അറബിക്കടലിൽ വൻ മയക്കുമരുന്ന് വേട്ട; 3,000 കോടിയിലധികം വിലവരുന്ന ലഹരിവസ്തുക്കളുമായി അഞ്ച് പാകിസ്താൻ പൗരന്മാർ അറസ്റ്റിൽ
ന്യൂഡൽഹി: ലക്ഷദ്വീപിന് സമീപം പടിഞ്ഞാറൻ അറബിക്കടലിൽ നടത്തിയ സംയുക്ത നീക്കത്തിൽ 3,000 കോടി രൂപയിലധികം വിലവരുന്ന മയക്കുമരുന്നുമായി ഇറാനിയൻ ബോട്ട് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്. ഗുജറാത്ത് ഭീകരവിരുദ്ധ സേനയും (ATS) കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും സംയുക്തമായി നടത്തിയ മിന്നൽ നീക്കത്തിലാണ് വൻ ലഹരിക്കടത്ത് തടഞ്ഞത്. സംഭവത്തിൽ ബോട്ടിലുണ്ടായിരുന്ന അഞ്ച് പാകിസ്താൻ സ്വദേശികളെ പിടികൂടിയിട്ടുണ്ട്.
കൃത്യമായ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കോസ്റ്റ് ഗാർഡ് കപ്പലുകളും വിമാനങ്ങളും അറബിക്കടലിൽ നിരീക്ഷണം ശക്തമാക്കിയത്. തുടർന്ന് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ ഇറാനിയൻ ബോട്ട് കോസ്റ്റ് ഗാർഡ് സംഘം പിന്തുടർന്ന് പിടികൂടുകയായിരുന്നു.
ബോട്ടിൽ നടത്തിയ പരിശോധനയിൽ 526 കിലോഗ്രാം വരുന്ന ഹെറോയിനും മെതാംഫെറ്റാമിനുമാണ് പിടിച്ചെടുത്തത്. അന്താരാഷ്ട്ര വിപണിയിൽ ഇതിന് 3,000 കോടി രൂപയിലധികം വിലവരും. പിടിയിലായ ബോട്ടും പാകിസ്ഥാൻ ക്രൂ അംഗങ്ങളെയും കൂടുതൽ ചോദ്യം ചെയ്യുന്നതിനായി മുംബൈയിലേക്ക് കൊണ്ടുവന്നു. തുടർന്ന് വിവിധ ഏജൻസികളുടെ നേതൃത്വത്തിൽ വിശദമായ അന്വേഷണവും നിയമനടപടികളും ഉണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി.
ഇന്ത്യയുടെ സമുദ്ര അതിർത്തികളുടെ സുരക്ഷ ശക്തമാക്കുന്നതിനും അന്താരാഷ്ട്ര തലത്തിലുള്ള മയക്കുമരുന്ന് കടത്തുകളും സംഘടിത കുറ്റകൃത്യങ്ങളും തടയുന്നതിനുമുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് ഈ വലിയ നടപടിയെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.