വാണിജ്യ നിക്ഷേപ സഹകരണം: നിർമല സീതാരാമൻ ഖത്തർ വിദേശ വ്യാപാരകാര്യ സഹമന്ത്രിയുമായി ചർച്ച നടത്തി

ദോഹ: ഖത്തറും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി നിക്ഷേപ കരാർ, സ്വതന്ത്ര വ്യാപാര കരാർ എന്നിവയുടെ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ താൽപര്യം പ്രകടിപ്പിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും ഖത്തർ ഫോറിൻ ട്രേഡ് സഹമന്ത്രി ഡോ. അഹമ്മദ് ബിൻ മുഹമ്മദ് അൽ സയീദും ദോഹയിൽ ചർച്ച നടത്തി. ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്കിന്റെ വാർഷിക ഉച്ചകോടിക്കിടെയാണ് ഇരുനേതാക്കളും ചർച്ച നടത്തിയത്. 

ഇതിനുപുറമെ, ഖത്തർ പ്രഖ്യാപിച്ച 10 ബില്യൺ ഡോളറിന്റെ നിക്ഷേപ പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ചും, ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ (ക്യു.ഐ.എ) ഓഫിസ് ഇന്ത്യയിൽ ആരംഭിക്കുന്നതിനെക്കുറിച്ചും ഇരുനേതാക്കളും ചർച്ച ചെയ്തു. ഭക്ഷ്യസുരക്ഷ, ഫാർമസ്യൂട്ടിക്കൽസ്, പെട്രോകെമിക്കൽസ്, വിദ്യാഭ്യാസം, ആരോഗ്യം, സ്റ്റാർട്ടപ്പുകൾ എന്നീ മേഖലകളിൽ ഇന്ത്യൻ കമ്പനികൾക്ക് ഖത്തറിൽ മികച്ച നിക്ഷേപ സാധ്യതകളുണ്ടെന്ന് അഹമ്മദ് ബിൻ മുഹമ്മദ് അൽ സയീദ് വ്യക്തമാക്കി.

ഇന്ത്യയിലെ തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, ഹൈവേകൾ, ഊർജമേഖല തുടങ്ങിയ അടിസ്ഥാനസൗകര്യ വികസന രംഗങ്ങളിൽ ഖത്തറിന്റെ അവസരങ്ങളെ കുറിച്ചും മന്ത്രി സൂചിപ്പിച്ചു. ഖത്തറുമായുള്ള വ്യാപാര -നിക്ഷേപ ബന്ധങ്ങൾക്ക് ഇന്ത്യ വലിയ പ്രാധാന്യമാണ് നൽകുന്നതെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു.

കഴിഞ്ഞവർഷം ഫെബ്രുവരിയിൽ ഖത്തർ അമീർ നടത്തിയ ഇന്ത്യ സന്ദർശനത്തോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം തന്ത്രപ്രധാനമായ പങ്കാളിത്തത്തിലേക്ക് ഉയർന്ന കാര്യവും മന്ത്രി വിശദീകരിച്ചു. ഹുർമുസ് കടലിടുക്ക് വഴി കപ്പൽ ഗതാഗതവും വാണിജ്യവും ഉറപ്പാക്കിക്കൊണ്ട് ഇന്ത്യയും ഖത്തറും തമ്മിലുള്ള വ്യാപാരബന്ധം സാധാരണ നിലയിലാക്കേണ്ടതിന്റെ ആവശ്യകത നിർമല സീതാരാമൻ എടുത്തുപറഞ്ഞു.

Tags:    
News Summary - Commercial investment cooperation: Nirmala Sitharaman holds talks with Qatar's Minister of State for Foreign Trade

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.