ഊർജ പ്രതിസന്ധിക്ക് പിന്നാലെ ഭക്ഷ്യപ്രതിസന്ധിയും?: 'വരും മാസങ്ങളിൽ വലിയ ഭക്ഷ്യക്ഷാമത്തിന് സാധ്യത'യെന്ന് എസ്. ജയശങ്കർ
ന്യൂയോർക്ക്:യുക്രെയ്ൻ യുദ്ധത്തിനും ഇറാൻ–ഗൾഫ് സംഘർഷത്തിനും പിന്നാലെ ലോകം നേരിടുന്ന വളം ക്ഷാമത്തിനൊപ്പം വരും മാസങ്ങളിൽ വലിയ ഭക്ഷ്യക്ഷാമത്തിനും സാധ്യതയുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ആഗോള ദക്ഷിണ മേഖലയിലെ രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥകൾ നിലവിൽ “വളരെ വളരെ സമ്മർദത്തിലായ സാഹചര്യത്തിലൂടെയാണ്” കടന്നുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ന്യൂയോർക്കിൽ ഏഷ്യ സൊസൈറ്റി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു ജയശങ്കർ. യുക്രെയ്ൻ സംഘർഷവും ഇറാൻ–ഗൾഫ് സംഘർഷവും ആഗോള ദക്ഷിണ മേഖലയിലെ സമ്പദ്‌വ്യവസ്ഥകളിൽ വലിയ പ്രത്യാഘാതം സൃഷ്ടിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
നിലവിലെ സാഹചര്യത്തിൽ ഊർജവിപണിയും വലിയ സമ്മർദത്തിലാണ്. എണ്ണവിതരണത്തിലെ അനിശ്ചിതത്വവും അതുമായി ബന്ധപ്പെട്ട രാഷ്ട്രീയ ഇടപെടലുകളും വില വർധനക്ക് കാരണമാകാമെന്നും അദ്ദേഹം പറഞ്ഞു.
ആഗോള സംഘർഷങ്ങൾക്കിടയിൽ ഭക്ഷ്യസുരക്ഷയിലും ആശങ്ക വർധിക്കുകയാണ്. പ്രധാന ധാന്യ കയറ്റുമതി രാജ്യങ്ങളിൽ ചിലർക്ക് കയറ്റുമതി നടത്താൻ കഴിയാത്ത സാഹചര്യമുണ്ടാകാമെന്ന് ജയശങ്കർ പറഞ്ഞു. പ്രത്യേകിച്ച് കരിങ്കടൽ മേഖലയിലൂടെയുള്ള ധാന്യ കയറ്റുമതി സംഘർഷങ്ങളെ തുടർന്ന് തടസ്സപ്പെടാനുള്ള സാധ്യതയുണ്ട്.
പ്രധാന വളം ഉൽപാദകരായ പശ്ചിമേഷ്യയിലെയും റഷ്യയിലെയും ഉൽപാദനത്തെ സംഘർഷങ്ങൾ ബാധിച്ചതോടെ ആഗോളതലത്തിൽ വളം ലഭ്യത കുറയാനുള്ള സാധ്യതയുണ്ട്. വളം ക്ഷാമം കാർഷിക ഉൽപാദനത്തെയും തുടർന്ന് ഭക്ഷ്യവിതരണത്തെയും ബാധിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഇതിനൊപ്പം സൂപ്പർ എൽ നിനോ പോലുള്ള കാലാവസ്ഥാ സാഹചര്യങ്ങൾ കൂടി ഉണ്ടായാൽ ഭക്ഷ്യപ്രതിസന്ധി കൂടുതൽ രൂക്ഷമാകാമെന്നും ജയശങ്കർ മുന്നറിയിപ്പ് നൽകി.
ഊർജ ക്ഷാമത്തിനൊപ്പം ഭക്ഷ്യവസ്തുക്കളുടെയും വളത്തിന്റെയും ക്ഷാമവും സാമ്പത്തിക പ്രതിസന്ധിയും കൂടിയെത്തുന്നത് ആഗോള ദക്ഷിണ മേഖലയിലെ രാജ്യങ്ങളെ കടുത്ത സമ്മർദത്തിലാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സംഘർഷസാഹചര്യങ്ങളിൽ നിക്ഷേപം സുരക്ഷിതമെന്ന് കരുതുന്ന വിപണികളിലേക്ക് മാറുന്നതിനാൽ ആഗോള ദക്ഷിണ മേഖലയിലെ രാജ്യങ്ങളിൽ നിന്ന് ധനപ്രവാഹം പുറത്തേക്ക് പോകുന്നതും പ്രശ്നം രൂക്ഷമാക്കുന്നുവെന്ന് ജയശങ്കർ ചൂണ്ടിക്കാട്ടി.
അടിസ്ഥാന ആവശ്യങ്ങൾക്കായി ആശ്രയിക്കുന്ന രാജ്യങ്ങളെ പ്രതിസന്ധിയിലാക്കുന്ന തരത്തിൽ രാജ്യങ്ങൾ സ്വന്തം താൽപര്യങ്ങൾ മാത്രം മുൻനിർത്തിയുള്ള തീരുമാനങ്ങൾ എടുക്കുന്നത് ഒഴിവാക്കണമെന്നും ജയശങ്കർ പറഞ്ഞു. യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ ഉണ്ടായ ഊർജപ്രതിസന്ധി അയൽരാജ്യങ്ങളിൽ രാഷ്ട്രീയ അസ്ഥിരതക്ക് കാരണമായതായി കണ്ടിട്ടുണ്ടെന്നും ഇറാൻ–ഗൾഫ് മേഖലയിലെ നിലവിലെ സംഘർഷങ്ങൾ സ്ഥിതി കൂടുതൽ രൂക്ഷമാക്കുമോ എന്നത് ആശങ്കയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.