പേറ്റാരു ഗൊല്ലപള്ളി

വിവാഹമോചന കേസിൽ 20 ലക്ഷം രൂപ ജീവനാംശം ആവശ്യപ്പെട്ട് ഭാര്യ; യുവാവ് ആത്മഹത്യ ചെയ്തു

ഹുബ്ബള്ളി (കർണാടക): ഭാര്യയുടെ പീഡനത്തെത്തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു. വിവാഹമോചന കേസിൽ ജീവനാംശമായി 20 ലക്ഷം രൂപ ഭാര്യ ആവശ്യപ്പെട്ടതാണ് ആത്മഹത്യക്ക് കാരണമെന്ന് യുവാവിന്റെ കുടുംബം ആരോപിച്ചു.

സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ പേറ്റാരു ഗൊല്ലപള്ളിയെ ജനുവരി 26ന് വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. തന്റെ മരണത്തിന് ഭാര്യ ഫീബയാണ് കാരണക്കാരി എന്ന് വിശദീകരിക്കുന്ന ആത്മഹത്യകുറിപ്പും സംഭവ സ്ഥലത്തുനിന്ന് ലഭിച്ചു. പിന്നാലെ, സഹോദരൻ ഈഷയ്യ ഗൊല്ലപ്പള്ളി അശോക് നഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് സെക്ഷൻ 108 (ആത്മഹത്യ പ്രേരണ) പ്രകാരം ഫീബക്കെതിരെ പൊലീസ് കേസെടുത്തു.

രണ്ട് വർഷം മുമ്പാണ് പേറ്റാരുവും ഫീബയും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷം നിരന്തര വഴക്കിനെത്തുടർന്ന് ഇരുവരും വേർപിരിയാൻ തീരുമാനിക്കുകയായിരുന്നു.

പേറ്റാരുവിന്‍റെയും സ്വകാര്യ സ്‌കൂൾ അധ്യാപികയായ ഫീബയുടെയും വിവാഹമോചന ഹരജി കോടതിയുടെ പരിഗണനയിലാണ്. തിങ്കളാഴ്ച കോടതിയിൽ വാദം കേൾക്കുകയും ഫീബ 20 ലക്ഷം രൂപ ജീവനാംശമായി ആവശ്യപ്പെടുകയും ചെയ്തുവെന്ന് അവരുടെ അഭിഭാഷകൻ വെളിപ്പെടുത്തി. ഇതാണ് പേറ്റാരുവിനെ അസ്വസ്ഥനാക്കിയതെന്ന് അദ്ദേഹത്തിന്‍റെ കുടുംബം ആരോപിക്കുന്നു.

ആത്മഹത്യക്കുറിപ്പിൽ, പേറ്റാരു പിതാവിനോട് ക്ഷമാപണം നടത്തുകയും മാതാപിതാക്കളെ പരിപാലിക്കാൻ സഹോദരനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഭാര്യയുടെ പീഡനം മൂലമാണ് താൻ മരിച്ചതെന്ന് വീട്ടുകാർ വെളിപ്പെടുത്തണമെന്നും അദ്ദേഹം കുറിപ്പിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേർത്തു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

Tags:    
News Summary - Karnataka man dies by suicide alleging harassment by wife

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.