതിഷേധവുമായി പ്രതിപക്ഷം

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമീഷന്റെ സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ (എസ്.ഐ.ആർ) നടപടികൾക്കിടയിൽ കരട് വോട്ടർ പട്ടികയിൽ നിന്ന് ഇതുവരെ വെട്ടിമാറ്റിയത് 13.3 കോടി പേരുകളെന്ന് തെരഞ്ഞെടുപ്പ് കമീഷന്റെ ഡാറ്റ. ഇതിൽ 71.5 ശതമാനത്തോളം വരുന്ന (ഏകദേശം 9.5 കോടി) വോട്ടർമാരെയും സ്ഥലംമാറി പോയവർ, സ്ഥലത്തില്ലാത്തവർ അല്ലെങ്കിൽ മറ്റ് കാരണങ്ങൾ ചൂണ്ടിക്കാണിച്ചാണ് ഒഴിവാക്കിയിരിക്കുന്നത്. വോട്ടർ പട്ടിക ശുദ്ധീകരണത്തിന്റെ ഭാഗമായുള്ള ഈ വൻതോതിലുള്ള വെട്ടിച്ചുരുക്കൽ രാജ്യത്ത് കനത്ത രാഷ്ട്രീയ പോരിനും പ്രതിപക്ഷ പ്രതിഷേധത്തിനും വഴിവെച്ചിരിക്കുകയാണ്.

തെരഞ്ഞെടുപ്പ് കമീഷനിൽ നിന്ന് ലഭിക്കുന്ന ഡാറ്റകൾ പ്രകാരം 13.3 കോടി ആളുകളെയാണ് ആകെ ഇതുവരെയായി നീക്കം ചെയ്തിരിക്കുന്നത്. ഇതിൽ 9.5 കോടി (71.5%) പേർ സ്ഥലത്തില്ലാത്തവർ/സ്ഥിരമായി താമസം മാറിയവർ, മറ്റ് വിഭാഗങ്ങൾ എന്നിവരാണ്. 2.8 കോടി (21%) പേരാണ് മരണപ്പെട്ടവരുടെ പട്ടികയിലുള്ളത്. ഒന്നിലധികം ഇടങ്ങളിൽ വോട്ടർ പട്ടികയിൽ പേരുള്ളവർ 1.01 കോടി (7.5%) പേരുണ്ട്.

തെരഞ്ഞെടുപ്പ് കമീഷന്റെ ഡാറ്റ പ്രകാരം ആദ്യ മൂന്ന് ഘട്ടങ്ങളിലായി നടന്ന പരിശോധനകളുടെ വിശദാംശങ്ങൾ താഴെ പറയുന്നതാണ്:

  • ആദ്യ രണ്ട് ഘട്ടങ്ങൾ: 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി നടത്തിയ എസ്.ഐ.ആർ നടപടികളിൽ 7.2 കോടി പേരുകളാണ് ഒഴിവാക്കപ്പെട്ടത്. ഇതിൽ 5.01 കോടി പേർ സ്ഥലത്തില്ലാത്തവർ അല്ലെങ്കിൽ മറ്റ് കാരണങ്ങളാൽ ഒഴിവാക്കപ്പെട്ടവരാണ്. 1.7 കോടി പേർ മരണപ്പെട്ടവരും, 52.07 ലക്ഷം പേർ ഇരട്ട വോട്ടുള്ളവരുമാണ്.
  • മൂന്നാം ഘട്ടം: 18 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി നടന്ന മൂന്നാം ഘട്ടത്തിൽ 6.16 കോടി വോട്ടർമാരെ പട്ടികയിൽ നിന്ന് നീക്കം ചെയ്തു. ഇതിൽ 4.5 കോടി പേർ സ്ഥലത്തില്ലാത്തവരും, 1.1 കോടി പേർ മരണപ്പെട്ടവരും, 49.6 ലക്ഷം പേർ ഇരട്ട വോട്ടുള്ളവരുമാണ്.

പട്ടികയിൽ തിരിച്ചുകയറാനുള്ള വഴി

സ്ഥലത്തില്ലാത്തവർ, സ്ഥിരമായി താമസം മാറിയവർ അല്ലെങ്കിൽ മറ്റ് കാരണങ്ങളാൽ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട 9.5 കോടി വോട്ടർമാർക്ക് ഫോം-6 (Form-6) പൂരിപ്പിച്ച് നൽകി വീണ്ടും വോട്ടർ പട്ടികയിൽ ഇടംനേടാൻ അവസരമുണ്ട്. ഭരണഘടനാ വ്യവസ്ഥകൾ പ്രകാരം അർഹതയുണ്ടെങ്കിൽ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർക്ക് ഇവരെ വീണ്ടും പട്ടികയിൽ ഉൾപ്പെടുത്താം.

എന്നാൽ, ഇങ്ങനെ ഒഴിവാക്കപ്പെട്ടവരിൽ എത്രപേർ കൃത്യമായി ഫോം-6 സമർപ്പിച്ച് തിരികെ വോട്ടർ പട്ടികയിൽ ഇടംനേടി എന്നതുസംബന്ധിച്ച് ഔദ്യോഗികമായ ക്രോഡീകരിച്ച കണക്കുകൾ ലഭ്യമല്ല. മരിച്ചതായി രേഖപ്പെടുത്തിയ ചിലർ ജീവനോടെ രംഗത്തുവന്ന സംഭവങ്ങളും ഇതിനിടയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

പ്രതിപക്ഷത്തിന്റെ രൂക്ഷമായ പ്രതികരണം

13.3 കോടി വോട്ടർമാരുടെ പേരുകൾ യാതൊരു സുതാര്യതയുമില്ലാതെ വെട്ടിമാറ്റിയതിൽ കോൺഗ്രസും മറ്റ് പ്രതിപക്ഷ കക്ഷികളും കടുത്ത ആശങ്കയാണ് രേഖപ്പെടുത്തുന്നത്. ചൊവ്വാഴ്ച ചേർന്ന കോൺഗ്രസ് വർക്കിങ് കമ്മിറ്റി യോഗം വിഷയത്തിൽ സർക്കാറിനെയും തെരഞ്ഞെടുപ്പ് കമീഷനെതിരെയും ശക്തമായ പ്രമേയം പാസാക്കിയിട്ടുണ്ട്. വോട്ടർമാരുടെ മേൽ തങ്ങളുടെ യോഗ്യത തെളിയിക്കാനുള്ള അനാവശ്യ ഭാരം അടിച്ചേൽപ്പിക്കുന്നതാണ് എസ്.ഐ.ആർ നടപടിയെന്ന് സി.ഡബ്ല്യു.സി കുറ്റപ്പെടുത്തി.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് ഇത്തരത്തിലുള്ള അവ്യക്തമായ നടപടികളിലൂടെ ആരെല്ലാം വോട്ട് ചെയ്യണമെന്ന് തീരുമാനിക്കാൻ കഴിയില്ലെന്നും, വെട്ടിമാറ്റിയ 13.3 കോടി വോട്ടർമാരുടെ പേരുകൾ ഉടൻ തന്നെ പുനഃസ്ഥാപിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

Tags:    
News Summary - Election Commission Cuts 13.3 Crore Names in SIR Drive; Sparking Political Row

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.