ഇനി ദീപക് മിശ്രയുടെ ബെഞ്ചിൽ കേസ് വാദിക്കില്ല: കപിൽ സിബൽ

ന്യൂഡൽഹി: ഇന്ന് മുതൽ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ബെഞ്ചിന് മുന്നിൽ കേസ് വാദിക്കില്ലെന്ന് കോൺഗ്രസ് നേതാവും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബൽ. തന്‍റെ പ്രഫഷന്‍റെ നിലവാരം കാത്തുസൂക്ഷിക്കാനാണ് ഇത്തരത്തിലൊരു തീരുമാനമെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

'നാളെ മുതൽ ഞാൻ ജസ്റ്റിസ് ദീപക് മിശ്രയുടെ ബെഞ്ചിൽ ഹാജരാകില്ല. അദ്ദേഹം റിട്ടയർ ചെയ്യുന്നതുവരെ ഹാജരാകില്ല. എന്‍റെ പ്രഫഷന്‍റെ നിലവാരവും വിശുദ്ധിയും കാത്തു സൂക്ഷിക്കാനാണിത്. ചീഫ് ജസ്റ്റിസ് പദവിയെ സംബന്ധിച്ച് ഇത്രയധികം ആരോപണങ്ങളുയർന്നിട്ടും നിഷ്പക്ഷത പാലിക്കാൻ അദ്ദേഹം തയ്യാറാകാത്തത്  നീതിക്ക് നിരക്കുന്നതല്ല' എന്നും കപിൽ സിബൽ പറഞ്ഞു.

'ഇംപീച്ച് മെന്‍റ് പ്രമേയത്തിൽ ഒപ്പിടാനായി തങ്ങൾ പി.ചിദംബരത്തോടും ചില അംഗങ്ങളോടും ആവശ്യപ്പെട്ടില്ല. കാരണം പി. ചിദംബരം ഉൾപ്പെടുന്ന കേസുകൾ ചീഫ് ജസ്റ്റിസിന്‍റെ പരിഗണനയിലാണ് ഇപ്പോൾ. ചിദംബരത്തിന് വേണ്ടി ഹാജരാകുന്നത് ഞാനാണ്. ചിദംബരത്തിനുവേണ്ടി ഹാജരാകാൻ കഴിയാത്തത് അദ്ദേഹത്തിന് നഷ്ടമുണ്ടാക്കുമെന്നും എനിക്കറിയാം.' സിബൽ പറഞ്ഞു.

കാർത്തി ചിദംബരം ഉൾപ്പെടുന്ന കേസും അയോധ്യ കേസ് എന്നിങ്ങനെ സിബൽ വാദിക്കുന്ന പല കേസുകളും നിലവിൽ ജസ്റ്റിസ് ദീപക് മിശ്രയുടെ ബെഞ്ചിലാണ്. അതിനാലാണ് തന്‍റെ സഹപ്രവർത്തകർ ജസ്റ്റിസ് ദീപക് മിശ്രയുടെ ബെഞ്ചിൽ ഹാജരാകുന്നതെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി സിബൽ പറഞ്ഞു.

കോൺഗ്രസ് നേതാവായ കപിൽ സിബൽ സുപ്രീംകോടതിയിൽ ധാരാളം കൈകാര്യം ചെയ്യുന്ന മികച്ച അഭിഭാഷകനാണ്. അദ്ദേഹം ഹാജരായിട്ടുള്ള നിരവധി കേസുകൾ ചീഫ് ജസ്റ്റിന്‍റെ ബെഞ്ചിൽ തീർപ്പാകാനിരിക്കെ കൈകൊണ്ട തീരുമാനം ഏവരേയും അമ്പരപ്പിച്ചു. 

Tags:    
News Summary - Kapil Sibal says will not appear in court of CJI Dipak Misra from today-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.