കർണാടകയിലേക്ക് കേരളമടക്കം നാലു സംസ്ഥാനങ്ങളിൽനിന്ന് പ്രവേശന വിലക്ക്

ബംഗളൂരു: കർണാടകയിൽ ആശങ്ക ഉയർത്തി കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയർന്നതോടെ നാലു സംസ്ഥാനങ്ങളിൽനിന്ന് എത്തുന്നവർക്ക് പ്രവേശനം വിലക്കി. മഹാരാഷ്​​ട്ര, ഗുജറാത്ത്, തമിഴ്നാട്, കേരളം എന്നിവിടങ്ങളിൽനിന്നും കർണാടകയിലേക്ക് എത്തുന്നവർക്കാണ് മേയ് 31വരെ താത്കാലിക വിലക്ക് ഏർപ്പെടുത്തിയത്.


നിലവിൽ സംസ്ഥാനത്തേക്ക് മടങ്ങാൻ സേവാ സിന്ധു വെബ്സൈറ്റ് വഴിയുള്ള കർണാടകയുടെ പാസുകൾ ലഭിച്ചിട്ടുള്ളവർക്ക് മടങ്ങിയ എത്തുന്നതിൽ തടസമില്ല. മറ്റു അടിയന്തര സാഹചര്യമുള്ളവർക്കും അവശ്യ സർവീസുകൾക്കും ഒഴികെയുള്ളവർക്ക് പ്രവേശാനുമതി നൽകില്ലെന്ന് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ പറഞ്ഞു. ഘട്ടം ഘട്ടമായിട്ടായിരിക്കും ആളുകളെ പിന്നീട് പ്രവേശിപ്പിക്കുക. മുബൈ, ആന്ധ്രാ പ്രദേശ്, ചെന്നൈ, ഗുജറാത്ത് എന്നിവിടങ്ങളിൽനിന്ന് എത്തിയവരിലൂടെ രോഗികളുടെ എണ്ണം ഉയർന്നതോടെയാണ് നിയന്ത്രണം കടുപ്പിച്ചത്. എന്നാൽ, കേരളത്തിൽനിന്നും മടങ്ങിയെത്തിയ ഒരാൾക്കും പോലും ഇതുവരെ കർണാടകയിൽ കോവിഡ് സ്ഥിരീകരിച്ചിട്ടില്ല.

നാലാം ഘട്ട ലോക്ക് ഡൗണിൽ ഇരു സംസ്ഥാനങ്ങളുടെയും പരസ്പര സമ്മതത്തോടെ അന്തർ സംസ്ഥാന ഗതാഗതം അനുവദിക്കാമെന്ന് കേന്ദ്രം അറിയിച്ചതിന് പിന്നാലെയാണ് കർണാടകയുടെ നടപടി. കർണാടകയിൽനിന്നും മറ്റു സംസ്ഥാനങ്ങളിലേക്ക് മടങ്ങുന്നവർക്ക് നിയന്ത്രണം ബാധകമാകില്ല. മറ്റു സംസ്ഥാനങ്ങളിൽനിന്നും കർണാടക വഴി കേരളത്തിലേക്ക് ഉൾപ്പെടെ പോകുന്നവരെയും ഈ തീരുമാനത്തിലൂടെ തടയാനാകില്ല.

Tags:    
News Summary - Karnataka Lockdown Order Bans People From Four States -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.